പ്രവാസികൾക്ക് ആശ്വസിക്കാം: മരുന്ന് കൊണ്ടുവരുന്നതിൽ ആശങ്ക വേണ്ട; സഹായത്തിനായി വാട്സ്ആപ്പ് മെസേജ് സംവിധാനം സജ്ജീകരിച്ച് കേരള ഫർമസിസ്റ്റ്സ് ഫോറം

malayalampress
3 Min Read
  • യാത്രയുടെ ഒരാഴ്ച മുൻപെങ്കിലും ഹെൽപ് ഡെസ്കിന്റെ വാട്സ്ആപ്പ് നമ്പറിൽ മരുന്നിന്റെ ഫോട്ടോ അയച്ചു കൊടുത്താൽ സഹായം ലഭ്യമാകും

ദമാം: സഊദിയിലേക്ക് മരുന്ന് കൊണ്ടുവരാൻ പ്രവാസികൾ നിബന്ധനകൾ പാലിച്ചാൽ മതിയെന്നും, ആശങ്ക വേണ്ടെന്നും സഊദിയിലുള്ള മലയാളി ഫാർമിസ്റ്റുകളുടെ കൂട്ടായ്മ. പ്രവാസി മലയാളികൾക്ക് മരുന്ന് കൊണ്ടുവരുന്നത് സംബന്ധിച്ച് സംശയനിവാരണത്തിനും മറ്റുമായി ഹെൽപ്പ് ഡെസ്ക് സഹായവുമായി കേരള ഫർമസിസ്റ്റ്സ് ഫോറം.

മരുന്നുകളുമായി സഊദിയിലെത്തുന്ന യാത്രക്കാർ വിമാനത്താവളങ്ങളിൽ തടയപ്പെടുന്നതും നിയമനടപടികൾ നേരിടേണ്ടിവരുന്നതുമായ സംഭവങ്ങൾ പ്രവാസികൾക്കിടയിൽ ആശങ്ക ഉയർത്തുകയാണ്. അടുത്തിടെ ജിദ്ദ വിമാനത്താവളത്തിൽ മരുന്നുമായി ബന്ധപ്പെട്ട സംശയത്തെത്തുടർന്ന് ഒരു മലയാളി നഴ്‌സ് കസ്റ്റഡിയിലാവുകയും അന്വേഷണത്തിനുശേഷം വിട്ടയക്കപ്പെടുകയും ചെയ്ത സംഭവം വാർത്തകളിൽ നിറഞ്ഞിരുന്നു.

മരുന്നുകളുടെ വലിയ വിലയും, ഇൻഷുറൻസ് പരിരക്ഷയിലെ പരിമിതികളും കാരണം സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകൾ നാട്ടിൽ നിന്നും ലഗേജിലും കൈവശവും കൊണ്ടുവരുന്ന പ്രവാസികൾ ഏറെയാണ്. എന്നാൽ വ്യക്തിഗത ചികിത്സയ്ക്കുള്ള അനുവദനീയമായ മരുന്നുകൾ സൗദിയിലേക്ക് കൊണ്ടുവരുന്നതിന് പൊതുവിലക്കില്ലെന്നും ബാധകമായ നിബന്ധനകൾ പാലിക്കുകയാണ് വേണ്ടതെന്നും ആശങ്ക വേണ്ടെന്നും സഊദി കേരള ഫാർമസിസ്റ്റ്‌സ് ഫോറം (എസ്കെപിഎഫ്) വ്യക്തമാക്കി.

സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്‌എഫ്‌ഡിഎ) 2017 ജനുവരി 31ന് ആണ് ഇതുമായി ബന്ധപ്പെട്ട ആദ്യ വിജ്ഞാപനം പുറത്തിറക്കിയത്. 2025 ഒക്ടോബർ 26 ന് ഭേദഗതികളോട് വീണ്ടും ഇറക്കിയ വിജ്ഞാപനത്തിൽ വ്യക്തിഗത ആവശ്യങ്ങൾക്കായി മരുന്നുകൾ കൊണ്ട് വരുന്നതിനുള്ള നിബന്ധങ്ങളും മാർഗനിർദേശങ്ങളും വിശദീകരിക്കുന്നുണ്ട്. സ്വന്തം ആവശ്യത്തിന് കൊണ്ട് പോകുന്നതിനുള്ള നിയമം ആയത് കൊണ്ട് തന്നെ, രോഗിയോ അടുത്ത കുടുംബാംഗമോ അല്ലാത്ത, മറ്റൊരാൾക്കുവേണ്ടി മരുന്നുകൾ കൊണ്ടുവരുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഫോറം കൂട്ടിച്ചേർത്തു.

കൊണ്ട് വരുന്ന മരുന്ന് നിയന്ത്രിത വിഭാഗത്തിൽപ്പെടുന്നുണ്ടോ, അതിന് മുൻകൂർ അനുമതി ആവശ്യമാണോ എന്നതാണ് ആദ്യം പരിശോധിക്കേണ്ടത്. ആയിരക്കണക്കിന് മരുന്നുകളും ഒരേ ഔഷധഘടകം അടങ്ങിയ വിവിധ ബ്രാൻഡുകളും വിപണിയിലുള്ളതിനാൽ പേരുമാത്രം നോക്കി ഇത് തിരിച്ചറിയുന്നത് സാധാരണക്കാർക്ക് എളുപ്പമാകണമെന്നില്ല. ഇവിടെയാണ്‌ പ്രവാസികൾക്ക് താങ്ങായി തങ്ങൾക്ക് ഫാർമിസ്റ്റുകൾ എന്ന നിലയ്ക്ക് എസ്കെപിഎഫ് ഹെൽപ് ഡെസ്ക് നിലകൊള്ളാൻ ലക്ഷ്യമിടുന്നത്.

