വട്ടവട: ഇടുക്കി ജില്ലയിലെ വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കൊട്ടക്കമ്പൂർ അമ്മൻ കോവിലിന് സമീപമാണ് അപകടമുണ്ടായത്. മരിച്ച രണ്ടുപേരുടേയും മൃതദേഹം പുറത്തെടുത്തു. ചിന്നമ്മ, ബാലചന്ദ്രൻ എന്നിവരാണ് മരിച്ചത്.
ഇവർക്കൊപ്പമുണ്ടായിരുന്ന മാരിയമ്മയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരും കൃഷിഭൂമിയിൽ ജോലി ചെയ്യുകയായിരുന്നു. ബാലചന്ദ്രനും ചിന്നമ്മയും സഹോദരങ്ങളാണ്. ബാലചന്ദ്രന്റെ ഭാര്യയാണ് പരിക്കേറ്റ മാരിയമ്മ.
ശക്തമായ മഴയെ തുടർന്നാണ് ഇവർ ഷെഡ്ഡിലേക്ക് മാറിയത്. ഈ സമയത്താണ് മണ്ണിടിഞ്ഞ് ഷെഡ്ഡിനുമുകളിൽ വീണത്. നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ ഏറെ പണിപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്. പ്രദേശത്ത് ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്.
നീലക്കുറിഞ്ഞി പൂത്തതും ഗണേശോത്സവവും കാരണം വട്ടവടയിലേക്കുള്ള റോഡിൽ വലിയ ഗതാഗതക്കുരുക്കുണ്ടെന്നും ഇത് പരിഹരിച്ച് രക്ഷാപ്രവർത്തനം സുഗമമാക്കാൻ പോലീസിന് നിർദേശം നൽകിയെന്നും ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് മാതൃഭൂമി പറഞ്ഞു.
ഇത്തരം വിദൂര പ്രദേശങ്ങളിലെ റോഡ് ശൃംഖല, ആശയവിനിമയ സംവിധാനം ചികിത്സാസംവിധാനം എന്നിവ മെച്ചപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അത് ഉടൻ സർക്കാരിലേക്ക് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
