‘മിസൈൽ പതിച്ച ദൃശ്യങ്ങൾ പകർത്തി’: വധശിക്ഷ കാത്ത് എട്ട് സ്ത്രീകൾ….

News Desk
1 Min Read

ടെഹ്റാൻ: ഇറാനിലെ വിവിധ ജയിലുകളിൽ കഴിയുന്നവരിൽ എട്ട് സ്ത്രീകളെങ്കിലും വധശിക്ഷാ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. ഇതിൽ നാല് പേർക്ക് ജനുവരിയിൽ രാജ്യത്തുണ്ടായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. പ്രക്ഷോഭകർക്കും രാഷ്ട്രീയ തടവുകാർക്കുമെതിരെ ഇറാൻ അധികൃതർ വധശിക്ഷ വർധിപ്പിക്കുന്നതിൽ രാജ്യാന്തര മനുഷ്യാവകാശ സംഘടനകൾ കടുത്ത ആശങ്ക രേഖപ്പെടുത്തി.

മറിയം ഹദവന്ദ്, മഹ്‌നാസ് ചാർദൗലി, ലൈല അബുൽഹസനി, തരാനെ റഹീമി എന്നിവരാണ് പ്രക്ഷോഭ കേസുകളിൽ വധശിക്ഷ നേരിടുന്ന നാല് പേർ. രണ്ടു കുട്ടികളുടെ അമ്മയായ മറിയം ഹദവന്ദ് (45), ടെഹ്റാന് സമീപമുള്ള പാക്ദാഷ്റ്റിൽ ജനുവരി എട്ടിന് നടന്ന സംഭവ വികാസങ്ങളെ തുടർന്നാണ് അറസ്റ്റിലായത്. സുരക്ഷാ സേനാംഗങ്ങളുടെ മരണത്തിൽ പങ്കാളിയായി, മതകേന്ദ്രവും പൊതുമുതലുകളും നശിപ്പിച്ചു, ദേശീയ സുരക്ഷയ്ക്കെതിരെ ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

അതിനിടെ, പരമോന്നത നേതാവിനെ അപമാനിച്ചതിനും വിദേശ മാധ്യമങ്ങൾക്ക് വിവരങ്ങൾ കൈമാറിയതിനും സോദ ഇബ്രാഹിമി ഷംസാബാദി (33) എന്ന വനിതാ ആക്ടിവിസ്റ്റിനും ഇറാൻ ജുഡീഷ്യറി വധശിക്ഷ വിധിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇറാനിൽ മിസൈൽ പതിച്ച സ്ഥലത്തിന്റെ ദൃശ്യങ്ങൾ പകർത്തി വിദേശത്തെ പേർഷ്യൻ മാധ്യമത്തിന് നൽകിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്.

രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഈ വർഷം ഇതുവരെ 950ലധികം വധശിക്ഷകൾ ഇറാനിൽ നടപ്പാക്കിയിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!