ചണ്ഡിഗഢ്: പെന്‍ഷനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി 101 വയസ്സുള്ള സ്വാതന്ത്ര്യസമര സേനാനി. മൂന്ന് വര്‍ഷം മുമ്പ് തന്നെ അധികൃർ അദ്ദേഹത്തെ ‘മരിച്ചയാള്‍’ എന്ന പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഹരിയാനയിലെ ഫത്തേഹാബാദ് അതിര്‍ത്തിയിലെ ഹിജ്റാവന് കലന്‍ സ്വദേശിയായ നാദര്‍ സിങ്ങാണ് പെന്ഷന് ലഭിക്കുന്നതിനായി അധികൃതരുടെ സഹായം തേടുന്നത്.
വര്‍ഷങ്ങളായി പെന്‍ഷനായി ഫത്തേഹാബാദ് ഭരണകൂടത്തിന് മുന്നില്‍ ആവര്‍ത്തിച്ച് അപേക്ഷിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഹിസാര്‍ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെത്തിയത്. നാദര്‍ സിങ് ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ പ്രവര്‍ത്തിച്ചിരുന്നെന്നും വിഭജനത്തിന് ശേഷം പാകിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തിയതാണെന്നും മകന് സ്വരൂപ് സിങ് പറഞ്ഞു. എന്നാല്‍ നാദര്‍ സിങ്ങിന്റെ തിരിച്ചറിയല്‍ രേഖയും സ്വാതന്ത്ര്യസമര സേനാനിയെന്ന നിലയിലുള്ള രേഖകളും ആല്‍വാറിലുണ്ടായ തീപിടിത്തത്തില്‍ നശിച്ചു. ഇതോടെ അദ്ദേഹത്തിന്റെ രേഖകളും അര്‍ഹതയും തെളിയിക്കാന്‍ പതിറ്റാണ്ടുകളായി ബുദ്ധിമുട്ടുകയാണ് കുടുംബം.
ഇതിനിടെയാണ് ഏകദേശം മൂന്ന് വര്‍ഷം മുമ്പ് ഫത്തേഹാബാദ് ഭരണകൂടം നാദര്‍ സിങ്ങിനെ മരിച്ചയാളായി രേഖപ്പെടുത്തിയത്. എന്നാൽ പെന്ഷന് ലഭിക്കുന്നതിനുള്ള അംഗീകാരത്തിനായി ഇപ്പോഴും പോരാടുകയാണെന്ന് 101കാരന് പറയുന്നത്.
സ്വാതന്ത്ര്യദിനത്തില്‍ ഗ്രാമത്തില്‍ സ്ഥാപിച്ച സ്മാരകത്തില്‍ നാദര്‍ സിങ്ങിന്റെ പേരിന് മുന്നില്‍ ‘ലേറ്റ്’ എന്ന് രേഖപ്പെടുത്തിയതോടെയാണ് സംഭവം വീണ്ടും ശ്രദ്ധയില്‍പ്പെട്ടത്. താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാന്‍ നാദര്‍ സിങ് തന്നെയാണ് ഈ സ്മാരകത്തിലേക്ക് നേരിട്ട് പോയത്. സ്വാതന്ത്ര്യത്തിനായി പോരാടിയ വ്യക്തിയോട് കാട്ടിയ ഈ സമീപനം അപമാനകരമാണെന്ന് കുടുംബം പ്രതികരിച്ചു. കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന് അത് നീക്കം ചെയ്തു.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
