ദുബൈ: പതിറ്റാണ്ടുകളായി ഗള്‍ഫിലെ മലയാളി പ്രവാസികളുടെ വായനയുടെ ഭാഗമായിരുന്ന മാതൃഭൂമി ഗള്‍ഫ് എഡിഷന്‍ പ്രിന്റിംഗ് നിർത്തുന്നു. സെപ്റ്റംബര്‍ 17 മുതല്‍ ഗള്‍ഫ് എഡിഷന്‍ പൂര്‍ണമായും നിർത്തി പകരം ഇ-പേപ്പര്‍ മാത്രമായി ചുരുങ്ങും. അച്ചടി പതിപ്പ് അവസാനിപ്പിക്കുന്ന തീരുമാനം ഒരു പ്രസിദ്ധീകരണത്തിന്റെ മാത്രം മാറ്റമല്ല. വായനക്കാരുടെ ശീലങ്ങളിലും വാര്‍ത്താ വിതരണരീതികളിലും മാധ്യമങ്ങളുടെ വരുമാന മാതൃകകളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന വലിയ മാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്. ഏകദേശം മാസങ്ങൾക്കു മുമ്പാണ് സുപ്രഭാതം ദിനപ്പത്രം ഗൾഫ് എഡിഷൻ നിർത്തിയത്. അതിന് മുമ്പ് പല മലയാളം പത്രങ്ങളും ഗൾഫ് എഡിഷൻ പ്രിന്റിംഗ് നിർത്തുകയോ ഇപ്പോൾ നിർത്തേണ്ട അവസ്ഥയിലോ എത്തിയിട്ടുണ്ട്.
സുപ്രഭാതം പത്രത്തെ പോലെ തന്നെ അച്ചടി പത്രത്തിന് പകരം ഇ-പേപ്പറിലൂടെ മാതൃഭൂമി ഗള്‍ഫ് വായനക്കാരിലേക്ക് തുടര്‍ന്നും എത്തും. മാതൃഭൂമിയുടെ ഇ-പേപ്പര്‍ സംവിധാനത്തില്‍ പത്രത്തിന്റെ പേജുകള്‍ ഡിജിറ്റലായി വായിക്കാനും വിവിധ പതിപ്പുകള്‍ തിരഞ്ഞെടുക്കാനും പഴയ ലക്കങ്ങള്‍ പരിശോധിക്കാനും മൊബൈല്‍ ഫോണിലൂടെയും മറ്റ് ഉപകരണങ്ങളിലൂടെയും ഉള്ളടക്കം ലഭ്യമാക്കാനും സാധിക്കും.
വായനക്കാരുടെ ശീലം, അച്ചടി പത്രത്തിന്റെ ചെലവ്, പരസ്യവരുമാനത്തിലെ മാറ്റം, വാർത്തയുടെ വേഗത തുടങ്ങിയ ഘടകങ്ങൾ ആണ് പ്രിന്റിംഗ് മേഖലയിൽ നിന്ന് പത്രങ്ങളെ പിറകോട്ടടുപ്പിക്കുന്നത്.
ഒരു പത്രം വായനക്കാരിലെത്തിക്കുന്നതിന് ഉള്ളടക്കം തയ്യാറാക്കുന്നതിന് പുറമെ അച്ചടി, പേപ്പര്‍, വിതരണം, സംഭരണം തുടങ്ങിയ നിരവധി ഘട്ടങ്ങളുണ്ട്. പത്രത്തിന്റെ ഓരോ കോപ്പിയും അച്ചടിച്ച് നിശ്ചിത സമയത്തിനുള്ളില്‍ വിവിധ സ്ഥലങ്ങളിലെത്തിക്കേണ്ടതുണ്ട്. ഗള്‍ഫ് പോലുള്ള വിശാലമായ പ്രവാസി സമൂഹത്തിലേക്ക് പ്രത്യേക എഡിഷന്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതിനും ഇതേ രീതിയിലുള്ള ചെലവുകളും സംവിധാനങ്ങളും ആവശ്യമാണ്.
ഡിജിറ്റല്‍ പതിപ്പില്‍ അച്ചടി, ഭൗതിക വിതരണം തുടങ്ങിയ ഘട്ടങ്ങള്‍ ഒഴിവാക്കാനാകും. ഒരു വാര്‍ത്തയോ പത്രത്തിന്റെ ഒരു ലക്കമോ ഒരേസമയം വിവിധ സ്ഥലങ്ങളിലുള്ള വായനക്കാരിലേക്ക് എത്തിക്കാനും കഴിയും. അതേസമയം, ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് വെബ്സൈറ്റ്, ആപ്പ്, സെര്‍വര്‍, സാങ്കേതിക സംവിധാനങ്ങള്‍, ഡിജിറ്റല്‍ സുരക്ഷ തുടങ്ങിയ പുതിയ അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണ്.
