ജിദ്ദ – കോഴിക്കോട് ഫ്ലൈ നാസ് സര്‍വീസ് നാളെ മുതൽ

മുഹമ്മദ്‌ കല്ലിങ്ങൽ
1 Min Read

ജിദ്ദ: സഊദി അറേബ്യയിലെ പ്രത്യേക സാഹചര്യത്തില്‍ യാത്ര ബുദ്ധിമുട്ട് നേരിടുന്ന മലയാളി പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് ജിദ്ദ – കോഴിക്കോട് സെക്ടറില്‍ ഫ്ലൈ നാസിന്റെ നേരിട്ടുള്ള സര്‍വീസ് നവംബര്‍ മൂന്ന് മുതല്‍ സര്‍വീസ് ആരംഭിക്കുന്നു. സഊദിയിലെ എല്ലാ വിമാനത്താവളത്തില്‍ നിന്നും കണക്ഷന്‍ ലഭിക്കുന്നതിനാല്‍ സഊദിയിലെ പ്രവാസികള്‍ക്ക് ഈ സര്‍വീസ് വലിയ അനുഗ്രഹമാവും.

നാളെ പുലര്‍ച്ചെ 2.20 ന് പുറപ്പെടുന്ന വിമാനം രാവിലെ 10 മണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങും. തിരിച്ചു 11 മണിക്ക് പുറപ്പെട്ട് ഉച്ചക്ക് 2.50 ന് ജിദ്ദയില്‍ എത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായി ആഴ്‌ചയില്‍ മൂന്ന്‌ ദിവസമാണ് ഇപ്പോള്‍ സര്‍വീസ് ഉണ്ടാവുക. എന്നാല്‍ ഭാവിയില്‍ ഇത് പ്രതിദിന സര്‍വീസ് ആവാന്‍ സാധ്യതയുണ്ട്. പ്രവാസികള്‍ക്ക് മാത്രമല്ല, ഉംറ തീര്‍ത്ഥാടകര്‍ക്കും ഈ സര്‍വീസ് ഏറെ ഉപകാരപ്പെടും.

സഊദി അറേബ്യയുടെ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈനാസ് ഇന്ത്യന്‍ കമ്പനികളെ അപേക്ഷിച്ച് സമയനിഷ്ഠ പാലിക്കുന്നതിനാല്‍ പ്രവാസികള്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന വിമാന കമ്പനിയാണ്. വര്‍ഷങ്ങളായി റിയാദ് – കോഴിക്കോട് സെക്ടറില്‍ ഫ്ലൈ നാസ് പ്രതിദിന സര്‍വീസ് നടത്തുന്നുണ്ട്.

ഡിസംബർ മുതല്‍ സഊദി എയര്‍ലൈന്‍സ് ജിദ്ദ – കോഴിക്കോട് സര്‍വീസ് പുനരാരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. രണ്ട് സഊദി വിമാന കമ്പനികള്‍ നേരിട്ട് ജിദ്ദ – കോഴിക്കോട് സര്‍വീസ് ആരംഭിക്കുന്നതോടെ മലബാറിലെ പ്രവാസികളുടെയും ഉംറ തീര്‍ത്ഥാടകരുടെയും യാത്ര ബുദ്ധിമുട്ട് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!