ജനം ടി.വിയില്‍ വനിതാ സബ് എഡിറ്റര്‍ക്ക് നേരെ ലൈംഗികാതിക്രമ ശ്രമമെന്ന് അനില്‍ നമ്പ്യാര്‍; ‘ചീഫ് എഡിറ്റര്‍ക്ക് എതിരെ നടപടി എടുത്തില്ലെന്നും ആരോപണം

malayalampress
4 Min Read
  • 7 കോടി ആവശ്യപ്പെട്ട റിപ്പോര്‍ട്ടറുടെ കഥയും 45 മിനിറ്റ് ദൃശ്യങ്ങളും പുറത്തെടുത്ത് മുന്‍ ചീഫ് എഡിറ്റര്‍
  • സ്ഥാപനത്തില്‍ നിന്ന് തന്നെ പുറത്താക്കിയതല്ലെന്നും അനില്‍ നമ്പ്യാര്‍

തിരുവനന്തപുരം: ജനം ടി.വിയില്‍ വനിതാ സബ് എഡിറ്റര്‍ക്കെതിരെ ലൈംഗികാതിക്രമ ശ്രമവും അധിക്ഷേപവും നടന്നുവെന്ന ഗുരുതര ആരോപണവുമായി മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ രംഗത്ത്. സ്വന്തം മകളുടെ പ്രായമുള്ള സബ് എഡിറ്റര്‍ക്ക് രാത്രിയില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളടങ്ങിയ സന്ദേശങ്ങള്‍ അയച്ച സംഭവത്തില്‍ ചീഫ് എഡിറ്റര്‍ പിടിക്കപ്പെട്ടിട്ടും സ്ഥാപനതലത്തില്‍ യാതൊരു അച്ചടക്ക നടപടിയും സ്വീകരിച്ചില്ലെന്ന് അനില്‍ നമ്പ്യാര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.

അതേസമയം, ഈ ആരോപണങ്ങള്‍ക്കെതിരെ ശക്തമായ മറുപടിയുമായി മുന്‍ ചൂഫ് എഡിറ്റര്‍ കെ. സുരേഷ് ബാബു രംഗത്തെത്തി. വനിതാ സബ് എഡിറ്ററുടെ പരാതിയുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും, ചീഫ് എഡിറ്ററുടേതെന്ന പേരില്‍ പ്രചരിച്ച സന്ദേശം വ്യാജമായി സൃഷ്ടിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട രേഖകള്‍ സ്ഥാപനത്തില്‍ തന്നെ ഉണ്ടെന്നും പെണ്‍കുട്ടിയുടെ പരാതിയും അവിടെ സൂക്ഷിച്ചിട്ടുണ്ടെന്നും സുരേഷ് ബാബു അവകാശപ്പെട്ടു.

ജനം ടി.വിയിലെ തന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സ്ഥാപനത്തില്‍ നിന്ന് തന്നെ പുറത്താക്കിയതല്ലെന്നും അനില്‍ നമ്പ്യാര്‍ വ്യക്തമാക്കി. ജൂലൈ 14ന് നല്‍കിയ രാജി ഓഗസ്റ്റ് 31നാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജനം ടി.വി. പ്രഭാരി എ. ജയകുമാറുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കടുത്ത ആരോപണങ്ങളുമായി രംഗത്തെത്താന്‍ കാരണമെന്നും നമ്പ്യാര്‍ വ്യക്തമാക്കി. തനിക്കെതിരെ തീവ്രവാദ ബന്ധമുണ്ടെന്ന തരത്തിലുള്ള വ്യാജ ആഖ്യാനങ്ങള്‍ സൃഷ്ടിക്കാന്‍ എ. ജയകുമാര്‍ ശ്രമിക്കുന്നുവെന്നാണ് നമ്പ്യാരുടെ മറ്റൊരു ആരോപണം. രാജ്യത്ത് നീണ്ടുപോകുന്ന വിചാരണ നടപടികളില്‍പ്പെട്ട മനുഷ്യരുടെ മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിച്ചതിന്റെ പേരിലാണ് തനിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ മനുഷ്യാവകാശ വിഷയങ്ങളില്‍ നിലപാട് സ്വീകരിക്കുന്നത് കുറ്റകരമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹത്തിന്റെ ആരോപണങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുവെന്ന വിവാദത്തിലായ ഗായകന്‍ വേടനെ ദല്‍ഹിയില്‍ നടന്ന ജനോത്സവത്തില്‍ പങ്കെടുപ്പിക്കാന്‍ മുന്‍കൈയെടുത്തത് എ. ജയകുമാറാണെന്നും അനില്‍ നമ്പ്യാര്‍ ആരോപിച്ചു. വേടന്‍ ജനോത്സവത്തില്‍ പങ്കെടുക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിലപാടെടുത്ത ഏക മാധ്യമപ്രവര്‍ത്തകന്‍ താനായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ജയകുമാര്‍ ഒരുവശത്ത് സ്വീകരിക്കുന്ന നിലപാടുകളും മറുവശത്ത് സ്വീകരിക്കുന്ന നടപടികളും തമ്മിലുള്ള വൈരുധ്യത്തെ ‘ആദര്‍ശം’ എന്ന് വിശേഷിപ്പിക്കാനാകില്ലെന്നും നമ്പ്യാര്‍ വിമര്‍ശിച്ചു. തന്റെ മാധ്യമപ്രവര്‍ത്തന മര്യാദയെയും എത്തിക്കല്‍ വാല്യൂസിനെയും ചോദ്യം ചെയ്യാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അനില്‍ നമ്പ്യാര്‍ പറഞ്ഞു. സ്ഥാപനത്തെ തകര്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളെ ഒഴിവാക്കാതെ ജനം ടി.വിക്ക് മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടുമെന്നും പറഞ്ഞാണ് നമ്പ്യാര്‍ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

