തിരുവനന്തപുരം: ബിഗ് ടിവി സംപ്രേഷണം ചെയ്ത ‘ബിഗ് ഡയലോഗ്’ പരിപാടിക്കിടെ നടത്തിയ ചില പരാമര്‍ശങ്ങളെ തുടര്‍ന്നുണ്ടായ വിവാദത്തിന് പിന്നാലെ തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണവും വധഭീഷണിയും തുടരുന്നതായി ചാനലിലെ സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അപര്‍ണ കുറുപ്പ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്കി. കഴിഞ്ഞ മൂന്ന് ദിവസമായി ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അടിയന്തരമായി പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 20 വര്‍ഷമായി കേരളത്തിലെ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകയാണ് താനെന്ന് വ്യക്തമാക്കിയാണ് അപര്‍ണ ആഭ്യന്തര മന്ത്രിക്ക് നല്കിയ പരാതിയില്‍ സംഭവങ്ങളുടെ വിശദാംശങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ഭയപ്പെടുത്തുന്നതും ജീവന് അപായമുണ്ടാക്കുന്നതുമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പരാതിയില്‍ പറയുന്നു. കാന്തപുരത്തിന്റെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് ‘ബിഗ് ഡയലോഗ്’ പരിപാടിയില്‍ നടത്തിയ ചില പരാമര്‍ശങ്ങളുടെ ആമുഖഭാഗത്തെ വരികള്‍ ദുര്‍വ്യാഖ്യാനം ചെയ്താണ് തനിക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണം ആരംഭിച്ചതെന്നാണ് അപര്‍ണയുടെ ആരോപണം. എന്നാൽ, ദുർവ്യാഖ്യാനമല്ല, മറിച്ച് പച്ചയായി ചില മോശം കാര്യങ്ങളെ ‘സുന്നത്’ ആയി ചിത്രീകരിച്ചായിരുന്നു അവതാരക ഉച്ചത്തിൽ ആക്രോശിച്ചത്.
വിവാദം ശക്തമായതിനെ തുടര്‍ന്ന് ബിഗ് ടിവി പ്രസ്തുത പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളില്‍ നിന്ന് പിന്‍വലിച്ചിരുന്നു. വിഷയത്തില്‍ അപര്‍ണ കുറുപ്പും ചാനല്‍ അധികൃതരും ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ വീഡിയോ പിന്‍വലിച്ചതിനും സംസ്ഥാന പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കിയതിനും ശേഷവും ഭീഷണികള്‍ക്ക് കുറവുണ്ടായില്ലെന്നാണ് അപര്‍ണയുടെ പരാതി. തനിക്കെതിരെ വധഭീഷണി മുഴക്കുകയും ഭീഷണിപ്പെടുത്തുന്ന ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ അടിയന്തരമായി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കുറ്റക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. തന്റെ വ്യക്തിഗത സുരക്ഷ കണക്കിലെടുത്ത് അടിയന്തരമായി പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും അവര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. അപര്‍ണയുടെ പരാതിയുടെ പൂര്‍ണരൂപം
To ശ്രീ രമേശ് ചെന്നിത്തല, ബഹുമാനപ്പെട്ട ആഭ്യന്തര വകുപ്പ് മന്ത്രി, കേരള സര്‍ക്കാര്‍,
From അപര്‍ണ്ണ കുറുപ്പ് സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍, ബിഗ് ടിവി (Big TV).
ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി മുന്‍പാകെ സമര്‍പ്പിക്കുന്നത്, ഞാന്‍ ബിഗ് ടിവിയിലെ സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്ററായി പ്രവര്‍ത്തിച്ചു വരുന്ന മാധ്യമപ്രവര്‍ത്തകയാണ്. കഴിഞ്ഞ 20 വര്‍ഷമായി കേരളത്തിലെ മാധ്യമരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ആളാണ് ഞാന്‍. ഒരു മാധ്യമപ്രവര്‍ത്തക എന്ന രീതിയിലും ഒരു സ്ത്രീ എന്ന രീതിയിലും തികച്ചും ഭയപ്പെടുത്തുന്നതും ജീവന് അപായമുണ്ടാക്കുന്നതുമായ ഒരു സാഹചര്യത്തിലാണ് ഞാന്‍ അങ്ങേക്ക് മുന്‍പാകെ ഈ അപേക്ഷ സമര്‍പ്പിക്കുന്നത്. കൂടുതൽ കണ്ടെത്തുക കായിക വാർത്തകൾ ശാസ്ത്ര സാങ്കേതികവിദ്യ ചലച്ചിത്ര നിരൂപണങ്ങൾ കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ അവതരിപ്പിച്ച ഒരു ചര്‍ച്ചയുടെ ആമുഖത്തില്‍ പറഞ്ഞ വരികളെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് എനിക്കെതിരെ വന്‍തോതിലുള്ള സൈബര്‍ ആക്രമണങ്ങളും വധഭീഷണികളുമാണ് നടന്നുവരുന്നത്.
