‘ഞാന്‍ എഫ് ടുവിന്റെ ക്രീം ഉപയോഗിക്കാന്‍ കാരണക്കാര്‍ നിങ്ങൾ’; ചർച്ചയായി യുവതിയുടെ വീഡിയോ

malayalampress
3 Min Read
  • ചര്‍മം വെളുപ്പിക്കാനുള്ള ക്രീം ഉപയോഗിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് സമൂഹം ചെറുപ്പം മുതല്‍ മനസില്‍ കുത്തിവെച്ച കറുപ്പിനോടുള്ള വിവേചനമാണെന്ന് മുബീന പറഞ്ഞു

കൊച്ചി: നിറത്തിന്റെ പേരില്‍ കുട്ടിക്കാലം മുതല്‍ നേരിട്ട പരിഹാസങ്ങളും വിവേചനങ്ങളും തുറന്നുപറഞ്ഞ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ മുബീന. ചര്‍മം വെളുക്കാനുള്ള ക്രീം ഉപയോഗിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് സമൂഹം ചെറുപ്പം മുതല്‍ മനസില്‍ കുത്തിവെച്ച കറുപ്പിനോടുള്ള വിവേചനമാണെന്ന് മുബീന പറഞ്ഞു. എഫ് ട്യൂണ്‍ ക്രീം അടക്കമുള്ള സര്‍ട്ടിഫൈഡ് അല്ലാത്ത സ്‌കിന്‍ കെയര്‍ പ്രൊഡക്ടുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായ സാഹചര്യത്തിലാണ് മുബീന ഇക്കാര്യം പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു സമൂഹത്തില്‍ കറുപ്പ് നിറത്തോടുള്ള വിവേചനം തുറന്നുപറഞ്ഞത്. ഈ വിവേചനവും മാറ്റി നിര്‍ത്തലുകളും കാരണമാണ് താന്‍ ഈ ക്രീം ഉപയോഗിച്ചതെന്നും മുബീന പറയുന്നു.

അഞ്ചാം ക്ലാസ് മുതല്‍ നിറത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സ്‌കൂള്‍ കലോത്സവത്തില്‍ മണവാട്ടിയുടെ വേഷം അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്തപ്പോഴുണ്ടായ അനുഭവവും അവര്‍ പങ്കുവെച്ചു. പരിപാടിക്കായി വസ്ത്രങ്ങളും മറ്റ് സാധനങ്ങളും ഒരുക്കിയിരുന്നെങ്കിലും തലേദിവസം അധ്യാപകന്‍ വന്ന് തന്നെ മാറ്റി പകരം മറ്റൊരു കുട്ടിയെ മുന്നില്‍ നിര്‍ത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. നിറത്തിന്റെ പേരിലാണ് ഈ മാറ്റമെന്ന് അന്ന് തനിക്ക് തോന്നിയെന്നും അവര്‍ പറഞ്ഞു.

