- റിയാദിൽ ചികിത്സക്കിടെ ഓർമ്മശക്തി പൂർണ്ണമായി വീണ്ടെടുക്കുന്നതിന് മുൻപ് ആശുപത്രിയിൽ നിന്ന് കാണാതായ യുവാവിനെ പാർക്കിൽ നിന്ന് കണ്ടെത്തി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു
റിയാദ്: റിയാദ് ബത്തയിൽ വെച്ച് അന്തരിച്ച തൃശൂർ ഒല്ലൂർ സ്വദേശി പാലയ്ക്കൽ തോമസിന്റെ മകൻ ടിൻസന്റെ (40) മൃതദേഹം നാളെ ഞായറാഴ്ച രാത്രി വിമാനമാർഗ്ഗം നാട്ടിലേക്ക് കൊണ്ടുപോകും. നേരത്തെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ടിൻസണെ റിയാദിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കിംഗ് സൗദ് മെഡിക്കൽ സിറ്റി (ശുമൈസി) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയ്ക്ക് ശേഷം ഓർമ്മശക്തി പൂർണ്ണമായി വീണ്ടെടുക്കുന്നതിന് മുൻപ് ആശുപത്രിയിൽ നിന്ന് കാണാതായ ഇദ്ദേഹത്തെ ശുമൈഷി കെഎംസിസി ഭാരവാഹി ഷംസു പൊന്നാനി സാമൂഹിക പ്രവർത്തകൻ സാലി എം ആലുവ എന്നിവരുടെ ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ ഒരു പാർക്കിൽ നിന്നാണ് കണ്ടെത്തിയത്. ടയർ കടയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന്റെ ഇഖാമ കാലാവധി കഴിയുകയും സൗദിയിലെത്തിയിട്ട് അഞ്ചുവർഷമായെന്നും, നിലവിൽ ജോലിയും കൈവശം പണവുമില്ലാത്തതിനാൽ നാട്ടിൽ പോകാൻ കഴിയാത്തതിൽ കടുത്ത മാനസിക വിഷമം അനുഭവിച്ചിരുന്നതായും ടിൻസൻ വ്യക്തമാക്കിയിരുന്നു.
തുടർന്ന് റിയാദിലെ സാമൂഹിക പ്രവർത്തകർ താമസവും മറ്റു സൗകര്യങ്ങളും തയ്യാറാക്കി കൊടുത്തിരുന്നെങ്കിലും ടിൻസൺ താമസസ്ഥലത്ത് നിന്നും പിന്നീട് കാണാതാവുകയായിരുന്നു.
പാസ്പോർട്ടോ മറ്റ് ഔദ്യോഗിക രേഖകളോ ഇദ്ദേഹത്തിൻറെ കൈവശം ഇല്ലാതിരുന്നതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഏറെ സങ്കീർണ്ണമായിരുന്നു. തുടർന്ന് ടിൻസന്റെ കുടുംബം റിയാദിലെ നടപടികൾ പൂർത്തിയാക്കുന്നതിനായി റിയാദ് ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി വെൽഫെയർ വളണ്ടിയറും റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് ചെയർമാനുമായ റഫീഖ് പുല്ലൂരിനെ ചുമതലപ്പെടുത്തുകയായിരുന്നു.
ഇന്ത്യൻ എംബസിയിലും,ജവാസാത്തിലും, മറ്റു ബന്ധപ്പെട്ട ഓഫീസുകളിലും അദ്ദേഹത്തിന്റെ നിരന്തരമായ ഇടപെടലുകൾ മൂലം ആവശ്യമായ എല്ലാ യാത്രാ രേഖകളും ശരിയാക്കി ഇന്ത്യൻ എംബസ്സി വെൽഫെയർ ഫണ്ട് മുഖാന്തരമാണ് മൃതദേഹം നാട്ടിലേക്കയക്കുന്നത്. നടപടികൾ പൂർത്തീകരിക്കാൻ റിയാസ് ചിങ്ങത്ത്. സാലി ആലുവ. നസീർ കണ്ണീരി. ജുനൈദ് ഓമച്ചപുഴ . എന്നിവരും രംഗത്തുണ്ടായിരുന്നു .
നാട്ടിൽ മരണാനന്തര കർമ്മങ്ങൾ 07-09-2026 തിങ്കളാഴ്ച വൈകുന്നേരം5:00 മണിക്ക് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ വെച്ച് നടക്കും. മാതാവ്: ലീന (പാലയ്ക്കൽ തോമസ് ഭാര്യ). സഹോദരി: ടീന ബിജു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
