ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള വീഡിയോയില്‍ ‘അസ്സലാമു അലൈക്കും’, ‘ഇന്‍ഷാ അള്ളാഹ്’ തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചു, പരാതിയുമായി ഹിന്ദുസംഘടന, ഐ.പി.എസ് ഉദ്യോഗസ്ഥക്ക് സ്ഥലം മാറ്റം

malayalampress
2 Min Read

കൊല്‍ക്കത്ത: സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി പങ്കുവെച്ച വീഡിയോയില്‍ ‘അസ്സലാമു അലൈക്കും’, ‘ഇന്‍ഷാ അള്ളാഹ്’ തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച ഐ.പി.എസ് ഉദ്യോഗസ്ഥക്ക് സ്ഥലം മാറ്റം. ഹിന്ദു സംഘടന നല്‍കിയ പരാതിക്ക് പിന്നാലെയാണ് വനിതാ ഐ.പി.എസ് ഓഫിസറെ സ്ഥലം മാറ്റിയത്.

പശ്ചിമ ബംഗാളിലാണ് സംഭവം. പശ്ചിമ ബംഗാള്‍ കേഡറിലെ 2021 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയായ ബുഷ്റ ബാനോയെയാണ് ഖരഗ്പൂര്‍ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലിസ് (എ.എസ്.പി) പദവിയില്‍ നിന്ന് സ്റ്റേറ്റ് ആംഡ് പൊലിസിന്റെ ഡെപ്യൂട്ടി കമാന്‍ഡന്റായി മാറ്റി നിയമിച്ചത്.

സെപ്തംബര്‍ 13-നാണ് ഇവര്‍ വീഡിയോ പങ്കുവെച്ചത്. തന്റെ സിവില്‍ സര്‍വീസ് തയ്യാറെടുപ്പുകളെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും വിശദീകരിക്കുന്നതായിരുന്നു വീഡിയോ. വീഡിയോയില്‍ അവര്‍  ‘അസ്സലാമു അലൈക്കും’, ‘ഇന്‍ഷാ അല്ലാഹ്’, ‘ജസാക്കല്ലാഹ്’ എന്നീ വാക്കുകള്‍ ഉപയോഗിച്ചിരുന്നു.

ഇതിനെതിരെ ‘ഹിന്ദു ലീഗല്‍ ഫണ്ട്’ എന്ന സംഘടനയാണ് പശ്ചിമ ബംഗാള്‍ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയത്. ഭരണഘടനാ പദവിയിലുള്ള ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ പരസ്യ സംഭാഷണങ്ങളില്‍ നിഷ്പക്ഷത പാലിക്കണമെന്ന് പറയുന്ന പരാതിയില്‍ ഇത്തരം വാക്കുകള്‍ക്ക് പകരം ‘ജയ് ഹിന്ദ്’ അല്ലെങ്കില്‍ ‘വന്ദേ മാതരം’ എന്നിവയായിരുന്നു ഉപയോഗിക്കേണ്ടിയിരുന്നതെന്നും സംഘടന നിര്‍ദ്ദേശം വെക്കുന്നുണ്ട്.

‘അവര്‍ ‘അസ്സലാമു അലൈക്കും’ എന്ന് തുടങ്ങി, ‘ഇന്‍ഷാ അള്ളാ’ ഉപയോഗിച്ചു, ‘ജസാക്കല്ലാഹ്’ എന്ന് അവസാനിപ്പിച്ചു – ‘വന്ദേമാതരം’ അല്ലെങ്കില്‍ ‘ജയ് ഹിന്ദ്’ എന്നിവ ഉപയോഗിച്ചില്ല. ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന ഒരു ഉദ്യോഗസ്ഥ പൊതു ആശയവിനിമയത്തില്‍ നിഷ്പക്ഷത പാലിക്കുകയും ദേശീയ പദപ്രയോഗങ്ങള്‍ ഉപയോഗിക്കുകയും വേണം. ഉചിതമായ അവലോകനവും നടപടിയും ആവശ്യപ്പെടുന്നു,’ എച്ച്.എല്‍.എഫ് (HLF) എക്‌സില്‍ (X) ചെയ്ത ഒരു പോസ്റ്റില്‍ പറഞ്ഞു.

പരാതി ദേശീയതലത്തില്‍ വലിയ വാദപ്രതിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ വ്യക്തിസ്വാതന്ത്ര്യത്തെയും ഭാഷാ പ്രയോഗങ്ങളെയും ചൊല്ലിയുള്ള ഇത്തരം ചര്‍ച്ചകള്‍ ശക്തമാവുന്നതിനിടെയാണ് സര്‍ക്കാരിന്റെ ഈ അടിയന്തര നടപടി.

ഖരഗ്പൂര്‍ അഡീഷണല്‍ എസ്.പിയായി പാര്‍ത്ഥ ഘോഷിനെയും ചന്ദന്‍നഗര്‍ കമ്മീഷണറേറ്റില്‍ ശുഭേന്ദു മണ്ഡലിനെയും നിയമിച്ചുള്ള പുനഃസംഘടനയുടെ ഭാഗമായാണ് ബുഷ്റ ബാനോയുടെയും മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം.

ഉത്തര്‍പ്രദേശിലെ കനൗജ് സ്വദേശിയാണ് ബുഷ്റ ബാനോ. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാനേജ്മെന്റില്‍ പി.എച്ച്.ഡിയും സഊദി അറേബ്യയില്‍ അസിസ്റ്റന്റ് പ്രൊഫസറുമായി ജോലി ചെയ്ത ശേഷമാണ് സിവില്‍ സര്‍വീസിലേക്ക് എത്തുന്നത്. രണ്ട് കുട്ടികളുടെ അമ്മയായിരിക്കെ  234-ാം റാങ്ക് നേടി ഐ.പി.എസ് കരസ്ഥമാക്കി. അവരുടെ വിജയം ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!