‘ഞാന്‍ ഈ ക്രീം ഉപയോഗിക്കാന്‍ കാരണക്കാര്‍ ആരാണെന്ന് അറിയാമോ? നിങ്ങളാണ്. നിങ്ങളാണ് കുഞ്ഞിലെ മുതലേ കറുപ്പ് കാണാന്‍ കൊള്ളില്ലെന്നും വെളുപ്പാണ് കാണാന്‍ ഭംഗി എന്നും എന്നെ പറഞ്ഞു പഠിപ്പിച്ചത്. നീ കറുത്തിട്ടാണ് എന്ന് എന്റെ അഞ്ചാം ക്ലാസ് മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്. സ്‌കൂള്‍ കലോത്സവത്തിന് ഞാനായിരുന്നു മണവാട്ടി അന്ന് സാധനങ്ങളെല്ലാം വാങ്ങി സെറ്റ് ആക്കി. പരിപാടിയുടെ തലേന്ന് സാര്‍ വന്നിട്ട് പറയുകയാണ്. ഈ കൊച്ചിനെ മാറ്റിയിട്ട് ബാക്കില്‍ നില്‍ക്കുന്ന കൊച്ചിനെ ഫ്രണ്ടില്‍ നിര്‍ത്താന്‍ എന്താ കാര്യം? ഞാന്‍ കറുപ്പല്ലേ! കറുത്തിട്ടല്ലേ ഇരിക്കുന്നെ! പിന്നെ എങ്ങനെ എന്നെ ഫ്രണ്ടില്‍ നിര്‍ത്തും?’ വീഡിയോയില്‍ അവര്‍ പറഞ്ഞു. വീട്ടില്‍ അതിഥികളെത്തുമ്പോള്‍ മൂത്ത മകള്‍ളായ തനിക്ക് പിതാവിന്റെ നിറവും ഇളയ മകള്‍ക്ക് മാതാവിന്റെ നിറവുമാണെന്ന് പറയാറുണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് തമാശയായി തോന്നുന്ന ഇത്തരം പരാമര്‍ശങ്ങള്‍ കുട്ടികളുടെ മനസില്‍ ആഴത്തിലുള്ള മുറിവുകളുണ്ടാക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. നിറത്തിന്റെ പേരിലുള്ള പരിഹാസങ്ങള്‍ വിശ്വസിച്ച് വെളുക്കാനായി പലതരം വസ്തുക്കള്‍ മുഖത്ത് പരീക്ഷിച്ചിട്ടുണ്ടെന്നും ഇന്‍ഫ്ളുവന്‍സര്‍ പറഞ്ഞു. സ്വന്തം കുഞ്ഞിന് ജന്മം നല്‍കിയ സമയത്തുപോലും കുഞ്ഞിന്റെ ചെവി നോക്കി ഭാവിയില്‍ കറുത്തുപോകുമെന്ന് ചിലര്‍ പറഞ്ഞ അനുഭവവും അവര്‍ പങ്കുവെച്ചു.

അതേസമയം, നിറത്തേക്കാള്‍ പ്രധാനം കുഞ്ഞിന്റെ ആരോഗ്യവും ക്ഷേമവുമാണെന്ന നിലപാടാണ് ഭര്‍ത്താവിന്റെ മാതാവ് സ്വീകരിച്ചതെന്നും അവര്‍ പറഞ്ഞു. ‘മക്കള്‍ കറുപ്പോ വെളുപ്പോ എന്നതല്ല കാര്യം. കുഞ്ഞിനെ ആരോഗ്യത്തോടെ കിട്ടിയതിലാണ് കാര്യം’ എന്ന അവരുടെ വാക്കുകള്‍ എത്ര പേര്‍ക്ക് ഉള്‍ക്കൊള്ളാനാകുമെന്നുംമുബീന ചോദിച്ചു.

‘ഇക്കയുടെ ഉമ്മ എന്റെ അടുത്ത് പറഞ്ഞ ഒരു കാര്യമുണ്ട് മക്കളെ കറുപ്പിലോ വെളുപ്പിലോ അല്ല കാര്യം. കുഞ്ഞിനെ ആരോഗ്യത്തോടെ കിട്ടി അതിലാണ് കാര്യം. എത്ര പേര് ഇങ്ങനെ ചിന്തിക്കും? എത്ര പേര്‍ക്ക് ഇങ്ങനെ ചിന്തിക്കാന്‍ പറ്റും? സൗന്ദര്യത്തിന്റെ പേര് പറഞ്ഞിട്ട് എത്ര മക്കളാണ് ഭര്‍ത്താവിന്റെ വീട്ടില്‍ സൂസൈഡ് ചെയ്തിട്ടുള്ളത് നമുക്ക് ഒരു കാര്യം ചെയ്യാം പറ്റത്തുള്ളൂ. നമ്മുടെ മക്കളില് വെളുപ്പ് കറുപ്പ് എന്നുള്ള ഒരു വിഷം കുത്തി വെക്കാതിരിക്കുക’ സൗന്ദര്യത്തിന്റെ പേരിലുള്ള സമ്മര്‍ദവും നിറവിവേചനവും കാരണം നിരവധി സ്ത്രീകള്‍ കടുത്ത മാനസികപ്രയാസങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. സ്വന്തം മക്കളുടെ മനസില്‍ കറുപ്പ്, വെളുപ്പ് എന്നിങ്ങനെയുള്ള വേര്‍തിരിവുകളുടെ വിഷം കുത്തിവെക്കാതിരിക്കുകയാണ് സമൂഹത്തിന് ചെയ്യാനാകുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും മുബീന വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article