പവർ ബാങ്കിന് തീപിടിച്ചു; വിമാനം അടിയന്തരമായി നിലത്തിറക്കി

News Desk
1 Min Read

ഫ്രാങ്ക്ഫർട്ട് / ലിയോൺ: യാത്രക്കാരന്റെ പവർ ബാങ്കിന് വിമാനത്തിനുള്ളിൽ തീ പിടിച്ചതിനെത്തുടർന്ന് ഫ്രാങ്ക്ഫർട്ടിൽ നിന്ന് പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം ഫ്രാൻസിലെ ലിയോ വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. ശനിയാഴ്ച വൈകുന്നേരമാണ് ആകാശത്ത് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വിമാന ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.

ഫ്രാങ്ക്ഫർട്ട് ആം മെയിനിൽ നിന്നും പുറപ്പെട്ട ലുഫ്താൻസയുടെ എയർബസ് എ321 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനത്തിൽ 198 യാത്രക്കാരും 6 ജീവനക്കാരുമടക്കം 204 പേരുണ്ടായിരുന്നു. യാത്രയ്ക്കിടയിൽ ഒരു യാത്രക്കാരന്റെ സീറ്റിന് സമീപം വച്ചിരുന്ന പവർ ബാങ്കിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നുവെന്ന് ലുഫ്താൻസ വക്താവ് സ്ഥിരീകരിച്ചു. തീ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കാബിൻ ക്രൂ അംഗങ്ങൾ അതീവ ജാഗ്രതയോടെ പ്രവർത്തിക്കുകയും, ലിഥിയം ബാറ്ററികൾക്ക് തീപിടിച്ചാൽ അണയ്ക്കാനും സുരക്ഷിതമായി സൂക്ഷിക്കാനും വിമാനങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ‘ലിഥിയം സേഫ് ബാഗിലേക്ക്’ ഉപകരണം മാറ്റുകയും ചെയ്തു.

യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷ മുൻനിർത്തി പൈലറ്റുമാർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും, മുൻഗണനാ ക്രമത്തിൽ വിമാനം ഫ്രാൻസിലെ ലിയോൺ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നു. ലിയോണിൽ സുരക്ഷിതമായി ഇറക്കിയ യാത്രക്കാരെ അധികൃതർ സമീപത്തെ ഹോട്ടലുകളിലേക്ക് മാറ്റി. ഞായറാഴ്ച ഇവരെ മറ്റ് വിമാനങ്ങളിലായി ലിസ്ബണിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങൾ ലുഫ്താൻസ ഏർപ്പെടുത്തി. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച കമ്പനി, സുരക്ഷയ്ക്കാണ് തങ്ങൾ എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്നും വ്യക്തമാക്കി.

…

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!