അബുദാബി: കടമായി വാങ്ങിയ തുക തിരിച്ചടയ്ക്കാതെ പറ്റിച്ച് നടന്ന വ്യക്തിക്കെതിരെ വാട്‌സാപ്പ് സന്ദേശങ്ങൾ നിർണായക തെളിവായി സ്വീകരിച്ച് അബൂദബി കുടുംബ, സിവിൽ, അഡ്‌മിനിസ്ട്രേറ്റീവ് കോടതിയുടെ ഉത്തരവ്. കടം വാങ്ങിയ 1,20,000 ദിർഹവും മുൻകൂർ പണവും തിരികെ നൽകാനും, പരാതിക്കാരനുണ്ടായ സാമ്പത്തിക-മാനസിക നഷ്ടങ്ങൾക്ക് പരിഹാരമായി 15,000 ദിർഹം അധികമായി നൽകാനും കോടതി എതിർകക്ഷിയോട് നിർദ്ദേശിച്ചു.
കേസുമായി ബന്ധപ്പെട്ട കോടതി ചെലവുകളും പ്രതി തന്നെ വഹിക്കേണ്ടി വരും. താൻ പണം സ്വീകരിച്ചത് അടിയന്തര ആവശ്യങ്ങൾക്കായിട്ടാണെന്നും സാമ്പത്തിക പ്രതിസന്ധികൾ മൂലമാണ് തിരിച്ചടവ് വൈകിയതെന്നും അത് നൽകാൻ തയ്യാറാണെന്നുമായിരുന്നു പ്രതി ഭാഗത്തിന്റെ പ്രധാന വാദം. എന്നാൽ, ഈ വാദങ്ങൾ തള്ളിക്കളഞ്ഞ കോടതി കേസിലെ ഡിജിറ്റൽ തെളിവുകൾ വിശദമായി പരിശോധിച്ച് അന്തിമ വിധി പ്രഖ്യാപിക്കുകയായിരുന്നു.
പണം കൈപ്പറ്റിയതും അത് തിരികെ നൽകാം എന്ന് പലതവണ ഉറപ്പുനൽകിയതും വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ വ്യക്തമായി തെളിഞ്ഞിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പണം കൃത്യസമയത്ത് ലഭിക്കാത്തതിനെ തുടർന്ന് പരാതിക്കാരനുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളും കടുത്ത മാനസിക സമ്മർദ്ദവും സിവിൽ നിയമപ്രകാരം കണക്കിലെടുത്താണ് 15,000 ദിർഹം നഷ്ടപരിഹാരം വിധിച്ച് ഉത്തരവിട്ടത്. ഡിജിറ്റൽ സംഭാഷണങ്ങളും സന്ദേശങ്ങളും കേസിൽ വ്യക്തമായ തെളിവുകളായി പരിഗണിക്കപ്പെടുമെന്ന് അടിവരയിടുന്നതാണ് കോടതിയുടെ ഈ ഉത്തരവ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
