തിരുവനന്തപുരം: യുഡിഎഫില്‍ യാതൊരുവിധ കൂടിയാലോചനകളും നടക്കുന്നില്ലെന്നും നിര്‍ണ്ണായക തീരുമാനങ്ങള്‍ പോലും മുന്നണി കണ്‍വീനറായ താന്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും തുറന്നടിച്ച് അടൂര്‍ പ്രകാശ് എംപി.
നിലവിലെ സ്ഥിതിഗതികളില്‍ കടുത്ത അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് മുന്നണിയിലുണ്ടാകുന്ന അവഗണനയും വീഴ്ചകളും എഐസിസി നേതൃത്വത്തെ അറിയിക്കുമെന്നും വ്യക്തമാക്കി.
യുഡിഎഫിന്റെ ഔദ്യോഗിക യോഗങ്ങള്‍ അടുത്തകാലത്തൊന്നും ചേര്‍ന്നിട്ടില്ല. മുന്നണി യോഗങ്ങള്‍ ചേരാന്‍ മുഖ്യമന്ത്രിയാണ് മുന്‍കൈ എടുക്കേണ്ടത്. അദ്ദേഹം തീരുമാനമെടുക്കാത്തതുകൊണ്ടാണ് യോഗങ്ങള്‍ ചേരാന്‍ സാധിക്കാത്തത്. നിരവധി രാഷ്ട്രീയ വിഷയങ്ങളില്‍ ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്.
സ്റ്റേറ്റ് കമ്മിറ്റി വിളിച്ചുചേര്‍ക്കേണ്ടത് കണ്‍വീനറുടെ ചുമതലയാണെങ്കിലും ചെയര്‍മാനായ മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രമേ അത് സാധ്യമാകൂവെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
മുന്നണിയില്‍ കൂടിയാലോചനകള്‍ നടക്കാത്തതിനാല്‍ യുഡിഎഫിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൃത്യമായ മറുപടി നല്കാന് സാധിക്കാത്ത സാഹചര്യമുണ്ട്. അതില്‍ തനിക്ക് കടുത്ത ഖേദമുണ്ട്. ഡോ. എം.കെ. മുനീറിന് ക്യാബിനറ്റ് പദവി നല്‍കിയതടക്കമുള്ള തീരുമാനങ്ങള്‍ അര്‍ഹതപ്പെട്ട ആളുകള്‍ക്ക് തന്നെയാണ് ലഭിച്ചത്. ആര്‍ക്കും അനര്‍ഹമായി ഒന്നും നല്‍കിയെന്ന് താന്‍ പറയുന്നില്ല. എന്നാല്‍ കണ്‍വീനര്‍ എന്ന നിലയില്‍ ഇത്തരം സുപ്രധാന കാര്യങ്ങള്‍ പോലും തന്നെ അറിയിച്ചില്ലെന്ന അതൃപ്തി അടൂര്‍ പ്രകാശ് പരസ്യമാക്കി.
പലയാളുകളും എന്നെ വിളിച്ച് തീരുമാനം എന്താണെന്ന് അന്വേഷിച്ചിരുന്നു. എന്നാല്‍, മറുപടി പറയാന്‍ കഴിഞ്ഞിരുന്നില്ല. കേരളത്തിലെ യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ എന്നെ ചുമതലപ്പെടുത്തിയത് എഐസിസിയാണ്. എനിക്കുണ്ടായ അതൃപ്തി അധികം വൈകാതെ തന്നെ ഹൈക്കമാന്‍ഡിനെ അറിയിക്കും. മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താന്‍ വേണ്ടിയല്ല ഞാനിത് പറയുന്നത്. എന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ്. യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ ഇതൊന്നും മുന്‍കൂട്ടി അറിഞ്ഞിരുന്നില്ല.
തന്നെ മനഃപൂര്‍വ്വം അവഗണിക്കുന്നുണ്ടോ എന്നത് മാധ്യമങ്ങളാണ് വിലയിരുത്തേണ്ടത്. തന്നെ ഈ പദവിയിലേക്ക് നിയോഗിച്ചത് എഐസിസിയാണെന്നും അതിനാല്‍ മുന്നണിയിലെ കാര്യങ്ങള്‍ അറിയിക്കേണ്ടിടത്ത് തന്നെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ ഏകോപനക്കുറവുണ്ടായതായി അടൂര്‍ പ്രകാശ് ചൂണ്ടിക്കാട്ടി. പ്രതീക്ഷിച്ച ചില തദ്ദേശ വാര്‍ഡുകളില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കാതെ പോയത് മുന്നണിയുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്മയാണ്. എങ്കിലും വലിയ പരിക്കുകളില്ലാതെ 18 സീറ്റുകള്‍ നേടാന്‍ സാധിച്ചു. മുന്നണിയിലുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ യഥാസമയം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ നേതൃത്വം തയ്യാറാകണമെന്നാണ് അടൂര്‍ പ്രകാശ് ആവശ്യപ്പെടുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