യാത്രയ്ക്ക് കുറഞ്ഞത് ഒരാഴ്ച മുൻപെങ്കിലും ഹെൽപ് ഡെസ്കിന്റെ വാട്സ്ആപ്പ് നമ്പറായ +966 53 142 7553 ലേക്ക് മരുന്നിന്റെ വ്യക്തമായ ചിത്രങ്ങൾ അയച്ച് നൽകി കൊണ്ട് ഈ കാര്യങ്ങൾ വിലയിരുത്താവുന്നതാണ്. മുൻകൂർ അനുമതി ആവശ്യമായ മരുന്നുകളാണെങ്കിൽ അപേക്ഷയും തുടർനടപടികളും പൂർത്തിയാക്കാൻ സമയം ലഭിക്കുന്നതിനും യാത്രാ തടസ്സങ്ങൾ ഒഴിവാക്കുന്നതിനുമാണ് യാത്രക്ക് ഒരാഴ്ച മുൻപ് തന്നെ ബന്ധപ്പെടാൻ നിർദേശിക്കുന്നത്.

സഊദിയിൽ താമസിക്കുന്നവർക്കും സന്ദർശനത്തിനോ തീർഥാടനത്തിനോ എത്തുന്നവർക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. നേരിട്ടുള്ള ഫോൺകോളുകളോ വാട്സ്ആപ്പ് കാളുകളോ ഒഴിവാക്കണമെന്ന് ഫോറം അഭ്യർഥിച്ചു. മരുന്നിന്റെ വിഭാഗം, അനുമതിയുടെ ആവശ്യകത, അനുവദനീയമായ അളവ് എന്നിവ പരിശോധിച്ച് മറുപടി നൽകാൻ കുറഞ്ഞത് 24 മണിക്കൂർ സമയം അനുവദിക്കണമെന്നും ഫോറം അഭ്യർഥിച്ചു.

മുൻകൂർ അനുമതി ആവശ്യമില്ലാത്ത, നിയന്ത്രിത വിഭാഗത്തിൽപ്പെടാത്ത അനുവദനീയമായ കുറിപ്പടി മരുന്നുകൾ പരമാവധി മൂന്ന് മാസത്തെ ഉപയോഗത്തിനുള്ള അളവിൽ കൊണ്ടുവരാം. ആറുമാസത്തിനുള്ളിൽ നൽകിയ സാധുവായ കുറിപ്പടിയോ, മെഡിക്കൽ റിപ്പോർട്ടോ കൂടെ കരുതണം. ആവശ്യകാർക്ക് ഇമെയിൽ സംവിധാനം വഴി അനുമതി എടുത്ത് കൊറിയർ വഴിയും ഇത്തരം മരുന്നുകൾ എത്തിക്കാവുന്നതാണെന്ന് വിജ്ഞാപനത്തിൽ പ്രതിപാദിക്കുന്നുണ്ട്.

എന്നാൽ, അനുമതി ആവശ്യമായ മരുന്നുകളാണെങ്കിൽ, അനുമതിക്ക് അപേക്ഷിക്കുന്ന രീതിയും സമർപ്പിക്കേണ്ട രേഖകളും സംബന്ധിച്ച മാർഗനിർദേശം ഹെൽപ് ഡെസ്ക് നൽകുന്നതാണ്. നാർക്കോട്ടിക്, സൈക്കോട്രോപിക് വിഭാഗങ്ങളിലുള്ള നിയന്ത്രിത മരുന്നുകൾക്ക് എസ്‌എഫ്‌ഡിഎയുടെ കൺട്രോൾഡ് ഡ്രഗ് സിസ്റ്റം പോർട്ടൽ വഴിയാണ് മുൻകൂർ അനുമതി നേടേണ്ടത്. പരമാവധി 30 ദിവസത്തെ ഉപയോഗത്തിനുള്ള അളവോ സഊദിയിലെ താമസകാലത്തേക്കുള്ള അളവോ, ഇവയിൽ കുറഞ്ഞതാണ് അനുവദിക്കുന്നത്. യാത്രയ്ക്കുമുൻപ് അനുമതി ലഭിച്ചതായി ഉറപ്പാക്കി, അനുമതിപത്രവും ആവശ്യമായ രേഖകളും കൈവശം കരുതണം.

എന്നാൽ നാർക്കോട്ടിക്, സൈക്കോട്രോപിക് വിഭാഗങ്ങളിലുള്ള നിയന്ത്രിത മരുന്നുകൾ കൊറിയർ വഴിയോ തപാൽ വഴിയോ അയയ്ക്കാനോ സ്വീകരിക്കാനോ അനുവദനീയമല്ല എന്നാണ് നിയമം. ഫോറത്തിന്റെ ഹെല്പ് ഡെസ്കിന്റെ ഈ സഹായം ഉപയോഗപ്പെടുത്തി, അനാവശ്യമായ ആശങ്കയും യാത്രാതടസ്സങ്ങളും നിയമക്കുരുക്കിൽ പെടുന്നതും ഒഴിവാക്കാമെന്നും സഊദി കേരള ഫർമസിസ്റ്റ്സ് ഫോറം ജനറൽ സെക്രട്ടറി ആബിദ് പാറക്കൽ അറിയിച്ചു

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article