ന്യൂഡൽഹി: ടിബറ്റിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി ജർമൻ റിസർച് സെന്റർ ഫോർ ജിയോ സയൻസസ്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 10 കിലോമീറ്റർ ആഴത്തിലാണ്. കഴിഞ്ഞയാഴ്ച നേപ്പാൾ–ടിബറ്റ് അതിർത്തിയിലെ ഗൈറോങ്ങിന് സമീപം ഉണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് ടിബറ്റിൽ രക്ഷാപ്രവർത്തനവും പുനരധിവാസ പ്രവർത്തനങ്ങളും പുരോഗമിക്കുന്നതിന് ഇടയിലാണ് ഭൂകമ്പം ഉണ്ടായത്.
ഗൈറോങ് ക്രോസിങിലേക്കുള്ള ഒരേയൊരു റോഡിന്റെ തകർന്ന ഭാഗങ്ങൾ ചൈന ബുധനാഴ്ച പൂർണമായി ഗതാഗത യോഗ്യമാക്കി. ഇതോടെ ദുരന്ത മേഖലയിലേക്ക് വൻകിട യന്ത്രങ്ങൾ എത്തിക്കാൻ സാധിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ടിബറ്റിലെ പ്രളയത്തിൽ മരിച്ചവരുടെ ഔദ്യോഗിക സംഖ്യ 21 ആയി. 541 പേരെ കണ്ടെത്താനുണ്ട്. കാണാതായവരിൽ 104 നേപ്പാൾ സ്വദേശികളും 49 ഇന്ത്യക്കാരും 33 ലാത്വിയൻ സ്വദേശികളും ആറ് കനേഡിയൻ പൗരന്മാരും ഉൾപ്പെടുന്നു.
നേപ്പാളിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,252 ആയി. 4,200 ലധികം പേരെ കാണാതായി. ചിത്വാൻ ജില്ലയിലാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് (355). നവൽപരാസി ഈസ്റ്റ് (218), നവൽപരാസി വെസ്റ്റ് (208), നുവകോട്ട് (177), രസുവ (127) എന്നിവിടങ്ങളിലും നിരവധി മൃതദേഹങ്ങൾ കണ്ടെത്തി. ഇതുവരെ 95 മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ഏകദേശം 11,993 പേരെ രക്ഷപ്പെടുത്തി.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
