ദുബായ്-അബുദാബി വെറും 30 മിനിറ്റ്; പ്രവാസിമലയാളികൾക്ക് ഇനി താമസം മാറ്റേണ്ട

News Desk
2 Min Read

ദുബായ്: കാറിൽ ഒന്നര മണിക്കൂറെടുത്തിരുന്ന ദുബായ്-അബുദാബി യാത്രയ്ക്ക് വെറും 30 മിനിറ്റ്. യുഎഇയുടെ പുതിയ ഹൈസ്പീഡ് റെയിൽ സർവീസിൽ മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിൽ പറപറക്കാം. ഇത്തിഹാദ് റെയിൽ ശൃംഖലയുടെ ഭാഗമായിരിക്കുമെങ്കിലും നിലവിലെ ദേശീയ പാസഞ്ചർ റെയിലിൽനിന്ന് വ്യത്യസ്തമായി പൂർണമായും വൈദ്യുതീകരിച്ച പ്രത്യേക ഹൈസ്പീഡ് റെയിൽ സംവിധാനമായാണ് പദ്ധതി വികസിപ്പിക്കുന്നത്.

ദുബായിൽ ഹൈസ്പീഡ് ട്രെയിനിനായി 2 പ്രധാന സ്റ്റേഷനുകളാണ് പദ്ധതിയിലുള്ളത്. അൽമക്തൂം രാജ്യാന്തര വിമാനത്താവളത്തിന് സമീപവും അൽ ജദ്ദാഫിലും. അബുദാബിയിൽ റീം ഐലൻഡ്, സാദിയാത്ത് ഐലൻഡ്, യാസ് ഐലൻഡ് എന്നിവിടങ്ങളിലായി 3 സ്റ്റേഷനുകളും ഉൾപ്പെടുന്നു. ഇതോടെ നഗരകേന്ദ്രങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയെ അതിവേഗ റെയിൽ ബന്ധിപ്പിക്കും.

∙ എന്താണ് വ്യത്യാസം?

ഇപ്പോൾ സർവീസ് ആരംഭിച്ച ദേശീയ പാസഞ്ചർ ട്രെയിൻ നഗരങ്ങൾക്കും വിവിധ പ്രദേശങ്ങൾക്കുമിടയിലെ പൊതുഗതാഗതം ലക്ഷ്യമിടുന്നതാണ്. അതിന്റെ സർവീസുകൾ ഘട്ടംഘട്ടമായി 11 നഗരങ്ങളിലേക്കും പ്രദേശങ്ങളിലേക്കും വ്യാപിക്കും. പുതിയ ഹൈസ്പീഡ് ട്രെയിൻ അതിൽനിന്ന് വ്യത്യസ്തമായി അബുദാബി–ദുബായ് അതിവേഗ യാത്രയ്ക്കായി പ്രത്യേകമായി രൂപകൽപന ചെയ്തതാണ്. ദേശീയ പാസഞ്ചർ സർവീസ് 200 കിലോമീറ്റർ വരെ വേഗത്തിലാണെങ്കിൽ ഹൈസ്പീഡ് ട്രെയിനിന്റെ പരമാവധി വേഗം 350 കിലോമീറ്റർ ആയിരിക്കും.

∙ താമസം മാറ്റേണ്ട

അര മണിക്കൂർ യാത്രയോടെ ദുബായിലും അബുദാബിയിലും ജോലി ചെയ്യുന്നവർക്ക് താമസം മാറ്റാതെ തന്നെ 2 നഗരങ്ങളിലെയും തൊഴിൽ വിപണി ഉപയോഗപ്പെടുത്താൻ കൂടുതൽ അവസരം ലഭിക്കും. ഒരേ ദിവസം തന്നെ ഇരുഎമിറേറ്റുകളിലും ബിസിനസ് യോഗങ്ങൾ നടത്താനും നഗരങ്ങൾക്കിടയിലെ യാത്ര കൂടുതൽ എളുപ്പമാക്കാനും പദ്ധതി സഹായിക്കും. വിനോദസഞ്ചാരികൾക്കും വിമാനത്താവളങ്ങളിൽനിന്ന് നഗരങ്ങളിലേക്കുള്ള യാത്ര കൂടുതൽ വേഗത്തിലാക്കാനാകും.

യാത്രക്കാരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ഉയർന്ന ശേഷിയിലും കൂടുതൽ സർവീസുകളിലും പ്രവർത്തിക്കുന്ന ശൃംഖലയാണ് ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ദേശീയ പാസഞ്ചർ റെയിൽ സർവീസും ഹൈസ്പീഡ് റെയിലും ചേർന്ന് കൂടുതൽ ഏകീകൃത ഗതാഗത സംവിധാനം രൂപപ്പെടുത്തുകയാണ് ലക്ഷ്യം.

∙ 50 വർഷത്തിനിടെ 14,500 കോടി ദിർഹം

ഹൈസ്പീഡ് റെയിൽ ഗതാഗത പദ്ധതി മാത്രമല്ല, ദീർഘകാല സാമ്പത്തിക നിക്ഷേപം കൂടിയാണ്. അടുത്ത 50 വർഷത്തിനിടെ യുഎഇയുടെ ജിഡിപിയിലേക്ക് 14,500 കോടി ദിർഹം വരെ സംഭാവന ചെയ്യുമെന്നാണ് ഇത്തിഹാദ് റെയിലിന്റെ കണക്ക്. തൊഴിലാളികളുടെ സഞ്ചാരശേഷി വർധിപ്പിക്കുക, ബിസിനസ് മേഖലകളെ കൂടുതൽ അടുത്തുകൊണ്ടുവരിക, ടൂറിസവും നിക്ഷേപവും ശക്തിപ്പെടുത്തുക എന്നിവയാണ് പ്രതീക്ഷിക്കുന്ന പ്രധാന നേട്ടങ്ങൾ.

∙ റോഡിൽനിന്ന് റെയിലിലേക്ക്

പൂർണമായും വൈദ്യുതീകരിച്ച പ്രത്യേക പാതയായതിനാൽ ഉയർന്ന വേഗത്തിനൊപ്പം കൂടുതൽ കാര്യക്ഷമമായ പ്രവർത്തനവും മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിടുന്നു. റോഡ് ഗതാഗതത്തെ ആശ്രയിക്കുന്ന അബുദാബി–ദുബായ് യാത്രക്കാർക്ക് പുതിയൊരു അതിവേഗ ബദൽ ഒരുക്കുന്നതോടൊപ്പം രാജ്യത്തെ പ്രധാന സാമ്പത്തിക, വിനോദസഞ്ചാര കേന്ദ്രങ്ങളെ ഒരു ഗതാഗത ശൃംഖലയിൽ കൂടുതൽ അടുത്തുകൊണ്ടുവരികയാണ് പദ്ധതിയുടെ വലിയ ലക്ഷ്യം.

2025 ജനുവരി 23ന് അൽഫയാ ഡിപ്പോയിൽ പദ്ധതിയുടെ പ്രഖ്യാപനം നടന്നിരുന്നു. പദ്ധതിയുടെ കരാറുകൾക്കായുള്ള ടെൻഡറുകളും നെറ്റ്‌വർക്ക് രൂപകൽപനയുടെ അംഗീകാരവും ഉൾപ്പെടെയുള്ള നടപടികൾ ഇതിനകം മുന്നേറിയതായി ഇത്തിഹാദ് റെയിൽ വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!