ഇനി ഒടിപിക്കും എസ്എംഎസിനുമായി കാത്തിരിക്കേണ്ട: ഡിജിറ്റൽ ഇടപാടുകൾക്ക് കൂടുതൽ കരുത്തുറ്റ സുരക്ഷ വരുന്നു

News Desk
2 Min Read

ദുബായ്: ഇനി ഒടിപിക്കും എസ്എംഎസിനുമായി കാത്തിരിക്കേണ്ട, ഓൺലൈൻ പണമിടപാടുകൾക്കു കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതി വരുന്നു. പരമ്പരാഗത എസ്എംഎസ്, ഇമെയിൽ വൺ-ടൈം പാസ്‌വേഡ് (ഒടിപി) രീതികൾ പൂർണമായി ഒഴിവാക്കി യുഎഇയിലെ ബാങ്കുകൾ. പകരം, ബാങ്കിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയുള്ള അനുമതിയും ബയോമെട്രിക് സ്ഥിരീകരണവുമാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.

തട്ടിപ്പുകൾ തടയുന്നതിനായി പരമ്പരാഗത സുരക്ഷാ രീതികൾ ഘട്ടംഘട്ടമായി നിർത്തലാക്കാൻ യുഎഇ സെൻട്രൽ ബാങ്ക് ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആപ്പുകൾ കേന്ദ്രീകരിച്ചുള്ള പുതിയ സുരക്ഷാ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നത്.

ഇനി മുതൽ ഓൺലൈനിൽ സാധനങ്ങളോ സേവനങ്ങളോ വാങ്ങുമ്പോൾ ബാങ്ക് കാർഡ് വിവരങ്ങൾ നൽകിയ ശേഷം എസ്എംഎസ് ഒടിപിക്കായി കാത്തിരിക്കേണ്ടതില്ല. അതിനുപകരം, ഇടപാട് പൂർത്തിയാക്കാൻ നിങ്ങളുടെ ബാങ്കിങ് ആപ്പ് തുറന്ന് അനുമതി നൽകണമെന്ന് പെയ്മെന്റ് സ്ക്രീനിൽ സന്ദേശം ലഭിക്കും.

ചില ബാങ്കുകൾ ഇടപാട് സ്ഥിരീകരിക്കാൻ ആപ്പ് തുറക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഫോണിലേക്ക് സന്ദേശമയക്കും. ആപ്പിലെ ‘ആക്ടിവിറ്റീസ്’ അല്ലെങ്കിൽ ‘പെൻഡിങ് ട്രാൻസാക്ഷൻസ്’ വിഭാഗത്തിൽ പോയി കുറഞ്ഞ സമയത്തിനുള്ളിൽ ഇടപാട് പരിശോധിച്ച് അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം.

∙ ബയോമെട്രിക് സ്ഥിരീകരണം

ബാങ്കിങ് ആപ്പുകളിൽ വിരലടയാളം അല്ലെങ്കിൽ ഫെയ്സ് ഐഡി ഉപയോഗിച്ച് ഇടപാടുകൾ വളരെ എളുപ്പത്തിൽ സ്ഥിരീകരിക്കാം. ഇതിനായി ബാങ്കിങ് ആപ്പിൽ മുൻകൂട്ടി ബയോമെട്രിക് സംവിധാനം റജിസ്റ്റർ ചെയ്തിരിക്കണം. ചില ബാങ്കുകളിൽ ഡിജിറ്റൽ പിൻ അല്ലെങ്കിൽ സ്മാർട്ട് പാസ് പിൻ ഉപയോഗിച്ചും അനുമതി നൽകാം. ഉദാഹരണത്തിന്, ദുബായ് ഇസ്‌ലാമിക് ബാങ്ക് (ഡിഐബി) ഉപയോക്താക്കൾക്ക് ഇൻ-ആപ്പ് നോട്ടിഫിക്കേഷൻ വഴി ബയോമെട്രിക് ഉപയോഗിച്ചു വളരെ വേഗത്തിൽ ഇടപാട് പൂർത്തിയാക്കാം. ഓരോ ബാങ്കിന്റെയും ആപ്പുകളിലെ സംവിധാനങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാമെന്നതിനാൽ ഉപയോക്താക്കൾ അതത് ബാങ്കുകളുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്.

എസ്എംഎസ്, ഇമെയിൽ ഒടിപികൾ തട്ടിയെടുക്കാനും സാമ്പത്തിക തട്ടിപ്പുകൾ നടത്താനും തട്ടിപ്പുകാർക്ക് എളുപ്പമാണെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. സിം സ്വാപ്പിങ് വഴി മൊബൈൽ നമ്പർ മറ്റ് സിം കാർഡുകളിലേക്ക് മാറ്റി ഒടിപികൾ ചോർത്താനും ഫിഷിങ് സന്ദേശങ്ങൾ വഴി ഉപയോക്താക്കളെ വഞ്ചിക്കാനും തട്ടിപ്പുകാർ ശ്രമിക്കാറുണ്ട്.

ബാങ്കിന്റെ സുരക്ഷിതമായ മൊബൈൽ ആപ്പിനുള്ളിൽത്തന്നെ ഇടപാടുകളുടെ സ്ഥിരീകരണം നടത്തുന്നതിലൂടെ ഇത്തരം സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കാനും ഇടപാടുകാരുടെ പണം സുരക്ഷിതമായി നിലനിർത്താനും സാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!