ന്യൂഡൽഹി: പാകിസ്താനിലെ കറാച്ചി തുറമുഖത്ത് ആറുമാസത്തിലേറെയായി കുടുങ്ങിക്കിടക്കുകയാണ് ഉത്തർപ്രദേശ് സ്വദേശിയായ വിനീത് കിഷോർ മിശ്ര ഉൾപ്പെടെയുള്ള ആറ് ഇന്ത്യക്കാർ. കപ്പൽ ജീവനക്കാരായ ഇവർ എപ്പോൾ നാട്ടിലെത്തുമെന്നതിൽ ഒരു വ്യക്തതയുമില്ല.
ഭർത്താവ് വിനീതിനെ സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ നേഹ മിശ്ര ഇനി മുട്ടാത്ത വാതിലുകളില്ല, സമീപിക്കാത്ത ഓഫീസുകളുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ എന്നിവരോടടക്കം അപേക്ഷിച്ചുകഴിഞ്ഞു.
ഫെബ്രുവരി 25-നാണ് ‘കെവർ’ എന്ന ഇറാനിയൻ ചരക്കുകപ്പലിൽ വിനീത് ചീഫ് ഓഫീസറായി ജോലിയിൽ കയറിയത്. ഇറാനും ഒമാനും ഉൾപ്പെടുന്ന സമുദ്രപാതകളിലൂടെ സഞ്ചരിച്ച കപ്പൽ ഏപ്രിൽ 17-ന് കറാച്ചി തുറമുഖത്തെത്തിയതോടെയാണ് ഈ ആറ് ഇന്ത്യക്കാരുടെ ദുരന്തം ആരംഭിച്ചത്.
ആറുമാസം കഴിഞ്ഞിട്ടും ഇവർക്ക് നാട്ടിലേക്ക് മടങ്ങാനായിട്ടില്ല. ആറുമാസത്തെ കരാറിലാണ് വിനീത് കപ്പലിൽ ജോലിക്ക് കയറിയത്. ഓഗസ്റ്റിൽ കരാർ അവസാനിച്ചു. വിസയുടെ കാലാവധിയും കഴിഞ്ഞു. എന്നിട്ടും കപ്പലിൽനിന്ന് ഔദ്യോഗികമായി ജോലിയിൽനിന്ന് ഒഴിവാക്കുന്ന ‘സൈൻ ഓഫ്’ പൂർത്തിയായിട്ടില്ലെന്ന് നേഹ പറയുന്നു. കപ്പലിൽനിന്ന് പുറത്തിറങ്ങാൻപോലും അനുമതിയില്ലെന്നും അവർ പറയുന്നു.
യു.പി. പ്രയാഗ്‌രാജ് സ്വദേശിയായ വിനീതിനെക്കാത്ത് രണ്ട് മക്കളുണ്ട് വീട്ടിൽ. ‘അമ്മേ, അച്ഛൻ എപ്പോഴാണ് വരിക’ എന്ന് അവർ ഇടയ്ക്കിടെ ചോദിക്കും. അച്ഛൻ വരുമെന്ന് മാത്രം പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് നേഹ പറയുന്നു. പതിനഞ്ചോ ഇരുപതോ ദിവസം കൂടുമ്പോഴാണ് നേഹയ്ക്ക് ഭർത്താവുമായി ഫോണിൽ സംസാരിക്കാൻ ലഭിക്കുന്ന ഏക അവസരം. അതുതന്നെ ഒന്നോ രണ്ടോ മിനിറ്റ്. ഒന്ന് മനസ്സറിഞ്ഞ് സംസാരിച്ചുവരുമ്പോഴേക്ക് അനുമതി കഴിയും. ഈ രണ്ട് മിനിറ്റ് കോളിലൂടെയാണ് കപ്പലിലെ ദുരിതജീവിതത്തെക്കുറിച്ചറിയുന്നത്.
കഴിഞ്ഞ മൂന്നുമാസമായി കപ്പലിൽ വൈദ്യുതിയില്ലാത്ത അവസ്ഥയാണെന്ന് നേഹ പറയുന്നു. ഭക്ഷണവും കുടിവെള്ളവും വളരെക്കുറച്ചേ ലഭിക്കുന്നുള്ളൂ. രാവിലെ രണ്ട് ബിസ്‌കറ്റ്. ഉച്ചഭക്ഷണം ലഭിക്കുക വൈകീട്ട് നാലുമണിക്ക്. രാത്രി ഭക്ഷണം കിട്ടണമെങ്കിൽ ഏകദേശം രാത്രി 11 മണിയാവും. വൈദ്യുതിയുമില്ല. ഇരുട്ടിലാണ് അവർ കഴിയുന്നതെന്ന് വിനീതിന്റെ പിതാവ് ലളിത് കിഷോർ മിശ്ര പറയുന്നു.
വിനീതിനെ നാട്ടിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന ഓഫീസുകളിലെല്ലാം കയറിയിറങ്ങുന്നുണ്ടെങ്കിലും സഹായിക്കാമെന്ന വാഗ്ദാനംമാത്രമാണ് ലഭിക്കുന്നത്. നടപടികളുണ്ടാവുന്നില്ല. രണ്ട് ചെറിയ കുട്ടികൾ അച്ഛനെ ഓർത്ത് കരയുകയാണെന്നും നേഹ പറയുന്നു.
പാകിസ്താനിലെ ഇന്ത്യൻ എംബസിയെയും വിവരമറിയിച്ചിട്ടുണ്ടെങ്കിലും അവിടെനിന്നും സഹായം ലഭിച്ചില്ലെന്നാണ് ആരോപണം. പിന്നാലെയാണ് കഴിഞ്ഞദിവസം ഡൽഹിയിലെത്തിയത്. കഴിഞ്ഞ നാലുദിവസമായി പ്രധാനമന്ത്രിയുടെ ഓഫീസും രാഷ്ട്രപതിയുടെ ഓഫീസും വിദേശകാര്യ മന്ത്രാലയവും കയറിയിറങ്ങുകയാണ് ഈ കുടുംബം.
ഇറാനിലെ ഒരു കമ്പനിയും കറാച്ചി തുറമുഖ അധികൃതരും തമ്മിലുണ്ടായ തർക്കത്തെത്തുടർന്നാണ് കപ്പൽ തുറമുഖത്തെത്തിയ ഉടൻ പിടിച്ചെടുത്തതെന്നാണ് കുടുംബം പറയുന്നത്. തുടർന്ന് കപ്പലിലേക്കുള്ള വൈദ്യുതിവിതരണം വിച്ഛേദിച്ചു. കപ്പലിലുണ്ടായിരുന്ന എല്ലാവരുടെയും പാസ്പോർട്ടുകളും പിടിച്ചെടുത്തതായാണ് ആരോപണം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
