റിയാദ്: സഊദി പൗരന്മാരുടെ പാസ്പോർട്ടിന്റെ നിലവിലെ സ്ഥിതി ഇലക്ട്രോണിക് സംവിധാനത്തിലൂടെ പരിശോധിക്കാൻ കഴിയുന്നതുൾപ്പെടെ നിരവധി പുതിയ ഡിജിറ്റൽ സേവനങ്ങൾക്ക് സഊദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ് പോർട്സ് (ജവാസാത്ത്) തുടക്കം കുറിച്ചു. റിയാദിൽ നടക്കുന്ന ‘ലീപ്പ് 2026’ സമ്മേളന -പ്രദർശനത്തിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ പവലിയനിൽ വെച്ചാണ് ആക്ടിങ് ഡ യറക്ടർ ജനറൽ ഓഫ് പാസ് പോർട് സ് മേജർ ജനറൽ ഡോ. സാലിഹ് ബിൻ സഅദ് അൽ മുറബ്ബ പുതിയ സേവനങ്ങൾ ഉദ്ഘാടനം ചെയ്തത്.
ഗുണഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും അവരുടെ ഡിജിറ്റൽ സേവനാനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമാണ് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയതെന്ന് ജവാസാത്ത് അറിയിച്ചു. പുതുതായി ആരംഭിച്ച പ്രധാന ഇലക്ട്രോണിക് സേവനങ്ങളിൽ നഷ്ടപ്പെട്ട പാസ്പോർട്ടിന് പകരം പുതിയ പാസ്പോർട്ട് അനുവദിക്കുന്ന സേവനം, സഊദി പാസ്പോർട്ടിന്റെ നിലവിലെ സ്ഥിതി പരിശോധിക്കാനുള്ള സേവനം, സഊദി പാസ്പോർട്ട് അതിവേഗം എത്തിച്ചു നൽകുന്ന എക്സ്‌പ്രസ് ഡെലിവറി സേവനം എന്നിവ ഉൾപ്പെടുന്നു. ഇതോടെ പാസ്പോർട്ടുമായി ബന്ധപ്പെട്ട വിവിധ നടപടിക്രമങ്ങൾ കൂടുതൽ ലളിതമായും വേഗത്തിലും പൂർത്തിയാക്കാൻ സഊദി പൗരന്മാർക്ക് സാധിക്കും.
ഇലക്ട്രോണിക് സേവനങ്ങളുടെ വികസനം തുടരുമെന്ന് മേജർ ജനറൽ ഡോ. സാലിഹ് അൽ മുറബ്ബ പറഞ്ഞു. ആധുനിക സാങ്കേതികവിദ്യകളും ഡിജിറ്റൽ പരിഹാരങ്ങളും പരമാവധി പ്രയോജനപ്പെടുത്തി ഗുണഭോക്താക്കളുടെ നടപടി ക്രമങ്ങൾ ലളിതമാക്കുന്നതിനാണ് ജവാസാത്ത് പ്രവർത്തിക്കുന്നത്. സേവനങ്ങൾ ലഭിക്കുന്നതിനുള്ള സമയവും അധ്വാനവും കുറയ്ക്കുന്നതിനൊപ്പം പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം കൂടുതൽ ഉയർത്താനും പുതിയ ഡിജിറ്റൽ സംവിധാനങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