കെ സുരേഷ് ബാബുവിന്റെ മറുപടി എന്നാല്‍ നമ്പ്യാരുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ മുന്‍ ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു നടത്തിയ മറുപടി കൂടുതല്‍ ഗുരുതരമായ ആരോപണങ്ങളിലേക്കാണ് നീങ്ങുന്നത്. ജനം ടി.വിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും തുടര്‍ന്ന് രാജിവച്ച് പുറത്തുപോകുകയും ചെയ്ത അനില്‍ നമ്പ്യാരുടെ പോസ്റ്റ് കണ്ടിരുന്നുവെന്നും, വിഷയത്തില്‍ താന്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ ഇടപെടേണ്ടതില്ലെന്ന് കരുതിയിരുന്നുവെന്നും സുരേഷ് ബാബു പറഞ്ഞു. എന്നാല്‍ എ. ജയകുമാറിനെതിരെ നമ്പ്യാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ മറുപടിയില്ലാതെ പോകാന്‍ പാടില്ലെന്ന നിലപാടിലാണ് അദ്ദേഹം രംഗത്തെത്തിയത്.

ദേശീയ തലത്തില്‍ ആദരിക്കപ്പെടുന്ന സംഘ പ്രചാരകരെ ആക്രമിക്കാന്‍ ജനം ടി.വിയിലെ 11 വര്‍ഷത്തെ പരിചയം അനില്‍ നമ്പ്യാര്‍ അവസരമാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനിടെയാണ് വനിതാ സബ് എഡിറ്ററുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സുരേഷ് ബാബു നേരിട്ട് പ്രതികരിച്ചത്. ഒരു ചീഫ് എഡിറ്റര്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള സന്ദേശം അയച്ചുവെന്ന പരാമര്‍ശം ജനം ടി.വിയില്‍ അനില്‍ നമ്പ്യാര്‍ നടത്തിയ ‘വ്യാജരേഖയുടെ പതിപ്പ്’ മാത്രമാണെന്നാണ് സുരേഷ് ബാബുവിന്റെ ആരോപണം. വനിതാ സബ് എഡിറ്ററുടെ പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍, ചീഫ് എഡിറ്ററുടേതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രൊഫൈല്‍ ഐഡി പോലുമില്ലാത്ത സന്ദേശം സൃഷ്ടിച്ചതായി സി.സി.ടി.വി. ദൃശ്യങ്ങളില്‍ കണ്ടെത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കിയതായും സുരേഷ് ബാബു പറഞ്ഞു. അതിന് മുമ്പുതന്നെ സൈബര്‍ പോലീസില്‍ നല്‍കിയ കേസില്‍ കുറ്റാരോപിതന്‍ പറഞ്ഞ പേരുകള്‍ അന്വേഷിക്കേണ്ടതുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സംഘത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കേസുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്നും കേസ് പിന്‍വലിച്ചിട്ടില്ലെന്നും സുരേഷ് ബാബു അവകാശപ്പെട്ടു.

ഇതിനു പിന്നാലെ ജനം ടി.വിയിലെ മറ്റൊരു വിവാദ ആരോപണവും അദ്ദേഹം ഉന്നയിച്ചു. ഒരു റിപ്പോര്‍ട്ടര്‍ വാര്‍ത്ത നല്‍കാതിരിക്കാന്‍ ഏഴ് കോടി രൂപ ആവശ്യപ്പെട്ടുവെന്നും ഇതുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചയുടെ 45 മിനിറ്റ് ദൃശ്യങ്ങള്‍ ചീഫ് എഡിറ്റര്‍ക്ക് ലഭിച്ചിരുന്നുവെന്നും സുരേഷ് ബാബു ആരോപിച്ചു. ഇതിന് ശേഷമാണ് ദ്വയാര്‍ത്ഥ സന്ദേശവുമായി ബന്ധപ്പെട്ട ‘വ്യാജരേഖ’ പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വീഡിയോ ഇപ്പോഴും സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും സുരേഷ് ബാബു അവകാശപ്പെട്ടു. സംഘവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അനില്‍ നമ്പ്യാരെ സുരേഷ് ബാബു രൂക്ഷമായി വിമര്‍ശിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!