തിരിച്ചടിച്ച് സഊദി അറേബ്യ; ഹൂതി കേന്ദ്രങ്ങളിൽ ബോംബ് വർഷം 

malayalampress
2 Min Read
  • സഊദിയുടെ തെക്കൻ മേഖലകളിൽ  ജാഗ്രതാ നിർദേശം

ദുബൈ: ഹൂതി ആക്രമണത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് സഊദി അറേബ്യ. യമനിലെ ഹൂതി കേന്ദ്രങ്ങളായ മാരിബ്, അൽ ജൗഫ്, താഇസ് എന്നിവിടങ്ങളിലാണ് സഊദി അറേബ്യ തിരിച്ചടിച്ചത്. പത്തിടങ്ങളിലായി സഊദി ആക്രമണം നടത്തിയതായി ഹൂതികളും സ്ഥിരീകരിച്ചു.

തൊട്ടുപിന്നാലെ സഊദിയുടെ തെക്കൻ മേഖലകളിൽ വീണ്ടും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടയ്ക്കിടെ ഈ മേഖലയിൽ ജാഗ്രതാ നിർദ്ദേശം നൽകുന്നുണ്ട്. യമനിലെ ആഭ്യന്തര യുദ്ധം വീണ്ടും രൂക്ഷമാവുകയാണ്. സഊദിയുടെ തെക്കൻ മേഖലകളിൽ ഇപ്പോഴും ജാഗ്രതാ നിർദേശം തുടരുകയാണ്.

അതേസമയം, തങ്ങൾക്കെതിരെ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ സഊദി അറേബ്യയുടെ സാമ്പത്തിക, സൈനിക സ്വത്തുക്കൾക്ക് നേരെ ആക്രമണം നടത്തുമെന്ന് മുതിർന്ന ഹൂത്തി നേതാവ് മുഹമ്മദ് അൽ ബുഖൈതി ഭീഷണിപ്പെടുത്തി.

യെമനിൽ സഊദി നടത്തുന്ന ഓരോ മണ്ടത്തരത്തിനും രാജ്യത്തിന്റെ സാമ്പത്തിക ലൈഫ്‌ലൈനും സൈനിക സ്വത്തുക്കളും ആക്രമിച്ചുകൊണ്ട് ഞങ്ങൾ മറുപടി നൽകും,  ലെബനൻ ആസ്ഥാനമായുള്ള അൽ മായദീൻ ടെലിവിഷൻ നെറ്റ്‌വർക്കിനോട് അൽ ബുഖൈതി പറഞ്ഞു.

യമനിൽ ആഭ്യന്തര യുദ്ധം രൂക്ഷം, സഊദിക്ക് ഭീഷണി

യമനിലെ ഔദ്യോഗിക ഭരണകൂടവും ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലകളും തമ്മിൽ യുദ്ധം രൂക്ഷമാണ്. ഹൂതി നിയന്ത്രണത്തിലുള്ള മേഖലകൾ പിടിച്ചെടുക്കാനാണ് യമൻ സൈന്യത്തിന്റെ ശ്രമം. സഊദി സൈന്യത്തിന്റെ പിന്തുണയോടെയാണ് യമനിലെ ഔദ്യോഗിക ഭരണകൂടത്തിന്റെ പോരാട്ടം. ഇറാന്റെ പിന്തുണയോടെയാണ് ഹൂതികൾ യുദ്ധത്തിൽ ഏർപ്പെടുന്നത്. ആഭ്യന്തര സംഘർഷം യമനകത്ത് വർദ്ധിച്ചാൽ അത് സഊദിക്കും ഭീഷണിയാണ്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ തെക്കൻ മേഖലയിലെ ജിസാൻ, അസീർ, അബഹ മേഖലയിലെ എണ്ണ പ്ലാന്റുകൾക്ക് ലക്ഷ്യം വെച്ചിരുന്നു. ആക്രമണത്തിൽ പ്ലാന്റിലെ ജീവനക്കാരും ഇരകളായി.

ഖമീസ് മുഷൈത് ഗവർണറേറ്റിലെ അപകടാവസ്ഥ ഒഴിഞ്ഞതായി സിവിൽ ഡിഫൻസ്

റിയാദ്: ഖമീസ് മുഷൈത് ഗവർണറേറ്റിലെ അപകടാവസ്ഥ ഒഴിഞ്ഞതായി സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി. പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ മുൻനിർത്തി അധികൃതർ നൽകുന്ന നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും തുടർന്നും പാലിക്കണമെന്ന് ഡയറക്ടറേറ്റ് അഭ്യർത്ഥിച്ചു.

പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിനും മുൻകരുതൽ നടപടിയുടെ ഭാഗമായി ജാഗ്രത പുലർത്തുന്നതിനുമാണ് നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം ഫോർ എമർജൻസീസ് ഖമീസ് മുശൈത്തിൽ നേരത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചതെന്ന് അധികൃതർ വിശദീകരിച്ചു. രക്ഷാപ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനും ഏവരുടെയും സുരക്ഷ ഉറപ്പാക്കാനും സംഭവസ്ഥലങ്ങളിൽ കൂട്ടംകൂടുന്നതും ഫോട്ടോയോ വീഡിയോയോ പകർത്തുന്നതും പൂർണ്ണമായും ഒഴിവാക്കണം. ഔദ്യോഗിക നിർദ്ദേശങ്ങൾ മാത്രം കർശനമായി പാലിക്കണമെന്നും സിവിൽ ഡിഫൻസ് നിർദ്ദേശിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!