ന്യൂഡല്‍ഹി: അഭിജീത് ദിപ്കേ നയിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയില്‍ (സിജെപി) ആദ്യ പിളര്‍പ്പ്. കോക്രോച്ച് ജനതാ പാർട്ടിയിൽ (സി.ജെ.പി) നിന്ന് ഒരു വിഭാഗം പുറത്തുവന്ന് പുതിയ പാർട്ടിക്ക് രൂപംനൽകി. മുൻ വളന്റിയറായ ഗുജറാത്ത് സ്വദേശി മനീഷ് ബ്രഹ്മഭട്ടിന്റെ നേതൃത്വത്തിൽ കോക്രോച്ച് ജനതാ പാർട്ടി-ഡെമോക്രാറ്റിക് (സി.ജെ.പി-ഡി) എന്ന പുതിയ പുതിയ പാർട്ടിയാണ് രൂപീകരിച്ചത്. സി.ജെ.പി സ്ഥാപകനായ ദിപ്കെ സമരക്കാരെ അവഗണിക്കുകയും, യുവാക്കള്‍ നയിച്ചിരുന്ന പ്രസ്ഥാനത്തെ തനിക്ക് പ്രിയപ്പെട്ടവരുടെ ഒരു ‘ടീം കേജ്രിവാള്’ ആയി മാറ്റുകയും ചെയ്തുവെന്ന് ബ്രഹ്മഭട്ട് ആരോപിച്ചു. മുന്‍പ് ആം ആദ്മി പാര്‍ട്ടിയുമായി (എ.എ.പി) ബന്ധമുണ്ടായിരുന്നവരാണ് സി.ജെ.പിയുടെ നേതൃത്വത്തില്‍ ഭൂരിഭാഗവുമെന്നും ബി.ജെ.പിയെ എതിര്‍ക്കുന്നതില്‍ മാത്രമാണ് അവര്‍ക്ക് താല്പര്യമെന്നും അദ്ദേഹം ആരോപിച്ചു. ബ്രഹ്മഭട്ടിന്റെ ആരോപണങ്ങളോട് സി.ജെ.പിയോ ദിപ്കെയോ പ്രതികരിച്ചിരുന്നില്ല.
മുന്‍പ് ഓഗസ്റ്റില്‍, സി.ജെ.പിയുടെ കോര്‍ ടീം ദിപ്കെയുടെ വസതിയില്‍ യോഗം ചേരുന്നുണ്ടെന്നറിഞ്ഞ് മനീഷ് ബ്രഹ്മഭട്ട് ഗുജറാത്തില്‍ നിന്ന് ഛത്രപതി സംഭാജിനഗറിലേക്ക് യാത്ര ചെയ്തിരുന്നു. ജന്തര്‍ മന്തര്‍ പ്രതിഷേധത്തില്‍ സജീവമായിരുന്ന വോളന്റീയര്‍മാരെ ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കി എന്ന് ആരോപിച്ച് ബ്രഹ്മഭട്ടും അദ്ദേഹത്തിന്റെ സഹപ്രവര്ത്തകന് രാഹുല്‍ പാണ്ഡ്യയും ദിപ്കെയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിനിടെ ആരോഗ്യം വഷളായതിനെ തുടര്‍ന്ന് ഇരുവരെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ന് മാധ്യമ റിപ്പോര്‍ട്ടുകളില്‍ ബ്രഹ്മഭട്ടിനെ ഒരു ‘സി.ജെ.പി പ്രവര്ത്തകന്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. മെയ് 16-നാണ് അഭീജിത് ദിപ്കെ ഒരു പരിഹാസരൂപേണയുള്ള ഓണ്‍ലൈന്‍ പ്രസ്ഥാനമായി സി.ജെ.പിക്ക് രൂപം നല്‍കിയത്. ഇത് പിന്നീട് തൊഴിലില്ലായ്മ, പരീക്ഷാ ചോര്‍ച്ച, വിദ്യാഭ്യാസ സമ്പ്രദായത്തിലെ ക്രമക്കേടുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന യുവാക്കളുടെ ഒരു വേദിയായി വളരുകയായിരുന്നു. കേജ്രിവാളിന്റെയും എ.എ.പി-യുടെയും രാഷ്ട്രീയ താല്പര്യങ്ങള് സംരക്ഷിക്കുന്ന ആളുകള്‍ യഥാര്‍ത്ഥ പ്രസ്ഥാനത്തെ കൈയടക്കിയെന്നാണ് ബ്രഹ്മഭട്ട് ആരോപിക്കുന്നത്.
