ചവറ( കൊല്ലം): വിദേശത്ത് ജോലിവാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. ചവറ ശങ്കരമംഗലം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡ്രീം കൺസൽറ്റൻസി എന്ന സ്ഥാപനം നടത്തുന്ന ചവറ മേനാമ്പള്ളി ചാങ്കൂർ വടക്കേതിൽ ധന്യ മിഥുൻ (39) ഭർത്താവ് മിഥുമോൻ (44)) എന്നിവരാണ് പിടിയിലായത്.
ഇരുവരെയും റിമാൻഡ് ചെയ്തു. കോട്ടയം ചങ്ങനാശേരി ഫാത്തിമപുരം പെണ്ണമ്മ നിലയം ബിനീഷ് ചവറ പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. 2025 ഫെബ്രുവരി 27 മുതൽ പലതവണകളായി 8.82 ലക്ഷം രൂപ വാങ്ങിയെടുത്തെന്നും എന്നാൽ ജോലി നൽകാതെ കബളിപ്പിച്ചെന്നുമായിരുന്നു ബിനീഷിന്റെ പരാതി. ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സർക്കിൾ ഇൻസ്പെക്ടർ എസ്.ശിവലാൽ, എസ്എച്ച്ഒ സുജോ ജോർജ് ആന്റണി, എസ്ഐമാരായ ബി.ഓമനക്കുട്ടൻ, അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് . ഇവർ കബളിപ്പിച്ച കൂടുതൽ പേർ പരാതിയുമായി സ്റ്റേഷനിൽ എത്തുന്നുണ്ട്.
തൊഴിൽ വീസയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആളുകളെ വിദേശത്ത് എത്തിച്ചും ദമ്പതികൾ ലക്ഷങ്ങൾ തട്ടിയതായി പൊലീസ് അറിയിച്ചു. നാട്ടിൽ തിരിച്ചെത്തിയവർ ഇന്നലെ ഇവരുടെ ശങ്കരമംഗലത്തെ കൺസൽറ്റൻസി ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചു. റഷ്യയിൽ വെയർഹൗസിൽ മാസം 1 ലക്ഷം രൂപ വേതനത്തിൽ ജോലി നൽകാമെന്ന് പറഞ്ഞു സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ നിന്നായി കഴിഞ്ഞ ജൂലൈ 13ന് 13 പേരെയാണ് ഡൽഹി വഴി റഷ്യയിൽ എത്തിച്ചത്. ഇവരിൽ നിന്ന് 5 മുതൽ 6 ലക്ഷം രൂപ വരെയാണ് വാങ്ങിയത്.
റഷ്യയിൽ എത്തിയ ഇവർക്ക് നിർമാണ മേഖലയിൽ ചുമട്ടു തൊഴിലാളികളായി ജോലി ചെയ്യേണ്ടി വന്നു. ചിലരെ അവിടെയുള്ള ഏജന്റുമാർ ഒന്നരലക്ഷം രൂപ വാങ്ങി മറ്റുള്ളവർക്ക് കൈമാറി. ജോലി ചെയ്തെങ്കിലും പലർക്കും ശമ്പളം ലഭിച്ചില്ല. താമസവും ഭക്ഷണവും ദുരിതത്തിലായ 11 പേർ നാട്ടിൽ നിന്നു ടിക്കറ്റെടുത്ത് മടങ്ങി . 2 പേർ തിരിച്ച് എത്താനുണ്ട്. ടൂറിസ്റ്റ് വീസയിലാണ് തങ്ങളെ അവിടെ എത്തിച്ചതെന്ന് അവിടെ എത്തിയപ്പോഴാണ് മനസ്സിലായതെന്നു ഇവർ പറയുന്നു.
തെക്കുംഭാഗം സ്വദേശികളായ 5 പേരും എറണാകുളം കോതമംഗലം സ്വദേശികളായ 3 പേരും കോഴിക്കോട് സ്വദേശികളായ 3പേരും ചവറ ഭരണിക്കാവ്, കുറ്റിവട്ടം, രാമൻകുളങ്ങര, ചങ്ങനാശേരി എന്നിവിടങ്ങളിൽ നിന്നും ഓരോരുത്തരുമാണ് കബളിപ്പിക്കപ്പെട്ടത്.
ഇതുമായി ബന്ധപ്പെട്ടു 6.75 ലക്ഷം രൂപ നൽകി റഷ്യയിൽ പോയ കോഴിക്കോട് ഏലത്തൂർ ചെട്ടിക്കുളം എരഞ്ഞോളി സ്വദേശിയുടെ സഹോദരി നൽകിയ പരാതിയിൽ ദമ്പതികൾക്ക് എതിരെ എലത്തൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. തെക്കും ഭാഗം പൊലീസും ഇതുമായി ബന്ധപ്പെട്ട പരാതിയിൽ കേസെടുത്തിട്ടുണ്ട്. സ്വർണം വിറ്റും വായ്പയെടുത്തുമാണു പലരും പണം നൽകിയത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
