അറ്റ്ലാന്റ: സാങ്കേതിക തകരാറ് വിമാനം ലാൻഡ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷവും ക്യാബിനിൽ നിന്ന് പുറത്തിറങ്ങാനായില്ല. വിമാനത്തിന്റെ വാതിൽ തല്ലിത്തകർക്കാൻ ശ്രമിച്ച് യാത്രക്കാർ. എസി പോലുമില്ലാതെ കുടുങ്ങിയതോടെയാണ് യാത്രക്കാർ ക്ഷുഭിതരായത്. അമേരിക്കയിലെ അറ്റ്ലാൻറ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ഫ്രോണ്ടിയർ വിമാനത്തിലാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. വിമാനത്തിൽ നിന്ന് എയർപോർട്ടിലേക്ക് ഇറങ്ങാനുള്ള പാലം തകരാറായതോടെയാണ് യാത്രക്കാർ വിമാനത്തിന്റെ ക്യാബിനിൽ കുടുങ്ങിയത്. വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരെ വിമാനത്തിലെ പുരുഷ ക്രൂ അംഗങ്ങൾ തടയാൻ ശ്രമിച്ചത് വലിയ കോലാഹലമാണ് ക്യാബിനുള്ളിൽ ഉണ്ടാക്കിയത്.
ക്യാബിൻ ക്രൂ അംഗങ്ങളും യാത്രക്കാരും തമ്മിലുള്ള ബഹളത്തിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. 13 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ യാത്രക്കാരിയെ തള്ളി പിന്നോട്ട് ആക്കാൻ ശ്രമിക്കുന്ന പുരുഷ ക്രൂ അംഗത്തെ കാണാൻ കഴിയും. യാത്രക്കാരിയെ സഹയാത്രികർ പിന്തുണയ്ക്കുന്നതായ വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ന്യൂ ഓർലീൻസിൽ നിന്ന് പുറപ്പെട്ട എയർബസ് എ 321 വിമാനത്തിലാണ് സംഘർഷാവസ്ഥ രൂപം കൊണ്ടത്.
പുറത്തിറങ്ങാനുള്ള ജെറ്റ് ബ്രിഡ്ജിന് സമീപത്തേക്ക് വിമാനം എത്തിയതോടെ എൻജിനുകൾ ഓഫ് ചെയ്തതാണ് ക്യാബിനുള്ളിൽ എസിയും ലൈറ്റുകളും നിലയ്ക്കാൻ കാരണമായത്. ഒരു മണിക്കൂറിലേറെ ഇരുട്ടിൽ ശ്വാസം മുട്ടിയിരുന്ന ശേഷമാണ് യാത്രക്കാർ ബഹളമുണ്ടാക്കി തുടങ്ങിയത്. ഫസ്റ്റ് ക്ലാസ് യാത്രക്കാരെ ഇറക്കി പൈലറ്റുമാർ ക്യാബിൻ വിട്ടതോടെയാണ് ബഹളം സംഘർഷത്തിലേക്ക് വഴിമാറിയത്. വെള്ളം പോലും കിട്ടാതെ കൊടും ചൂടിലിരിക്കേണ്ടി വന്ന യാത്രക്കാരിൽ പലരും തല കറങ്ങി വീണു. യാത്രക്കാർ ദേഹാസ്വസ്ഥ്യം കാണിച്ചിട്ടും ക്രൂ അംഗങ്ങളുടെ ഭാഗത്ത് നിന്ന് അനുഭാവ പൂർണമുള്ള നടപടികളുണ്ടാവാത്തത് വലിയ രീതിയിലുള്ള വിമർശനം വിമാന കമ്പനിക്ക് നേരെ ഉയരാൻ കാരണമായിട്ടുണ്ട്. ഏതാനും യാത്രക്കാർ ഇറങ്ങിയതിന് പിന്നാലെ ഗേറ്റിലുണ്ടായ സാങ്കേതിക തകരാറാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് വിമാനകമ്പനി വിഷയത്തിൽ പ്രതികരിച്ചിട്ടുള്ളത്
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
