തിരുവനന്തപുരം: കഴക്കൂട്ടത്ത് കൊച്ചുകുട്ടിയെ മടിയിലിരുത്തി സ്റ്റിയറിങ്ങിൽ പിടിപ്പിച്ച് അമിതവേഗതയിൽ കാറോടിച്ച ആളിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികളുമായി മോട്ടർ വാഹന വകുപ്പ്. കാർ ഓടിച്ച വള്ളക്കടവ് സ്വദേശി സൈനലുബ്ദീനെ ആർടി ഓഫിസിൽ വിളിച്ചു വരുത്തി നോട്ടിസ് നൽകി.
മകന്റെ കുഞ്ഞിനെ മടിയിലിരുത്തി ഇദ്ദേഹം കഴക്കൂട്ടം എയർപോർട്ട് റോഡിലെ മേൽപ്പാലത്തിലൂടെ കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അപകടകരമായി വാഹനമോടിച്ചതിനും കുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ പ്രവർത്തിച്ചതിനും സൈനലുബ്ദീനു നോട്ടിസ് നൽകിയതായി കഴക്കൂട്ടം ജോയിന്റ് ആർടിഒ ഡി.കെ.സുദീപ് പറഞ്ഞു.
സൈനലുബ്ദീന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും. കൂടാതെ എടപ്പാളോ കൊല്ലത്തോ മൂന്നു ദിവസത്തെ ഐഡിടിആർ ക്ലാസിൽ പങ്കെടുക്കാനും നിർദേശം നൽകും. യാത്രയ്ക്കിടെ കുട്ടി കരഞ്ഞപ്പോൾ മടിയിൽ എടുത്തു വച്ചതാണെന്നാണ് സൈനലുബ്ദീൻ പറഞ്ഞത്.
എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു. വാഹനമോടിക്കുമ്പോൾ ഡ്രൈവറുടെ ശ്രദ്ധ തെറ്റുന്ന ഒരു കാര്യവും ചെയ്യാൻ പാടില്ലെന്ന് ജോയിന്റ് ആർടിഒ ഡി.കെ.സുദീപ് പറഞ്ഞു. അതിനു പുറമേ കുഞ്ഞിന്റെ ജീവനും ഭീഷണിയുണ്ടായിട്ടുണ്ട്. കുഞ്ഞ് മടിയിലിരിക്കുമ്പോൾ പെട്ടെന്നു ബ്രേക്ക് ചെയ്യേണ്ടിവന്നാൽ മുന്നോട്ടാഞ്ഞ് കുഞ്ഞിനെ സ്റ്റിയറിങ്ങിൽ വച്ച് അമർത്തുന്ന നിലയുണ്ടാകും. കുഞ്ഞ് പെട്ടെന്ന് താഴേക്ക് ഊർന്നിറങ്ങിയാൽ കാർ നിയന്ത്രണം തെറ്റി മേൽപ്പാലത്തിൽനിന്ന് താഴേക്കു പതിക്കാനും സാധ്യതയുണ്ടായിരുന്നുവെന്നും ജോയിന്റ് ആർടിഒ പറഞ്ഞു. മൂന്നു വയസുള്ള കുഞ്ഞിനെ പ്രത്യേകം സജ്ജീകരിച്ച സീറ്റിലിരുത്തി യാത്ര ചെയ്യണമെന്നാണ് വ്യവസ്ഥയെന്നും അധികൃതർ വ്യക്തമാക്കി.
ഇന്നു രാവിലെയാണ് കഴക്കൂട്ടം എയർപോർട്ട് റോഡിലെ മേൽപ്പാലത്തിലൂടെ കുഞ്ഞിനെ മടിയിലിരുത്തി സൈബലുബ്ദീൻ വാഹനമോടിച്ചത്. പിന്നാലെ വന്ന വാഹനങ്ങൾ ഹോൺ മുഴക്കിയിട്ടും കൈ കാട്ടിയിട്ടും ഇദ്ദേഹം അവഗണിക്കുകയായിരുന്നു. സമീപത്തു കൂടി കാറിൽ പോയ കൊല്ലം ഇളമ്പൽ സ്വദേശികൾ കാറിന്റെ നമ്പർ പ്ലേറ്റ് ഉൾപ്പെടെ ദൃശ്യം പകർത്തി പുറത്തുവിടുകയായിരുന്നു. ഇതിനു പിന്നാലെയാണ് മോട്ടർ വാഹന വകുപ്പ് അധികൃതർ കാർ കണ്ടെത്തി തുടർനടപടി സ്വീകരിച്ചത്.
..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
