ടിക്കറ്റ് നിരക്കിൽ ഇളവ്, അധിക ലഗേജ്; വിദ്യാർ‌ഥികൾക്ക് വമ്പൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് എമിറേറ്റ്‌സ്

News Desk
1 Min Read

ദുബായ്: സ്വകാര്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കായി പ്രത്യേക യാത്രാ പാക്കേജുകളും മികച്ച ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്‌സ്. ടിക്കറ്റ് നിരക്കുകളിൽ വലിയ ഇളവ്, അധിക ലഗേജ് അനുമതി, യാത്രകൾ ബുക്ക് ചെയ്യുന്നതിൽ കൂടുതൽ ഫ്ലെക്സിബിലിറ്റി തുടങ്ങിയവയാണ് ഇതിലൂടെ ലഭിക്കുക.

ദുബായിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനും കൂടുതൽ രാജ്യാന്തര വിദ്യാർഥികളെ നഗരത്തിലേക്ക് ആകർഷിക്കുന്നതിനുമായി നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്‌മെന്റ് അതോറിറ്റിയുമായി (കെഎച്ച്ഡിഎ) എമിറേറ്റ്സ് ധാരണാപത്രത്തിൽ ഒപ്പുവച്ചു. അറേബ്യൻ ട്രാവൽ മാർക്കറ്റ് (എടിഎം) 2026-ന്റെ വേദിയിലാണ് ഇരുസ്ഥാപനങ്ങളും കരാറിലെത്തിയത്.

വിദ്യാർഥികൾക്ക് പുറമെ, അധ്യാപകർക്ക് എമിറേറ്റ്‌സ് അക്കാദമിക് പ്രോഗ്രാം വഴിയും ഹംദാൻ ബിൻ മുഹമ്മദ് സ്കോളർഷിപ് നേടുന്ന വിദ്യാർഥികൾക്ക് പ്രത്യേക പിന്തുണ വഴിയും യാത്രാ ആനുകൂല്യങ്ങൾ ലഭ്യമാക്കും. ദുബായ് എജ്യുക്കേഷൻ 33 (ഇ33), ദുബായ് ഇക്കണോമിക് അജൻഡ (ഡി33) എന്നിവയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പങ്കാളിത്തം. 2033-ഓടെ ദുബായിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രാജ്യാന്തര വിദ്യാർഥികളുടെ അനുപാതം 50 ശതമാനമായി ഉയർത്താനും ലോകത്തിലെ ഏറ്റവും മികച്ച 10 വിദ്യാർഥി നഗരങ്ങളിൽ ഒന്നായി ദുബായിയെ മാറ്റാനും പദ്ധതി ലക്ഷ്യമിടുന്നു.

കെഎച്ച്ഡിഎ സ്ട്രാറ്റജിക് ഡെവലപ്‌മെന്റ് സെക്ടർ സിഇഒ ഡോ. വാഫി ദാവൂദ്, എമിറേറ്റ്‌സ് ഡപ്യൂട്ടി പ്രസിഡന്റും ചീഫ് കൊമേഴ്‌സ്യൽ ഓഫിസറുമായ അദ്നാൻ കാസിം എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ദുബായ് ഡിപാർട്ട്‌മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം, ടീകോം ഗ്രൂപ്പ് എന്നിവയുമായി ചേർന്ന് വിദേശ വിപണികളിൽ ദുബായിയെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായി ഉയർത്തിക്കാട്ടാനുള്ള സംയുക്ത പ്രചാരണങ്ങളിലും എമിറേറ്റ്‌സ് പങ്കാളികളാകും.

ഇതിനുപുറമെ, രാജ്യാന്തര വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ ബി2ബി നെറ്റ്‌വർക്കായ ‘ഐസിഇഎഫു’മായും (ICEF) എമിറേറ്റ്‌സ് ധാരണാപത്രം ഒപ്പുവച്ചു. ഐസിഇഎഫ് അംഗീകൃത ഏജൻസികൾക്കും വിദ്യാർഥികൾക്കും പ്രത്യേക യാത്രാ സൗകര്യങ്ങൾ ലഭ്യമാക്കാനും വിദ്യാഭ്യാസ രംഗത്തെ യാത്രാ ആവശ്യങ്ങൾക്കായുള്ള പ്രധാന വിമാനക്കമ്പനിയായി എമിറേറ്റ്‌സിനെ മാറ്റാനും ഈ പങ്കാളിത്തം സഹായിക്കും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!