ഓപറേഷന്‍ തൂഫാന്‍; രണ്ടാംഘട്ടം ഗ്രാമങ്ങളിലേക്ക്……

News Desk
1 Min Read

തിരുവനന്തപുരം: ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ഓപറേഷന്‍ തൂഫാന്‍’ പദ്ധതിയുടെ രണ്ടാംഘട്ടം ഈമാസം 28ന് ആരംഭിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. രണ്ടാംഘട്ടത്തില്‍ പദ്ധതി ഗ്രാമങ്ങളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ ഓപറേഷന്‍ തൂഫാന്‍ കൂടുതല്‍ ജനകീയമാക്കി മാറ്റും. ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനൊപ്പം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപിന്തുണ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

‘തൂഫാന്‍ സ്‌ട്രൈക്ക്’, ‘തൂഫാന്‍ എജ്യൂക്കേറ്റ്’, ‘തൂഫാന്‍ കെയര്‍’ എന്നിങ്ങനെ മൂന്ന് തലങ്ങളിലാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. പദ്ധതിയുടെ ആദ്യ 100 ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായിരുന്നുവെന്നും സ്ത്രീകളില്‍ നിന്നും അമ്മമാരില്‍ നിന്നും വലിയ പ്രശംസ ലഭിച്ചെന്നും മന്ത്രി പറഞ്ഞു. ലഹരിക്കടത്ത് തടയുന്നതിനായി അയല്‍ സംസ്ഥാനങ്ങളുമായും കേന്ദ്ര ഏജന്‍സികളുമായും സഹകരിച്ച് സംയുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും.

അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഡി ജി പിമാരുമായും കസ്റ്റംസ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുമായും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് രാജ്യത്തെ ലഹരിമുക്തമാക്കാനുള്ള ദീര്‍ഘകാല പ്രവര്‍ത്തനങ്ങളില്‍ കേരള പോലീസ് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!