വ്യവസായിയുടെ കൊലപാതകം: മരുമകൾക്കു പുറമെ മകനും പങ്ക് ?

News Desk
2 Min Read

ലക്നൗ: ഉത്തർ പ്രദേശിലെ കാൺപുരിൽ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനും പങ്കെന്ന് സൂചന. ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ വിനീത് മനോച്ച (63) കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.

സെപ്റ്റംബർ 5ന് നടന്ന കൊലപാതകത്തിൽ വിനീതിന്റെ മരുമകൾ ഷാലുവിനെയും കൊല നടത്തിയ സഹായികളായ വിശാൽ ഗൗതം, രാജ് കിഷോർ എന്നിവരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിനീതിന്റെ വീട്ടിലെ മുൻ ജോലിക്കാരനാണ് വിശാൽ. ചോദ്യം ചെയ്യലിൽ ഷാലു (36) ആവശ്യപ്പെട്ടിട്ടാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികൾ പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാലുവിന്റെ ഭർത്താവും വിനീതിന്റെ മകനുമായ സുബ്രതിനും കൊലപാതകത്തെ കുറിച്ച് അറിവുണ്ടെന്ന് പൊലീസിന് വിവരം ലഭിക്കുന്നത്.

വിനീത് മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് പ്രതിയായ വിശാൽ പുതിയ സിം കാർഡ് വാങ്ങിയിരുന്നെന്നും ഇതിലൂടെയാണ് ഷാലുവിനോട് സംസാരിച്ചിരുന്നതെന്നും പൊലീസ് കമ്മിഷണർ രഘുബീർ ലാൽ പറഞ്ഞു. എന്നാൽ ഇതേ നമ്പറിൽനിന്ന് ആറു തവണ സുബ്രതിന്റെ നമ്പറിലേക്കും വിളിച്ചിട്ടുണ്ട്.

ഷാലുവാണ് കൊലപാതകം ആസൂത്രണം ചെയ്തതെങ്കിൽ എന്തിനാണ് സുബ്രതിന്റെ നമ്പറിലേക്ക് കൊലയാളി വിളിച്ചതെന്ന ചോദ്യത്തിനാണ് ഉത്തരം കണ്ടെത്തേണ്ടതെന്നും കമ്മിഷണർ കൂട്ടിച്ചേർത്തു. മേയ് ഒന്നു മുതൽ സെപ്റ്റംബർ 5 വരെയുള്ള സമയം പുതിയ സിം ഉപയോഗിച്ചുൾപ്പെടെ 309 തവണ വിശാലും സുബ്രതും തമ്മിൽ സംസാരിച്ചിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

ഭർതൃപിതാവ് തന്നെ സിസിടിവി വഴി നിരന്തരം നിരീക്ഷിച്ചിരുന്നെന്നും ‌രാത്രി വൈകിയുള്ള പാർട്ടികളിൽ പങ്കെടുക്കുന്നതിനെയും വൈകി വീട്ടിൽ വരുന്നതിനെയും അദ്ദേഹം എതിർത്തിരുന്നുവെന്നും ഷാലു പൊലീസിനോട് പറഞ്ഞു. ജൂലൈ 28-ാം തീയതി രാത്രി വൈകി വീട്ടിലെത്തിയ ഷാലുവിനെ വിനീത് വഴക്കുപറഞ്ഞിരുന്നു. ഇതോടെയാണ് ഇയാളെ കൊലപ്പെടുത്താമെന്ന് യുവതി കരുതിയത്. ഭർതൃപിതാവിനെ കൊല്ലാനായി വീട്ടിലെ മുൻ ജീവനക്കാരനായ വിശാലിനെയാണ് ഷാലു സമീപിച്ചത്. ഇയാൾക്ക് ആറ് ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തു. സെപ്റ്റംബർ 6-ന് രണ്ട് ലക്ഷം രൂപ നൽകി.

ഫ്ലാറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിർമിച്ച് ഷാലു വിശാലിന് കൈമാറി. ഇതുപയോഗിച്ചാണ് വിശാലും രാജ് കിഷോറും വീട്ടിനുള്ളിൽ കയറിയത്. കൊലപാതക സമയത്ത് ഷാലുവും സുബ്രതും മകൾക്കൊപ്പം പുറത്തുപോയിരുന്നു. ശ്വാസം മുട്ടിച്ച് വിനീതിനെ കൊലപ്പെടുത്താനായിരുന്നു ആദ്യ പദ്ധതി. എന്നാൽ അത് നടപ്പിലാകാതെ വന്നതോടെയാണ് കത്തി ഉപയോഗിച്ച് കൊന്നതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. വിനീതിന് 26 കുത്തേറ്റിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!