ചര്‍ച്ചയില്‍ പങ്കെടുത്ത വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ഭാരവാഹിയായ അബ്ദുള്ള ബാസില്‍ എന്നെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച വീഡിയോയ്ക്ക് പിന്നാലെയാണ് തീവ്ര സ്വഭാവമുള്ള ഗ്രൂപ്പുകളും വ്യക്തികളും എനിക്കെതിരെ തിരിഞ്ഞത്. ഈ വിഷയത്തിലെ സംവേദനക്ഷമത കണക്കിലെടുത്ത് ബിഗ് ടിവി (Big TV) പ്രസ്തുത ചര്‍ച്ചാ വീഡിയോ എല്ലാ പ്ലാറ്റ്ഫോമുകളില്‍ നിന്നും പിന്‍വലിക്കുകയും ചാനല്‍ ഖേദപ്രകടനം നടത്തുകയും ചെയ്തിട്ടുള്ളതാണ്. കൂടാതെ, സംസ്ഥാന പോലീസ് മേധാവിക്ക് (DGP) ഞാന്‍ നേരിട്ട് പരാതി നല്‍കിയിട്ടുമുണ്ട്. എന്നാല്‍, വീഡിയോ പിന്‍വലിക്കുകയും ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തിട്ടും എനിക്കെതിരെയുള്ള കൊലവിളികള്‍ കൂടുതല്‍ രൂക്ഷമാകുകയാണ് ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി എന്റെ ജീവന് തന്നെ ഭീഷണിയാകുന്ന രീതിയിലുള്ള സന്ദേശങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
പ്രധാന ഭീഷണികളും സാഹചര്യങ്ങളും താഴെ പറയുന്നവയാണ്:
വധഭീഷണി: ‘ചേകന്നൂര്‍ മൗലവിയുടെ ഗതി വരുത്തും’, ‘തലയരിയും’, ‘നാവരിയും’, ‘പോയി ചാകുന്നതാണ് നല്ലത്’ എന്നിങ്ങനെ ജീവനെടുക്കുമെന്ന കൃത്യമായ കൊലവിളികളാണ് എനിക്കെതിരെ ഉയരുന്നത്. ഭയപ്പെടുത്തുന്ന അന്തരീക്ഷം: ചില മുസ്ലിം പുരോഹിതന്മാരും അത്തരം വേഷം ധരിച്ച വ്യക്തികളും എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചും ആക്രമിക്കാന്‍ ആഹ്വാനം ചെയ്തും ഉള്ള വീഡിയോകള്‍ ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്. സ്ത്രീ എന്ന നിലയിലുള്ള ഭയം: ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ ജോലി ചെയ്യാനോ പുറത്തിറങ്ങാനോ സാധിക്കാത്ത വിധം ജീവന് വലിയ ഭയം തോന്നുന്ന സാഹചര്യമാണിവിടെയുള്ളത്. സാധാരണ നിലയിലുള്ള ഒരു വിമര്‍ശനത്തിനപ്പുറം, ‘ചേകന്നൂര്‍ മൗലവിയുടെ ഗതി വരുത്തും’ എന്ന് പരസ്യമായി ആക്രോശിക്കുന്നത് തികച്ചും ഗൗരവകരമായ കുറ്റകൃത്യമാണ്.
ഒരു സ്ത്രീ എന്ന നിലയില്‍ ഞാന്‍ വലിയ ഭീതിയിലാണ്. ആയതിനാല്‍, ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി ഈ വിഷയത്തില്‍ ഉടനടി ഇടപെട്ട്, എനിക്കെതിരെ വധഭീഷണി മുഴക്കിയവര്‍ക്കും പ്രചാരണം നടത്തുന്നവര്‍ക്കുമെതിരെ അടിയന്തരമായി കേസ് രജിസ്റ്റര്‍ ചെയ്യാനും, കുറ്റക്കാരെ അറസ്റ്റ് ചെയ്യാനും, എനിക്ക് അടിയന്തരമായി പോലീസ് സംരക്ഷണം ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
