ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിലെ ജിഎസ് റോഡിലുള്ള ഹോട്ടലിൽ തിങ്കളാഴ്ച രാത്രിയുണ്ടായ വെടിവയ്പിൽ ഒരു കുടുംബത്തിലെ 4 പേർ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. വെടിയുതിർത്ത ഘനകാന്ത ഗൊഗോയിയെ ഒരുമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് പിടികൂടി.
ഇയാളിൽനിന്നും തോക്കും കണ്ടെടുത്തു. ലചിത് നഗറിലെ ജിഎസ് റോഡിലെ ഹോട്ടൽ ബിലാസ് ഇന്നിലാണ് തിങ്കളാഴ്ച രാത്രി 9 മണിയോടെ വെടിവയ്പുണ്ടായത്. ഈ ഹോട്ടൽ പാട്ടത്തിനെടുത്ത് നടത്തുകയായിരുന്നു അറസ്റ്റിലായ ഗൊഗോയ് എന്നാണ് ലഭിക്കുന്ന വിവരം.
ഹോട്ടൽ ഉടമകളുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ടതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. വെടിയേറ്റ നാല് പേർ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. പരുക്കേറ്റ രണ്ടുപേരിൽ ഒരാൾ ഗുവാഹത്തി മെഡിക്കൽ കോളജിൽ വച്ചാണ് മരിച്ചത്. ഹോട്ടലിന്റെ സ്വീകരണ കൗണ്ടറിന് സമീപം ഇരുന്നവരാണ് വെടിവയ്പിൽ കൊല്ലപ്പെട്ടത്. ഈ സമയം ജീവനക്കാർ ഉൾപ്പെടെ 25 ൽ താഴെ ആളുകളാണ് ഹോട്ടലിൽ ഉണ്ടായിരുന്നത്. വെടിവയ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
