സുഹൃത്തിന്റെ വിവാഹത്തിന് പോകുമ്പോൾ ആക്രമിച്ച് പണം കവർന്നു: പ്രവാസി യുവാവിനെ ക്രൂരമായി ആക്രമിച്ച് പണവും ആഭരണവും കവർന്ന സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയി
കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷന് സമീപം പ്രവാസി യുവാവിനെ ക്രൂരമായി ആക്രമിച്ച് പണവും ആഭരണവും കവർന്ന സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ. മഞ്ഞപ്പെട്ടി പ്ലാവിടപ്പറമ്പിൽ സനൽ ചന്ദ്രൻ (38), തിരുവനന്തപുരം പള്ളിക്കൽ ചെമ്പിളവിള സജാദ് ഷാജഹാൻ (25), നെടുമ്പാശേരി മേക്കാട് മാളിയേക്കൽ വീട്ടിൽ ജോബി (44) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ആക്രമണത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ പെരുമ്പാവൂർ കുറിച്ചിലക്കോട് മാനപ്പിള്ളിൽ ജോഫിൻ ജിജു (28) ആശുപത്രിയിൽ ചികിത്സയിലാണ്.
സെപ്റ്റംബർ 13 പുലർച്ചെ 3:30ഓടെയാണ് കേസിനാസ്പദമായ സംഭവം. ദുബായിൽ ജോലി ചെയ്തിരുന്ന ജോഫിൻ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ടേക്ക് ട്രെയിൻ കയറാൻ കോടനാട്ടെ വീട്ടിൽ നിന്ന് കെഎസ്ആർടിസി ബസിൽ അങ്കമാലിയിലെത്തുകയും തുടർന്ന് ആലുവ ബൈപ്പാസിലിറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു വരികയായിരുന്നു. ഗൂഗിൾ മാപ്പ് നോക്കി വിജനമായ റോഡിലൂടെ നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന ട്രാൻസ്‌ജെൻഡർമാരുടെ കൂടെയുണ്ടായിരുന്ന രണ്ടുപേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. കയറുകൊണ്ട് കുരുക്കി താഴെയിട്ട് തലയ്ക്ക് കല്ലുകൊണ്ട് ഇടിക്കുകയും സമീപത്തെ കനാലിലേക്ക് ചവിട്ടിത്തള്ളിയ ശേഷം നെഞ്ചിലിടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. തുടർന്ന് ജോഫിന്റെ പക്കലുണ്ടായിരുന്ന 5000 രൂപയും മൂന്ന് പവനോളം വരുന്ന സ്വർണമാലയും മറ്റ് സാധനങ്ങളും അക്രമികൾ കവർന്നു. ആക്രമണത്തിൽ ജോഫിന്റെ മൂന്നു വാരിയെല്ലുകൾക്ക് പൊട്ടലും ശ്വാസകോശത്തിനും കൈയ്ക്കും പരുക്കുമേറ്റു.
സംഭവത്തിന് ശേഷം ജില്ലാ പൊലീസ് മേധാവി കെ.എസ്.സുദർശന്റെ നിർദേശാനുസരണം ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ രാത്രികാല ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ എന്നിവരുൾപ്പെടെ നൂറോളം പേരെ ചോദ്യം ചെയ്യുകയും നൂറോളം സിസിടിവി ക്യാമറകൾ പരിശോധിക്കുകയും ചെയ്തു. തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. കേസിലെ മുഖ്യപ്രതി സംഭവത്തിനു ശേഷം കൊല്ലൂരിലേക്ക് രക്ഷപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് ആലുവ സിഐ പി.എം.ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം അങ്ങോട്ട് പുറപ്പെട്ടെങ്കിലും മൊബൈൽ ഫോൺ കാസർഗോഡ് ഉപേക്ഷിച്ച് പ്രതി പെരുമ്പാവൂരിന് സമീപമെത്തിയതായി വിവരം ലഭിച്ചു. തുടർന്ന് ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സനൽ ചന്ദ്രനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് സർജിക്കൽ ബ്ലേഡ് ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. ഒന്നാം പ്രതി കവർന്ന മാല വിൽക്കാൻ ഏൽപ്പിച്ചിരുന്ന മൂന്നാം പ്രതി ജോബിയെ ആലുവ എസ്എച്ച്ഒ രഞ്ജിത്ത് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം അങ്കമാലിയിൽ നിന്ന് പിടികൂടുകയും സ്വർണമാല വീണ്ടെടുക്കുകയും ചെയ്തു. സജാദ് ഷാജഹാനെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
ഒന്നും രണ്ടും പ്രതികൾക്കെതിരെ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആറോളം കേസുകളുണ്ട്. സംഭവവുമായി ബന്ധമുള്ള ട്രാൻസ്ജെൻഡേഴ്സിനെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സിഐ പി.എം.ഷമീർ, എസ്ഐമാരായ രഞ്ജിത്ത് മാത്യു, അനൂപ്, സജീഷ്, എഎസ്ഐ സുനിൽകുമാർ, സിപിഒമാരായ മാഹിൻഷാ അബൂബക്കർ, കെ.എം.മനോജ്, ഷഹീൻ, ഷിബിൻ, അനിൽജിത്ത്, ശ്രീരാജ്, രജീഷ് അരവിന്ദ് എന്നിവരാണ് ഉണ്ടായിരുന്നത്. ആലുവ സിവിൽ സ്റ്റേഷൻ റോഡ് വഴി കണ്ടെയ്നർ ഗുഡ്സ് ടെർമിനലിലേക്കുള്ള വിജനമായ റോഡിൽ സമാനമായ അക്രമങ്ങൾ പതിവാണെന്നും തെരുവ് വിളക്കുകളും സിസിടിവിയും പ്രവർത്തനരഹിതമാണെന്നും നാട്ടുകാർ പരാതിപ്പെട്ടിരുന്നു
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
