അബുദാബി: കൃത്യമായ രേഖകളില്ലാതെ ക്രെഡിറ്റ് കാർഡിൽ അധിക പലിശയും ഫീസുകളും ഈടാക്കിയ ബാങ്കിന് തിരിച്ചടിയായി അബുദാബി കോടതിയുടെ സുപ്രധാന വിധി. ഉപഭോക്താവിൽ നിന്ന് അധികമായി ഈടാക്കിയ 92,854 ദിർഹം (ഏകദേശം 21 ലക്ഷത്തോളം ഇന്ത്യൻ രൂപ) ബാങ്ക് തിരികെ നൽകണമെന്ന് കോടതി ഉത്തരവിട്ടു. കൂടാതെ ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ഉടൻ ക്ലോസ് ചെയ്യാനും ബാധ്യതകളൊന്നുമില്ലെന്ന് വ്യക്തമാക്കുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാനും കോടതി നിർദ്ദേശിച്ചു.
കേസ് ഫയൽ ചെയ്ത തീയതി മുതൽ തുക പൂർണ്ണമായി തിരിച്ചടയ്ക്കുന്നത് വരെ ഈ തുകയ്ക്ക് വർഷത്തിൽ 3 ശതമാനം പലിശ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2013-ൽ ബാങ്കിൽ നിന്ന് വായ്പയ്ക്ക് അപേക്ഷിച്ചപ്പോൾ 50,000 ദിർഹം ലിമിറ്റുള്ള ക്രെഡിറ്റ് കാർഡ് ലഭിച്ചതായി ഉപഭോക്താവ് കോടതിയെ അറിയിച്ചു. വായ്പാ തുകയും ക്രെഡിറ്റ് കാർഡ് കുടിശ്ശികയും പൂർണ്ണമായും അടച്ചുതീർത്ത ശേഷവും ബാങ്ക് വീണ്ടും തുക ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇയാൾ നിയമനടപടി സ്വീകരിച്ചത്. കോടതി നിയമിച്ച ബാങ്കിംഗ് വിദഗ്ദ്ധൻ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ വിശദമായി പരിശോധിച്ചു.
പലിശ നിരക്കുകളും സർവീസ് ഫീസുകളും ഉപഭോക്താവ് അംഗീകരിച്ചിരുന്നു എന്ന് തെളിയിക്കുന്ന അപേക്ഷാ ഫോമോ കരാർ രേഖകളോ ഹാജരാക്കാൻ ബാങ്കിന് കഴിഞ്ഞില്ല. തീപിടുത്തത്തിൽ രേഖകൾ നശിച്ചു എന്നായിരുന്നു ബാങ്കിന്റെ വിശദീകരണം. വിദഗ്ദ്ധൻ സാധാരണ നിയമപരമായ പലിശ നിരക്കിൽ അക്കൗണ്ട് പുനഃപരിശോധിക്കുകയും, ബാങ്ക് അനധികൃതമായി ചുമത്തിയ കൂട്ടുപലിശയും മറ്റ് സർവീസ് ഫീസുകളും ഒഴിവാക്കുകയും ചെയ്തു.
ഉപഭോക്താവ് മൊത്തം 14.03 ലക്ഷം ദിർഹം പിൻവലിക്കുകയും 16.05 ലക്ഷം ദിർഹം തിരിച്ചടയ്ക്കുകയും ചെയ്തതായി കണ്ടെത്തി. അക്കൗണ്ട് പുനഃക്രമീകരിച്ചപ്പോൾ 92,854 ദിർഹം ബാങ്ക് ഉപഭോക്താവിന് തിരികെ നൽകാനുണ്ടെന്ന് വ്യക്തമായി. ബാങ്ക് ഉപഭോക്താവിന് 92,854 ദിർഹവും അതിന്മേലുള്ള 3% പലിശയും നൽകണം. ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ഉടനടി ക്ലോസ് ചെയ്യുകയും ബാധ്യതയില്ലെന്ന് വ്യക്തമാക്കുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുകയും വേണം. കോടതിച്ചെലവുകളും 200 ദിർഹം വക്കീൽ ഫീസും ബാങ്ക് വഹിക്കണം.
സാങ്കേതിക തെളിവുകളുടെയും അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളുടെയും അടിസ്ഥാനത്തിൽ തയാറാക്കിയ വിദഗ്ദ്ധ റിപ്പോർട്ട് പൂർണ്ണമായും അംഗീകരിച്ചാണ് അബുദാബി സിവിൽ കോടതി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