‘ഇന്ന് ഞങ്ങള്‍ കോക്രോച്ച് ജനതാ പാര്‍ട്ടി-ഡെമോക്രാറ്റിക് ആരംഭിക്കുകയാണ്. ജനങ്ങളുടെ രക്തത്തിലും വിയര്‍പ്പിലും പടുത്തുയര്‍ത്തിയ യഥാര്‍ത്ഥ കോക്രോച്ച് ജനതാ പാര്‍ട്ടി ടീം, പിന്നീട് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി മാത്രം തിരഞ്ഞെടുക്കപ്പെട്ട ഒരു സംഘമായി മാറിയതാണ് ഇതിന് കാരണം. രാഷ്ട്രീയ കച്ചവടങ്ങള്‍ നടത്തുക മാത്രമാണ് അവരുടെ ലക്ഷ്യം. വിദ്യാര്‍ത്ഥികളോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളോ നേരിടുന്ന പ്രശ്നങ്ങള്‍ക്കായി പോരാടാന്‍ അവര്‍ക്ക് താല്പര്യമില്ല; പകരം, കേജ്രിവാളിന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിച്ചുകൊണ്ട് ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെ പിന്തുണയ്ക്കാന്‍ വേണ്ടി മാത്രം ബി.ജെ.പിയെ എതിര്‍ക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്,’ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ-യോട് ബ്രഹ്മഭട്ട് പറഞ്ഞു. സി.ജെ.പിയുടെ ടീമിലേക്ക് തിരഞ്ഞെടുത്ത എട്ടുപേര്‍ക്ക് എ.എ.പി-യുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഈ അവകാശവാദം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സി.ജെ.പിയുടെ നേതൃത്വത്തിന്റെ ഘടനയെ ചോദ്യം ചെയ്ത ബ്രഹ്മഭട്ട്, ജന്തര്‍ മന്തറിലെ പ്രക്ഷോഭത്തെ പിന്തുണച്ച ആളുകള്‍ക്കോ വിഭാഗങ്ങള്‍ക്കോ അതില്‍ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നും ആരോപിച്ചു. മുന്‍പ്, ദിപ്കെ ദേശീയ കണ്‍വീനറായി സി.ജെ.പി ഒരു ദേശീയ വര്‍ക്കിംഗ് കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ ദിപ്കെയുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കിയെന്നും, സമരത്തില്‍ പങ്കെടുത്തവരുമായി വേണ്ടത്ര ആലോചന നടത്തിയില്ലെന്നും ബ്രഹ്മഭട്ടും കൂട്ടാളികളും ആരോപിച്ചത് അപ്പോഴാണ്. എ.എ.പി-യുമായി തനിക്കുള്ള മുന്‍കാല ബന്ധം ദിപ്കെ അംഗീകരിച്ചിട്ടുണ്ടെങ്കിലും, കേജ്രിവാള് നയിക്കുന്ന പാര്‍ട്ടിയുമായി തനിക്ക് ഇപ്പോള്‍ യാതൊരു ബന്ധവുമില്ലെന്നാണ് അദ്ദേഹം വാദിക്കുന്നത്.
ജന്തര്‍ മന്തറില്‍ സി.ജെ.പി നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെ കേജ്രിവാളും മറ്റ് എ.എ.പി നേതാക്കളും ദിപ്കെയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പരസ്യ പിന്തുണയും ചില സി.ജെ.പി അംഗങ്ങളുടെ മുന്‍കാല എ.എ.പി ബന്ധവും ഇരു സംഘടനകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആക്കം കൂട്ടി. ഗുജറാത്ത് സ്വദേശിയാണ് 37 കാരനായ ബ്രഹ്മഭട്ട്. സിജെപിയുടെ ഭാഗമാകുന്നതിന് മുന്‍പ് 2022-ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലന്‍പൂരില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ചിരുന്നു. അന്ന് 964 വോട്ടുകള്‍ നേടി അഞ്ചാം സ്ഥാനത്താണ് അദ്ദേഹം എത്തിയത്.ബി.ജെ.പിയുടെ അനികേത് ഗിരീഷ് ഭായ് ഠാക്കൂറാണ് 95,588 വോട്ടുകള്‍ നേടി ഈ മണ്ഡലത്തില്‍ നിന്ന് അന്ന് വിജയിച്ചത്. ഹേമചന്ദ്രാചാര്യ നോര്‍ത്ത് ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബി.കോമും, എല്‍.എല്‍.ബിയും പൂര്‍ത്തിയാക്കിയിരുന്ന ബ്രഹ്മഭട്ട് ഒരു മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് നല്കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പ്രകാരം നാല് ക്രിമിനല്‍ കേസുകളും ബ്രഹ്മഭട്ടിനെതിരെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നിലവിലുള്ളത് കേസുകള്‍ മാത്രമാണെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും ബ്രഹ്മഭട്ട് വ്യക്തമാക്കുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
