ചേരാനല്ലൂരിലെ പോലീസ് വീഴ്ച: കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ തെറിച്ചു, ആര്‍.നിശാന്തിനിക്ക് ചുമതല

News Desk
1 Min Read

തിരുവനന്തപുരം: ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ അമിതവേഗത്തിലോടിച്ച കാറിടിച്ച് തട്ടുകടയുടമ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നടപടികളുമായി ആഭ്യന്തരവകുപ്പ്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാറിനെ മാറ്റി. പകരം ആര്‍.നിശാന്തിനിക്കാണു ചുമതല നല്‍കിയിരിക്കുന്നത്.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരമാണു നടപടി. സംഭവത്തിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് നാല് പൊലീസ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സിറ്റി പൊലീസ് കമ്മിഷണറും തെറിച്ചത്. 

അപകടമുണ്ടാക്കിയ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കു ജാമ്യം ലഭിക്കാനാകുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തി ആദ്യം കേസെടുത്തതു ഗുരുതര വീഴ്ചയാണെന്ന് എഡിജിപി പി.വിജയന്‍ ഇന്നലെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സിറ്റി പൊലീസ് കമ്മിഷണര്‍ എന്ന നിലയില്‍ സംഭവത്തില്‍ ഇടപെടുന്നതില്‍ കാളിരാജ് മഹേഷ് കുമാറിനു വീഴ്ചയുണ്ടായെന്ന് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രതി ജഡ്ജിയുടെ മകനായ സാഹചര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സമ്മര്‍ദമുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് കമ്മിഷണര്‍ ശക്തമായ ഇടപെടല്‍ നടത്തേണ്ടിയിരുന്നുവെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തല്‍. 

സംഭവത്തില്‍ പ്രതിക്കു പെട്ടെന്നു തന്നെ ജാമ്യം ലഭിച്ചത് പൊലീസിന്റെ ഒത്തുകളിയാണെന്ന് വിമര്‍ശനം ഉയരുകയും നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ സര്‍ക്കാരിനെയും ആഭ്യന്തരവകുപ്പിനെയും അതു പ്രതിസന്ധിയിലാക്കുകയും ചെയ്തുവെന്ന ആക്ഷേപവും ഉണ്ട്. ഈ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രി ഡിജിപിയുമായി സംസാരിച്ച് നടപടിക്കു നിര്‍ദേശിച്ചത്.

ചേരാനല്ലൂര്‍ സിഐ കെ.എസ്.ശ്യാംകുമാര്‍, എസ്‌ഐ വി.എസ്.വിശ്വജിത്ത്, ഗ്രേഡ് എഎസ്‌ഐ കെ.ടി.മനോജ്, സീനിയര്‍ സിപിഒ അരുണ്‍ ജോഷി എന്നിവരെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഞായറാഴ്ചയാണ് പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് തട്ടുകട ഉടമയായ ജയബാലകൃഷ്ണന്‍ മരിച്ചത്.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!