വിവാഹാഭ്യർഥന നിരസിച്ചു: യുഎസിൽ ഇന്ത്യക്കാരിയെ കൊന്ന് ഇന്ത്യക്കാരൻ ജീവനൊടുക്കി

News Desk
2 Min Read

കലിഫോർണിയ: വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ മാസങ്ങളോളം പിന്തുടർന്ന് ശല്യം ചെയ്തതിന് ശേഷം യുവാവ് വെടിവച്ച് കൊലപ്പെടുത്തി.

കലിഫോർണിയയിലെ സാക്രമെന്റോയിൽ ഇന്ത്യൻ വംശജയായ ശാലിനി താക്കൂർ (38) ആണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി രോഹിത് (22) പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ സ്വയം വെടിവച്ച് ജീവനൊടുക്കുകയായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് ഏകദേശം മൂന്ന് മണിയോടെ സാക്രമെന്റോ കൗണ്ടിയിലെ ആർഡൻ-ആർക്കേഡ് പ്രദേശത്തുള്ള ‘ഹൗ’ അവന്യൂവിലെ ഷോപ്പിങ് പ്ലാസയിലെ പനേര ബ്രെഡ് റസ്റ്ററന്റ് പാർക്കിങ് ഏരിയയിലായിരുന്നു സംഭവം.

ജോലിസ്ഥലത്ത് വാഹനത്തിൽ വന്നിറങ്ങിയ ശാലിനിയെ അവിടെ കാത്തുനിന്നിരുന്ന രോഹിത് തടഞ്ഞുനിർത്തുകയായിരുന്നു. ഭയന്നോടിയ ശാലിനിയെ ഇയാൾ പിന്തുടർന്ന് പലതവണ വെടിയുതിർത്തു. തുടർന്ന് നിലത്തുവീണ ശാലിനിയുടെ തലയിലേക്ക് തൊട്ടടുത്തുനിന്ന് വീണ്ടും വെടിവച്ച് മരണം ഉറപ്പാക്കുകയായിരുന്നുവെന്ന് സാക്രമെന്റോ ഷെരീഫ് ഓഫിസ് വ്യക്തമാക്കി.

കൃത്യം നടത്തിയ ഉടൻ രോഹിത് കാറിൽ രക്ഷപ്പെട്ടെങ്കിലും, ദൃക്സാക്ഷികൾ നൽകിയ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വിവരം ‘ഫ്ലോക്ക്’ ഓട്ടോമേറ്റഡ് റീഡർ സംവിധാനത്തിൽ രേഖപ്പെടുത്തി ഏഴു മിനിറ്റിനുള്ളിൽ പൊലീസ് വാഹനം കണ്ടെത്തി. ഹൈവേ 50-ൽ വാറ്റ് അവന്യൂവിന് സമീപം പൊലീസ് വാഹനം വളഞ്ഞതോടെ പ്രതി കാറിനുള്ളിലിരുന്ന് സ്വയം വെടിയുതിർത്തു മരിക്കുകയായിരുന്നു.

ജനുവരിയിൽ ശാലിനിയുടെ കാറിന്റെ ബോണറ്റിനടിയിൽ രഹസ്യമായി ഒളിപ്പിച്ച നിലയിൽ ആപ്പിൾ എയർടാഗ് കണ്ടെത്തിയതോടെയാണ് രോഹിത് തന്നെ നിരന്തരം നിരീക്ഷിക്കുന്ന വിവരം പൊലീസിനെ ആദ്യമായി അറിയിക്കുന്നത്. അന്ന് ക്രിമിനൽ കേസുമായി മുന്നോട്ട് പോകാനോ രോഹിതിനെതിരെ പരാതിപ്പെടാനോ ശാലിനി വിസമ്മതിച്ചിരുന്നുവെങ്കിലും, ഷെരീഫ് ഡപ്യൂട്ടിമാർ അവരുമായി കൃത്യമായ ഇടവേളകളിൽ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു.

ശാലിനി ജോലി ചെയ്തിരുന്ന റസ്റ്ററന്റിൽ രോഹിത്  ഡെലിവറികൾക്കായി എത്തിയപ്പോഴാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നത്. തുടർന്ന് വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് രോഹിത് ശാലിനിയെ നിരന്തരം പിന്തുടർന്ന് വേട്ടയാടാൻ തുടങ്ങുകയായിരുന്നുവെന്ന് ലഫ്റ്റനന്റ് അമർ ഗാന്ധി വ്യക്തമാക്കി.

തുടർന്നുള്ള മാസങ്ങളിൽ രോഹിതിന്റെ ശല്യം അതിരൂക്ഷമായി മാറി. ശാലിനിയെ സഹായിക്കാനെന്ന വ്യാജേന സമീപിക്കാൻ വേണ്ടി കാറിന്റെ ടയറിലെ കാറ്റ് അഴിച്ചുവിടുക, ഫ്ലാറ്റിന്റെ വ്യാജ താക്കോൽ നിർമിച്ച് അവർ ഉറങ്ങുമ്പോൾ അകത്തുകടക്കുക തുടങ്ങിയ ഗുരുതരമായ അതിക്രമങ്ങൾ ഇയാൾ നടത്തി. ശല്യം അതിരുവിട്ടതോടെ പൊലീസ് ശക്തമായി നിർബന്ധിച്ചതിനെത്തുടർന്ന് മേയ് മാസത്തിൽ ശാലിനി കോടതിയെ സമീപിച്ച് രോഹിതിനെതിരെ ‘റിസ്ട്രെയിനിങ് ഓർഡർ’ സമ്പാദിച്ചു. എന്നാൽ ജൂലൈ 29ന് കോടതി ഉത്തരവ് ലംഘിച്ച് ഇയാൾ ശാലിനിയുടെ വീട്ടുപടിക്കൽ പലചരക്ക് സാധനങ്ങൾ എത്തിച്ച് വീണ്ടും ഭീതി സൃഷ്ടിക്കുകയായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!