മയക്കുമരുന്ന് കടത്ത്; രണ്ട് പ്രവാസി ഡ്രൈവർമാർക്ക് 15 വർഷം തടവും 10,000 ദീനാർ പിഴയും ശിക്ഷ

malayalampress
1 Min Read

മനാമ: വിദേശത്തുനിന്നും കൊറിയർ വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഘത്തിലെ രണ്ട് ഡ്രൈവർമാർക്ക് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി 15 വർഷം തടവും 10,000 ദീനാർ വീതം പിഴയും ശിക്ഷ വിധിച്ചു. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് ഇന്ത്യൻ തൊഴിലാളികൾക്ക് മയക്കുമരുന്ന് ഉപയോഗിച്ചതിന് ഒരു വർഷം തടവും 1,000 ദീനാർ പിഴയും ചുമത്തിയിട്ടുണ്ട്.

ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം നാല് പ്രതികളെയും രാജ്യത്തുനിന്ന് നാടു കടത്താനും പിടിച്ചെടുത്ത മയക്കുമരുന്നുകൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. സ്പെയിനിൽ നിന്നും കൊറിയർ മാർഗ്ഗം എത്തിയ സംശയാസ്പദമായ പാർസൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

തുടർന്ന് ആന്റി നർക്കോട്ടിക്സ് ഡയറക്ടറേറ്റ് നടത്തിയ പ്ലാൻ അനുസരിച്ച് പാർസൽ കൈപ്പറ്റാൻ എത്തിയ 41 വയസ്സുകാരനായ ഒന്നാം പ്രതിയെ സംഭവസ്ഥലത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ വാഹനത്തിൽ നിന്ന് 15.7 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഓരോ പാർസൽ കൈപ്പറ്റുമ്പോഴും 35 ദീനാർ വീതം പ്രതിഫലം ലഭിച്ചിരുന്നതായി പ്രതി സമ്മതിച്ചു.

ലഭിക്കുന്ന മയക്കുമരുന്നുകൾ മറ്റ് ഉപഭോക്താക്കൾക്കായി രഹസ്യ സങ്കേതങ്ങളിൽ സൂക്ഷിക്കുന്ന ‘ഡെഡ് ഡ്രോപ്പ്’ രീതിയും ഇയാൾ നടത്തിയിരുന്നു. ഹെറോയിൻ, മോർഫിൻ, മെത്താംഫെറ്റമൈൻ തുടങ്ങിയ നിരോധിത ലഹരിമരുന്നുകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. 43 വയസ്സുകാരനായ രണ്ടാമത്തെ ഡ്രൈവറും മയക്കുമരുന്ന് ഇറക്കുമതി കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!