പരസ്യവരുമാനത്തിലെ മാറ്റം
അച്ചടി മാധ്യമങ്ങളുടെ സാമ്പത്തിക മാതൃകയില്‍ പരസ്യവരുമാനത്തിന് വലിയ സ്ഥാനമുണ്ട്. എന്നാല്‍ പരസ്യദാതാക്കളുടെ ശ്രദ്ധ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലേക്കും മാറിയിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ പത്രഗ്രൂപ്പുകളുടെ വരുമാനത്തിലും ഈ മാറ്റം പ്രകടമാണ്. 2026ലെ ക്രിസില്‍ റേറ്റിംഗ്‌സ് വിലയിരുത്തല്‍ പ്രകാരം, രാജ്യത്തെ വലിയ പത്രഗ്രൂപ്പുകളുടെ മൊത്തം വരുമാനത്തില്‍ അച്ചടിയേതര വരുമാനത്തിന്റെ പങ്ക് ഈ സാമ്പത്തിക വര്‍ഷം ഏകദേശം 25 ശതമാനമായി ഉയരുമെന്നാണ് കണക്കാക്കുന്നത്; 2019ല്‍ ഇത് ഏകദേശം 13 ശതമാനമായിരുന്നു.
അച്ചടി പരസ്യത്തിന്റെ പ്രാധാന്യം കുറയുന്നതിനൊപ്പം ഡിജിറ്റല്‍ പരസ്യം, ഡിജിറ്റല്‍ സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയ വരുമാന മാര്‍ഗങ്ങള്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പ്രധാനമാകുകയാണ്. ലോകത്തെ വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ അച്ചടി വരുമാനം കുറയുന്നതിനൊപ്പം ഡിജിറ്റല്‍ വരുമാനം ഉയരുന്ന പ്രവണതയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
അച്ചടി മാധ്യമങ്ങള്‍ നേരിടുന്ന പ്രധാന മാറ്റങ്ങളിലൊന്ന് വായനക്കാരുടെ വാര്‍ത്താ ഉപഭോഗ രീതിയിലുണ്ടായ വ്യത്യാസമാണ്. നേരത്തെ രാവിലെ പത്രം കാത്തിരുന്ന വായനക്കാരുടെ വലിയൊരു വിഭാഗം ഇന്ന് മൊബൈല്‍ ഫോണിലൂടെയും വെബ്സൈറ്റുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും വാര്‍ത്തകള്‍ അറിയുന്നു. വാര്‍ത്ത സംഭവിക്കുന്ന സമയത്ത് തന്നെ വായിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ സംവിധാനങ്ങള്‍ അച്ചടി പത്രത്തിന്റെ അടുത്ത ദിവസം ലഭിക്കുന്ന വാര്‍ത്താ രീതിയില്‍നിന്ന് വ്യത്യസ്തമാണ്.
ഗള്‍ഫ് മേഖലയിലും ഈ മാറ്റം നേരത്തെ തന്നെ പ്രകടമായിരുന്നു. ഉയര്‍ന്ന ഇന്റര്‍നെറ്റ് ഉപയോഗവും സ്മാര്‍ട്ട്ഫോണ്‍ വ്യാപനവും ഓണ്‍ലൈന്‍ വാര്‍ത്താ ഉപഭോഗം വര്‍ധിപ്പിച്ചിട്ടുണ്ട്. യു.എ.ഇയിലെ അച്ചടി മാധ്യമങ്ങളെക്കുറിച്ചുള്ള മുന്‍കാല മാധ്യമപഠനങ്ങളിലും ഹാര്‍ഡ് കോപ്പി വായനയില്‍നിന്ന് ഓണ്‍ലൈന്‍ പതിപ്പുകളിലേക്കുള്ള മാറ്റം രേഖപ്പെടുത്തിയിട്ടുണ്ട്.
ഗള്‍ഫ് മാധ്യമരംഗത്തും മാറ്റം
മാതൃഭൂമി ഗള്‍ഫ് എഡിഷന്റെ അച്ചടി അവസാനിപ്പിക്കുന്നത് ഗള്‍ഫ് മാധ്യമരംഗത്ത് നടക്കുന്ന വലിയ ഡിജിറ്റല്‍ മാറ്റത്തിന്റെ പശ്ചാത്തലത്തിലാണ്. സഊദി അറേബ്യയിലെ പ്രമുഖ അറബിക് ദിനപത്രമായ അല്‍ റിയാദും അച്ചടി പ്രസിദ്ധീകരണം അവസാനിപ്പിച്ച് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലേക്ക് മാറിയിട്ടുണ്ട്. അല്‍ റിയാദിന്റെ അവസാന അച്ചടി പതിപ്പ് ഓഗസ്റ്റ് 24ന് പുറത്തിറങ്ങിയതിനു പിന്നാലെയാണ് വെബ്സൈറ്റ്, ആപ്പ്, ഇ-പേപ്പര്‍ എന്നിവയിലൂടെയുള്ള പ്രസിദ്ധീകരണം തുടരുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
