ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെപ്പില്‍ ഒരു ഓഫീസര്‍ ഉള്‍പ്പെടെ നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.
ബസോഹ്ലിയിലെ മഷ്‌ക ഗ്രാമത്തിലുള്ള സെവ പവര്‍ പ്രോജക്റ്റില്‍ വിന്യസിച്ചിരിക്കുന്ന സി ഐ എസ് എഫ് യൂണിറ്റില്‍ വൈകുന്നേരം 6:40 ഓടെയാണ് സംഭവം. വാക്കുതര്‍ക്കത്തിന് പിന്നാലെയായിരുന്നു വെടിവെപ്പ് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അസിസ്റ്റന്റ് കമാന്‍ഡന്റ് അങ്കിത് കുമാര്‍ പാണ്ഡെ, സബ് ഇന്‍സ്‌പെക്ടര്‍ ലക്ഷ്മണ്‍ സിംഗ്, കോണ്‍സ്റ്റബിള്‍മാരായ റഫീഖ് അഹമ്മദ്, സന്ദീപ് കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഹെഡ് കോണ്‍സ്റ്റബിള്‍ അവധേഷ് കുമാര്‍ സിംഗ് ഓഫീസിനുള്ളില്‍ അതിക്രമിച്ചുകയറി തന്റെ എ കെ-47 തോക്ക് ഉപയോഗിച്ച് തുരുതുരാ വെടിവയ്ക്കുകയായിരുന്നു. സി ഐ എസ് എഫ് നല്‍കിയ വിവരമനുസരിച്ച് അദ്ദേഹത്തിന്റെ കൈവശം 150 റൗണ്ട് വെടിയുണ്ടകള്‍ ഉണ്ടായിരുന്നു.
പരുക്കേറ്റ നാല് ഉദ്യോഗസ്ഥരെയും ഹിമാചല്‍ പ്രദേശിലെ എന്‍ എച്ച് പി സി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. . അവധേഷ് കുമാര്‍ സിംഗിനെ അറസ്റ്റ് ചെയ്ത് പോലീസിന് കൈമാറി. സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം നടത്തിവരികയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
