റിയാദ്: ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എസ്.എം.ഇ) വളർച്ച വേഗത്തിലാക്കാനും രാജ്യത്ത് ബിസിനസ് നടത്തുന്നതിനുള്ള ചെലവ് കുറയ്ക്കാനും ലക്ഷ്യമിട്ട് സൗദി അറേബ്യ പുതിയ ദേശീയ സംരംഭകത്വ, ചെറുകിട-ഇടത്തരം സംരംഭ തന്ത്രത്തിന് അംഗീകാരം നൽകി. തന്ത്രത്തിന്റെ ഭാഗമായി നേരിട്ടും പരോക്ഷമായും 5 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ഇന്നലെ സഊദി മന്ത്രിസഭ അംഗീകരിച്ച തന്ത്രത്തിൽ 13 പദ്ധതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സംഭാവന 35 ശതമാനമായി ഉയർത്താനും ലക്ഷ്യമിടുന്നു. സംരംഭകത്വത്തിനും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുമുള്ള ജനറൽ അതോറിറ്റി (മോൺഷാഅത്ത്) ചെയർമാനും വാണിജ്യമന്ത്രിയുമായ ഡോ. മാജിദ് അൽ ഖസാബിയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ വിശദീകരിച്ചത്.
ധനസഹായം, വിപണി പ്രവേശനം, പ്രവർത്തനശേഷി, നിയമനടപടികൾ, നവീകരണം തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ചാണ് 13 പദ്ധതികൾ നടപ്പാക്കുക. സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പിന്തുണയിൽനിന്ന് അവയുടെ വളർച്ചയ്ക്കും വിപുലീകരണത്തിനും അന്താരാഷ്ട്രതലത്തിലെ മത്സരശേഷിക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലേക്കാണ് പുതിയ തന്ത്രത്തിലൂടെ സൗദി ശ്രദ്ധ നൽകുന്നത്.
വ്യവസായ നഗരങ്ങളിലും പ്രത്യേക സാമ്പത്തിക മേഖലകളിലും പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും പിന്തുണ നൽകുന്ന പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. വാണിജ്യ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും സൗദി സംരംഭങ്ങളുടെ അന്താരാഷ്ട്ര വിപണി പ്രവേശനവും കയറ്റുമതിയും വർധിപ്പിക്കുന്നതിനും നടപടികളുണ്ടാകും. സർക്കാർ സംഭരണത്തിലും വൻകിട കമ്പനികളുടെ വാങ്ങലുകളിലും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കാനും ലക്ഷ്യമിടുന്നു.
സംരംഭകത്വ മേഖലയിലെ വിവിധ ഡാറ്റാബേസുകളുമായി ബന്ധിപ്പിച്ച സമഗ്ര ചെറുകിട, ഇടത്തരം സംരംഭ ഡാറ്റാബേസ് സ്ഥാപിക്കാനും പദ്ധതിയുണ്ട്. നൂതന ആശയങ്ങളുള്ള അന്താരാഷ്ട്ര സ്റ്റാർട്ടപ്പുകളെ സൗദിയിലേക്ക് ആകർഷിച്ച് രാജ്യത്ത് പ്രവർത്തനം ആരംഭിക്കാൻ സഹായിക്കുക, വിവിധ മേഖലകളിലെ സൗദിവൽക്കരണത്തിന്റെ കുറഞ്ഞ പരിധി പുനഃപരിശോധിക്കുക, ബിസിനസ് ചെലവുകൾ കുറയ്ക്കുക എന്നിവയും തന്ത്രത്തിലെ പ്രധാന നിർദേശങ്ങളാണ്.
സാമ്പത്തിക സാക്ഷരത മെച്ചപ്പെടുത്തൽ, ധനസഹായം ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കൽ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വായ്പ നൽകുന്ന സ്ഥാപനങ്ങൾക്ക് പ്രോത്സാഹനങ്ങൾ നൽകൽ തുടങ്ങിയ നടപടികളും നടപ്പാക്കും. 2030ഓടെ സംരംഭകത്വ നൈപുണ്യവും അറിവും അളക്കുന്ന ആഗോള സൂചികയിൽ ഒന്നാം സ്ഥാനത്തെത്തുകയാണ് സൗദിയുടെ മറ്റൊരു ലക്ഷ്യം.
വിഷൻ 2030ന്റെ ഭാഗമായി രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിൽ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പങ്ക് ശക്തിപ്പെടുത്താനും വിവിധ മേഖലകളിലെ അവസരങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്താൻ അവയെ പ്രാപ്തമാക്കാനുമാണ് തന്ത്രം ലക്ഷ്യമിടുന്നതെന്ന് അൽ ഖസാബി പറഞ്ഞു
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
