തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് വിവാദത്തിലും ഇഡി നടപടികളിലും രൂക്ഷമായ പ്രതികരണവുമായി മുൻമന്ത്രി പി.എ മുഹമ്മദ് റിയാസ്. വീണാ വിജയൻ സിഎംആർഎലിൽ നിന്ന് അക്കൗണ്ട് വഴി നിയമപരമായാണ് പണം വാങ്ങിയതെന്നും കൃത്യമായി നികുതി അടച്ചിട്ടുണ്ടെന്നും റിയാസ് പറഞ്ഞു. ഇത് മാസപ്പടിയാണെന്ന് ചിത്രീകരിക്കാൻ ചിലർ ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. സേവനം നൽകിയിട്ടില്ല എന്ന വാദം തെറ്റാണെന്നും റിയാസ് പറഞ്ഞു.
വീണ എന്താണ് മിണ്ടാത്തത് എന്ന് ചിലർ ചോദിച്ചു. മൗനം പാലിച്ചത് തെറ്റ് ചെയ്തതിനാലാണ് എന്ന് ചിലർ പറഞ്ഞു. ഒരാൾക്ക് പ്രതികരിക്കാനും പ്രതികരിക്കാതിരിക്കാനും ഭരണഘടനാപരമായി അവകാശമുണ്ട്. സത്യം ജയിക്കുമെന്ന് ഉറച്ച വിശ്വാസമുള്ളതുകൊണ്ടാണ് മൗനം പാലിച്ചതെന്നും റിയാസ് വ്യക്തമാക്കി.
തനിക്കെതിരെയും കുടുംബത്തിനെതിരെയും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭാര്യ വീണ വിജയനെതിരെ ഇ.ഡി വ്യാജ മൊഴികൾ ചമയ്ക്കുകയാണ്. പിണറായി വിജയന്റെ മകളായതുകൊണ്ട് മാത്രം വീണയെ നിരന്തരം വേട്ടയാടുകയാണ്. വീടുകളിൽ നടത്തിയ റെയ്ഡുകളിൽ ഇരുപത്തഞ്ച് പൈസ പോലും പിടിച്ചെടുക്കാൻ ഇഡിക്കായിട്ടില്ല. സ്വന്തം മകളെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സുഹൃത്ത് ഹസൻ വാരിസിനെക്കൊണ്ട് തനിക്കെതിരെ മൊഴി പറയിപ്പിച്ചതെന്നും റിയാസ് പറഞ്ഞു.
വാരിസിൻ്റെ വീട്ടിൽ റെയ്ഡ് നടത്തി ഒന്നും കിട്ടാതായപ്പോൾ പിണറായി വിജയൻറെ ഇടപാടാണ് ഇത് എന്ന് പറയാൻ ഇഡി നിർദേശിച്ചു. പിണറായിയുമായി ബന്ധമില്ലെന്ന് സുഹൃത്ത് പറഞ്ഞു. പിണറായിയുമായി എന്ന് പറഞ്ഞപ്പോൾ വീണയുടെ ഇടപാടാണ് എന്ന് പറയാൻ പറഞ്ഞു. അതിനും തയ്യാറാകാത്തതോടെ നിങ്ങളുടെ മകളെയും പ്രതിയാക്കും എന്ന് ഭീഷണിപ്പെടുത്തി.
പിണറായി, റിയാസ്, വീണ എന്നിവരിൽ ഒരാളുടെ പേര് പറഞ്ഞില്ലെങ്കിൽ മകളെ പ്രതിയാക്കും എന്ന് ഭീഷണിപ്പെടുത്തിയതോടെ തൻ്റെ പേര് പറയുകയായിരുന്നുവെന്നും റിയാസ് വിശദീകരിച്ചു. അടുത്ത ദിവസം മാനസികമായി പ്രയാസത്തിലായ വാരിസ് ഇഡിക്ക് കത്ത് നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
