സതീശൻ-കുഞ്ഞാലിക്കുട്ടി ഭരണകാലം RSSന് വെടിമരുന്ന് ഉണക്കാനുള്ള കാലമാണ്: രൂക്ഷ വിമർശനവുമായി പി ജയരാജൻ

News Desk
2 Min Read

കണ്ണൂർ: കോൺഗ്രസ് അധികാരത്തിൽ വന്നതിന് ശേഷം കൂടുതൽ സന്തോഷിക്കുന്നത് ആർഎസ്എസ് ആണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗം പി ജയരാജൻ. ആർഎസിഎസിന് കേരളം കീഴടക്കണമെങ്കിൽ സിപിഐഎമ്മിനെ തകർക്കണമെന്നും പി ജയരാജൻ ചൂണ്ടിക്കാണിച്ചു.

‘കേരളത്തിൽ പിടിമുറക്കാനുള്ള ആർഎസ്എസിൻ്റെ പദ്ധതി എത്രയോ ദശകങ്ങളായി നടക്കുകയാണ്. 1940കൾ മുതൽ ആർഎസ്എസിൻ്റെ ശാഖാ പ്രവർത്തനം കേരളത്തിൽ ആരംഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ശാഖാ പ്രവർത്തനം നടക്കുന്നത് കേരളത്തിലാണെന്നാണ് ആർഎസ്എസ് അവകാശപ്പെടുന്നത്. പക്ഷെ എന്തേ കേരളം ഒരു ​ഗുജറാത്തോ മധ്യപ്രദേശോ ആയി മാറാത്തത്. അത് കോൺ​ഗ്രസിൻ്റെയോ മുസ്ലിം ലീ​ഗിൻ്റെയോ ബലം കൊണ്ടല്ല.

മറിച്ച് സിപിഐഎം ജനങ്ങളെ അണിനിരത്തി സംഘപരിവാർ ആശയങ്ങൾക്കെതിരായി നടത്തിയിട്ടുള്ള ധീരമായ ചെറുത്ത് നിൽപ്പിൻ്റെ ഫലമായിട്ടാണ്. അത് കമ്മ്യൂണിസ്റ്റുകാരുടെ മാത്രം പങ്കാളിത്തത്തോടെ നടത്തേണ്ട കാര്യമാണെന്ന് ഞങ്ങൾ കണക്കാക്കുന്നില്ല. കേരളത്തിലെ നവോത്ഥാന പാരമ്പര്യങ്ങളില്ലെല്ലാം സംഘപരിവാറിനെ ചെറുക്കേണ്ട ആശയങ്ങളുടെ സ്രോതസ് കിടക്കുന്നുണ്ട്.

അതിനെ അടക്കം ഉപയോ​ഗപ്പെടുത്തിക്കൊണ്ട് കമ്മ്യൂണിസ്റ്റുകാരും മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ള നാനാവിധത്തിലുള്ള വർ​ഗ്​ഗ സംഘടനകളുമാണ് ആർഎസ്എസിനെ ചെറുത്തതെന്നും’ പി ജയരാജൻ പ്രതികരിച്ചു.

അമേരിക്കയിലെ മാഡിസൺ സ്ക്വയറിൽ ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത് പറഞ്ഞ ഏകത എന്ന നിലപാടിനെയും പി ജയരാജൻ വിമർശിച്ചു. രാജ്യത്തെ സംഘപരിവാറും ആർഎസ്എസും രാജ്യത്ത് ഏകതയാണോ നടപ്പിലാക്കുന്നത്. ഭിന്നത സൃഷ്ടിക്കുന്ന ശക്തിയാണതെന്നും പി ജയരാജൻ കുറ്റപ്പെടുത്തി. ഉജ്ജയിനിയിലെ യുവ ധർമ്മ സൻസദിലെ മോഹൻ ഭാ​ഗവതിൻ്റെ പ്രസം​ഗത്തെയും പി ജയരാജൻ കുറ്റപ്പെടുത്തി.

‘മതനിരപേക്ഷത എന്നത് പാശ്ചാത്യ ആശയമാണ് എന്നാണ് മോഹൻ ഭാ​ഗവത് പറഞ്ഞത്. ഇന്ത്യൻ ഭരണഘടനയുടെ ആദ്യത്തെ വാചകത്തിൽ ഉൾപ്പെട്ടതാണ് മതനിരപേക്ഷത. ഇന്ത്യയിൽ മതനിരപേക്ഷത ശക്തിപ്പെട്ടത് രാജാക്കന്മാർക്ക് എതിരായി മതനേതാക്കന്മാർ നടത്തിയ യുദ്ധത്തെ തുടർന്നാണ് എന്നാണ് മോഹൻ ഭാ​ഗവത് പറഞ്ഞത്.

ശ്രീനാരായണ ​ഗുരുവിനെപ്പോലുള്ളവർ ജാതിക്കും മതത്തിനും അതീതമായ സാമൂഹ്യബോധത്തിൻ്റെ ആശയം വളർത്തിയ കേരളത്തിൻ്റെ മണ്ണിൽ വളരാൻ ഏകത പറയുകയും മതനിരപേക്ഷത പാശ്ചാത്യ ആശയമാണെന്ന് പറയുകയും ചെയ്യുന്ന സംഘപരിവാർ വഴിതേടുകയാണ്. അതിന് പശ്ചാത്ത സൗകര്യം ഒരുക്കുകയാണ് കേരളത്തിലെ വി ഡി സതീശൻ സർക്കാർ’ എന്നും പി ജയരാജൻ കുറ്റപ്പെടുത്തി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!