ന്യൂസ് ഡെസ്ക്: അമേരിക്കൻ യുദ്ധഭീഷണിയും വൻ സൈനിക ഏറ്റുമുട്ടൽ സാധ്യതകളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ടെഹ്‌റാനിൽ നടന്ന ചതുർരാഷ്ട്ര ഉന്നതതല സുരക്ഷാ യോഗം പൂർത്തിയായി. മേഖലയിൽ സമാധാനവും സുസ്ഥിരതയും കൈവരിക്കുന്നതിനും നാല് അയൽരാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുമായി നയതന്ത്ര ചർച്ചകൾ തുടരാൻ ഇറാനും ‘മക്ക സംയുക്ത പ്രതിരോധ സഖ്യ’ അംഗങ്ങളായ സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങളും തീരുമാനിച്ചു. യോഗത്തിന് ശേഷം ഇറാന്റെ ഫാർസ് ന്യൂസ് ഏജൻസി പുറത്തുവിട്ട ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
- `MALAYALAM PRESS ONLINE` ന്റെ ഗൾഫ് ന്യൂസ് അപ്ഡേറ്റ്സ് ചാനലിൽ ജോയിൻ ചെയ്യൂ… MALAYALM PRESS GULF NEWS WHATSAPP CHANEL
- ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം…… MALAYALAM PRESS WHATSAPP NEWS GROUP
മധ്യപൂർവേഷ്യയിൽ എട്ടുമാസമായി തുടരുന്ന യുദ്ധം വീണ്ടും കനക്കുന്നത് തടയാനാണ് ‘മക്ക പ്രതിരോധസഖ്യ’ രാജ്യങ്ങൾ ഉന്നതതല നയതന്ത്ര ചർച്ചകൾ ആരംഭിച്ചത്. സഊദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരാണ് ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെത്തി കൂടിക്കാഴ്ച നടത്തിയത്.
നിലവിലെ പ്രതിസന്ധി പരിഹരിക്കാനും സംഘർഷത്തിന് അയവുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മക്ക പ്രതിരോധ ഉടമ്പടിയുടെ ഭാഗമായ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇറാനിലെത്തിയതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സഊദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ ഉൾപ്പെടെയുള്ള നേതാക്കളാണ് ചർച്ചകളിൽ പങ്കാളികളാകുന്നത്. അമേരിക്ക, ഇറാൻ, ഇസ്രയേൽ എന്നിവർ യുദ്ധം പുനരാരംഭിച്ചേക്കാമെന്ന അഭ്യൂഹങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഈ നിർണായക നീക്കം.
ഓഗസ്റ്റിൽ മക്കയിൽ വെച്ച് പ്രതിരോധ സഖ്യം രൂപീകരിച്ചതിനുശേഷം പാകിസ്താൻ, സഊദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾ സംയുക്തമായി നടത്തുന്ന ആദ്യ ഇറാൻ സന്ദർശനമാണിത്. അമേരിക്കയും ഇറാനും തമ്മിലുള്ള മധ്യസ്ഥ ശ്രമങ്ങൾക്ക് ഖത്തറും പാകിസ്താനുമാണ് നേതൃത്വം നൽകുന്നത്. ഞായറാഴ്ച ഖത്തർ പ്രതിനിധി സംഘം ടെഹ്‌റാൻ സന്ദർശിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ സ്ഥിരീകരിച്ചിരുന്നു.
ഇതിനിടെ സഊദി അറേബ്യ ആവശ്യപ്പെടുകയാണെങ്കിൽ പ്രതിരോധപരമായ സൈനിക സഹായം നൽകാനുള്ള പ്രസിഡന്റ് അബ്ദേൽ ഫത്താ അൽ സീസിയുടെ അഭ്യർഥനയ്ക്ക് ഈജിപ്ഷ്യൻ പാർലമെന്റ് അംഗീകാരം നൽകി. അറബ് ലോകത്തെ ഏറ്റവും വലിയ സൈന്യമുള്ള രാജ്യമാണ് ഈജിപ്ത്. അമേരിക്ക, ചൈന, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യുദ്ധവിമാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ലക്ഷക്കണക്കിന് സൈനികരും ഈജിപ്തിനുണ്ട്. എന്നാൽ എത്തരത്തിലുള്ള സഹായമാണ് ഈജിപ്ത് നൽകുക എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല.
- `MALAYALAM PRESS ONLINE` ന്റെ ഗൾഫ് ന്യൂസ് അപ്ഡേറ്റ്സ് ചാനലിൽ ജോയിൻ ചെയ്യൂ… MALAYALM PRESS GULF NEWS WHATSAPP CHANEL
- ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം…… MALAYALAM PRESS WHATSAPP NEWS GROUP
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
