ടെൽഅവീവ്: തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ ആക്രമിക്കാന്‍ നെതന്യാഹു സമ്മര്‍ദ്ദം ചെയ്തെന്ന റിപ്പോര്‍ട്ട് തള്ളി ഇസ്രയേൽ. തെരഞ്ഞെടുപ്പ് മുന്നോടിയായി ഇറാനുമായുള്ള സംഘര്‍ഷം വീണ്ടും ആളിക്കത്തിക്കാന്‍ സാധ്യതയുള്ള ഒരു ‘നടപടി’ നടത്താന്‍ നെതന്യാഹു ഇസ്രയേല്‍ പ്രതിരോധ സേനയോട് ആവശ്യപ്പെട്ടന്ന റിപ്പോര്‍ട്ട് തള്ളിയാണ് ഇസ്രയേൽ പ്രതിരോധ സേന പ്രതികരിച്ചത്.
വിഷയത്തില്‍ നെതന്യാഹുവും ഇസ്രയേല്‍ സൈനിക മേധാവിയും വിയോജിച്ചെന്ന റിപ്പോര്‍ട്ടും ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) തള്ളി. ചാനല്‍ 12 അടക്കമുള്ള ഇസ്രയേലി മാധ്യങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്. തുടര്‍ന്ന് നെതന്യാഹുവിന്റെ ഓഫീസും റിപ്പോര്‍ട്ടുകള്‍ തള്ളി രംഗത്തെത്തിയിരുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ ആക്രമിക്കാന്‍ തീരുമാനിച്ചില്ലെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി വ്യക്തമാക്കിയത്. ഇറാന്‍ ആക്രമിച്ചാല്‍ മാത്രം തിരിച്ചടി ഉണ്ടാകുമെന്നും ഇസ്രയേല്‍ കാറ്റ്‌സ് കൂട്ടിച്ചേർത്തു. എക്‌സ് പോസ്റ്റ് പങ്കുവെച്ചാണ് ഇസ്രയേല്‍ കാറ്റ്‌സ് പ്രതികരിച്ചത്. പ്രചരിക്കുന്ന വാര്‍ത്തകള്‍ ‘പൂര്‍ണ്ണമായും അടിസ്ഥാനരഹിതവും വ്യാജവുമാണ്’ എന്നാണ് കാറ്റ്സ് പറയുന്നത്.
ഇസ്രയേല്‍ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെതിരായ സംയുക്ത ആക്രമണത്തിനുള്ള നീക്കം ഡോണള്‍ഡ് ട്രംപ് അംഗീകരിച്ചില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. യു എസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാനെതിരെ യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തിന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് രണ്ട് യുഎസ് ഉദ്യോഗസ്ഥരെയും ഒരു ഇസ്രായേലി സുരക്ഷാ സ്രോതസ്സിനെയും ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇസ്രയേലിൽ നാളെ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ റിപ്പോർട്ടുകൾ വിവാദമാകുന്നത് . 120 അംഗ പാർലമെൻ്റിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇറാൻ യുദ്ധം, പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയ നിരവധി വിഷയങ്ങൾ ബെഞ്ചമിൻ നെതന്യാഹുവിനെ പ്രതിക്കൂട്ടിൽ നിർത്തി ഇസ്രയേൽ പൊതുതെരഞ്ഞെടുപ്പിൽ ഇതിനകം ചർച്ചയായിട്ടുണ്ട്. സുരക്ഷാ വീഴ്ചകളുടെ പേരിലും രാജ്യത്ത് കടുത്ത വിമർശനങ്ങളാണ് ബെഞ്ചമിൻ നെതന്യാഹു നേരിടുന്നത്. എന്നാൽ ഇറാൻ യുദ്ധത്തിൻ്റെ വൈകാരികത പരമാവധി വോട്ടാക്കിമാറ്റാനുള്ള നീക്കങ്ങളാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തുന്നത്. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ ടെൽ അവീവിൽ ആണവ ആക്രമണം നടത്തുന്നതിൻ്റെ ചിത്രം ബെഞ്ചമിൻ നെതന്യാഹു പങ്കുവെച്ചത് ഇതിൻ്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
