റിയാദ്: സഊദി അറേബ്യ യിലെ പ്രവാസികള്‍ യാത്ര ബുദ്ധിമുട്ട് അടക്കം വലിയ പ്രതിസന്ധി നേരിടുമ്പോഴും പ്രവാസികള്‍ക്ക് താങ്ങായി പ്രവർത്തിക്കുന്ന റിയാദ് കെ എം സി സി വെല്‍ഫെയര്‍ വിംഗിന്റെ സേവനം പ്രവാസികള്‍ക്ക് വലിയ ആശ്വാസം നല്കുന്നു. പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും വെല്‍ഫയര്‍ വിംഗ് കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും പ്രധാനമായും പ്രവാസികളുടെ മരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്.
ഏതെങ്കിലും പ്രവാസി മരണപ്പെട്ടാല്‍ ബന്ധുക്കളും സുഹൃത്തുക്കളും ആദ്യം അന്വേഷിക്കുന്നത് കെ എം സി സി യുടെ വെല്‍ഫെയര്‍ വിംഗ് പ്രവര്‍ത്തകരെയാണ്. ചിലര്‍ മൃതദേഹം ഇവിടെ ഖബറടക്കം നടത്തുകയും മറ്റു ചിലര്‍ നാട്ടിലേക്ക് കൊണ്ടുപോവുകയാണ് പതിവ്. നാട്ടിലേക്ക് കൊണ്ടുപോകാന്‍ വേണ്ട രേഖകള്‍ ശരിയാക്കി മൃതദേഹം നാട്ടിലേക്ക് വിമാനം കയറ്റി വിടുന്നത് വരെ വെല്‍ഫെയര്‍ വിംഗ് പ്രവര്‍ത്തകര്‍ക്ക് പിന്നീട് വിശ്രമമില്ലാത്ത ദിനങ്ങളാണ്.
മലയാളികള്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മരണപ്പെട്ടാലും വെല്‍ഫയര്‍ വിംഗ് ആവശ്യമായ സേവനങ്ങള്‍ ചെയതു കൊടുക്കാറുണ്ടെന്നും നിരവധി മൃതദേഹങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നും വെല്‍ഫെയര്‍ വിംഗ് ഭാരവാഹികള്‍ പറഞ്ഞു.
റിയാദിലെ നിലവിലെ പ്രത്യേക സാഹചര്യത്തില്‍ രണ്ടാഴ്ച വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടിരുന്നു. പ്രതിസന്ധി തുടങ്ങിയപ്പോള്‍ തന്നെ ഇന്ത്യൻ വിമാന കമ്പനികള്‍ റിയാദിലേക്കുള്ള സര്‍വീസ് നിര്‍ത്തിയിരുന്നു. ഇത് കാരണം റിയാദില്‍ നിന്നും നേരിട്ട് മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ പ്രത്യേക സാഹചര്യത്തില്‍ ദമ്മാം വിമാനത്താവളം വഴി വളരെ ബുദ്ധിമുട്ടിയാണ് ഇവര്‍ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയച്ചത്. നാട്ടില്‍ മൃതദേഹം കാത്തിരുന്ന ബന്ധുക്കള്‍ക്ക് ഇത് വലിയ ആശ്വാസം നല്കി.
റിയാദില്‍ നമസ്കാരത്തിനിടെ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഷാജി സലീമിന്റെ മൃതദേഹം മദീനയില്‍ ഖബറടക്കം നടത്താന്‍ അദ്ദേഹത്തിന്റെ സ്പോണ്സര്ക്കൊപ്പം വേണ്ട നിയമ പരമായ സഹായങ്ങള്‍ ചെയ്തു കൊടുത്തു. അതുപോലെ, പെരിന്തല്‍മണ്ണ പാലോളിപ്പറമ്പ് സ്വദേശി കമാലുദ്ദീന്റെ മൃതദേഹം നാട്ടിലേക്ക് അയക്കാനും ആവശ്യമായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കാനും കെ എം സി സി വെല്‍ഫയര്‍ വിംഗ് പ്രവര്‍ത്തകര്‍ മുന്‍കൈ എടുത്തതായി ഭാരവാഹികളായ റഫീഖ് മഞ്ചേരി, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂര്‍ക്കാട് എന്നിവര്‍ അറിയിച്ചു.
അന്നം തേടിയെത്തിയ നാട്ടില്‍ അപകടങ്ങൾ, മരണം എന്നിവ സംഭവിച്ചാല്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്ന കെഎംസിസി വെല്‍ഫെയര്‍ വിംഗിന്റെ നിസ്വാര്‍ത്ഥമായ സേവനം പ്രവാസികള്‍ക്ക് വലിയ അനുഗ്രഹം തന്നെയാണ്. തങ്ങളുടെ ജോലി ത്തിരക്കുകള്ക്കിടയിലും നിസ്വാര്‍ത്ഥമായ സേവനത്തിന് പകരം പ്രാര്‍ത്ഥന മാത്രമാണ് കെ എം സി സി വെല്‍ഫയര്‍ വിംഗ് പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
