ഒടിടി പ്ലാറ്റ്ഫോമുകൾക്ക് ആർഎസ്എസ് വക ‘സെൻസർഷിപ്പ്’

News Desk
1 Min Read

ന്യൂഡൽഹി: ഒടിടി (ഓവർ ദി ടോപ്പ്) പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങൾ നിരീക്ഷിക്കാനുള്ള നീക്കവുമായി ആർഎസ്എസ്. പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിനും സാംസ്കാരിക അധഃപതനം തടയുന്നതിനുമുള്ള മാർഗങ്ങൾ സംബന്ധിച്ച് സർക്കാരിന് ശുപാർശ നൽകാനുമായി ആർഎസ്എസ് അനൗപചാരിക സമിതി രൂപീകരിച്ചു.

വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പ്രചാരകരും മുൻ വൈസ് ചാൻസലർമാരും ഉൾപ്പെടുന്നതാണ് സമിതി. തിയേറ്ററിൽ കാണിക്കുന്ന സിനിമകൾക്ക് സെൻസർ ബോർഡ് ഉള്ളതുപോലെ ഒടിടി പ്ലാറ്റ്ഫോമുകൾക്കും നിയന്ത്രണ സംവിധാനമോ സെൻസർഷിപ്പോ വേണമെന്നാണ് സമിതിയുടെ പ്രധാന നിർദേശം. ഒരു ദേശീയ മാദ്ധ്യമമാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ടുചെയ്തത്.

ഒടിടിയിലെ ഉള്ളടക്കങ്ങൾ കുടുംബങ്ങൾക്കും യുവ തലമുറയ്ക്കും എന്തൊക്കെ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നതെന്ന് സമിതി വിശദമായി പഠിക്കും. തുടർന്ന് സാംസ്കാരിക അധഃപതനം തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ തയ്യാറാക്കി കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനും ബന്ധപ്പെട്ട അധികാരികൾക്കും സമർപ്പിക്കാനാണ് തീരുമാനം. നിയമവിദഗ്ദ്ധരുമായി കൂടിയാലോചിച്ചശേഷമായിരിക്കും അന്തിമ റിപ്പോർട്ട് നൽകുക.കുടുംബങ്ങളുടെ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന ആർഎസ്എസിന്റെ വിഭാഗമായ കുടുംബ ബോധന്റെ റിപ്പാേർട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ഒടിടി പ്ലാറ്റ്ഫോമുകളിലെ ചില ഉളളടക്കങ്ങൾ ധാർമിക അധഃപതനത്തിന് കാരണമാകുമെന്ന പരാതി നേരത്തേതന്നെ ആർ എസ് എസ് ഉയർത്തിയിരുന്നു.

പ്രത്യേക സെൻസർഷിപ്പുകളില്ലാതെയാണ് ഒടിടി പ്ലാറ്റ്ഫോമുകളിൽ ഉള്ളടക്കങ്ങൾ പ്രവർത്തിക്കുന്നത്. അശ്ലീല ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചതിനും ഐടി നിയമങ്ങൾ ലംഘിച്ചതിനും രണ്ടുവർഷത്തിനിടെ 50 ഒടിടി പ്ലാറ്റ്ഫോമുകളാണ് കേന്ദ്രസർക്കാർ നിരോധിച്ചത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!