ഹോട്ടൽ ജീവനക്കാരനിൽ നിന്ന് വൻ സാമ്രാജ്യാധിപനിലേക്ക്; മലയാളി വ്യവസായി അന്തരിച്ചു, കണ്ണീരണഞ്ഞ് പ്രവാസ ലോകം

malayalampress
1 Min Read

ദുബൈ/എറണാകുളം: യുഎഇയിലെ ഹോസ്പിറ്റാലിറ്റി, കാറ്ററിങ് മേഖലകളിലെ പ്രമുഖ മലയാളി സംരംഭകൻ, ‘റെയിൻബോ ജോൺസൺ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ജോൺസൺ ജെ. മാഞ്ഞൂരാൻ (74) അന്തരിച്ചു. ഇന്നലെ എറണാകുളത്തായിരുന്നു അന്ത്യം.

ഗൾഫിലെ മലയാളി ബിസിനസ് സമൂഹത്തിൽ സുപരിചിതനായ അദ്ദേഹം യുഎഇയിലെ പ്രമുഖ റെയിൻബോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായിരുന്നു. റെയിൻബോ സ്റ്റേക്ക് ഹൗസ്, കാറ്ററിങ് തുടങ്ങിയ സംരംഭങ്ങളിലൂടെ യുഎഇയിലെ ഹോസ്പിറ്റാലിറ്റി രംഗത്ത് അദ്ദേഹം ശ്രദ്ധേയമായ സാന്നിധ്യം സൃഷ്ടിച്ചു.

1972ൽ മുംബൈയിലെ ഹോട്ടൽ ഷെറാട്ടണിൽ ജോലിയിൽ പ്രവേശിച്ചാണ് ഹോസ്പിറ്റാലിറ്റി മേഖലയിലെ അദ്ദേഹത്തിന്റെ യാത്ര ആരംഭിക്കുന്നത്. പിന്നീട് 1975ൽ ദുബായിലെത്തി വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച ശേഷം സ്വന്തം സംരംഭങ്ങളിലേക്ക് കടന്നു. കാറ്ററിങ് രംഗത്തെ ദീർഘകാല പ്രവർത്തനത്തിലൂടെ റെയിൻബോ ഗ്രൂപ്പിനെ പ്രമുഖ സ്ഥാപനമായി വളർത്തുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.

റെയിൻബോ സ്റ്റേക്ക് ഹൗസ് ആൻഡ് കാറ്ററിങ് യുഎഇയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. 2014ൽ ഷാർജ യൂണിവേഴ്സിറ്റി സിറ്റിയിൽ റെയിൻബോ സ്റ്റേക്ക് ഹൗസിന്റെ മൂന്നാമത്തെ റസ്റ്ററന്റ് ആരംഭിച്ചപ്പോൾ റെയിൻബോ ഹോസ്പിറ്റാലിറ്റി സർവീസസിന്റെ തലവനായിരുന്നു അദ്ദേഹം.

ബിസിനസ് രംഗത്തിനൊപ്പം യുഎഇയിലെ ഇന്ത്യൻ സാമൂഹിക-സാംസ്കാരിക രംഗത്തും അദ്ദേഹം സജീവമായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ, അജ്മാൻ ഇന്ത്യൻ അസോസിയേഷൻ, ഇന്ത്യൻ ക്ലബ് ദുബായ് തുടങ്ങിയ സംഘടനകളുമായും അദ്ദേഹം ചേർന്ന് പ്രവർത്തിച്ചു. 2025-ൽ യുഎഇയിലെ ഭക്ഷ്യ-ഹോസ്പിറ്റാലിറ്റി രംഗത്തെ സംഭാവനകൾ പരിഗണിച്ച് ജലീൽ കാഷ് ആൻഡ് കാരി നൽകിയ പയനിയേഴ്സ് അവാർഡ് ലഭിച്ച പ്രമുഖ ബിസിനസ് വ്യക്തിത്വങ്ങളിൽ ജോൺസൺ മാഞ്ഞൂരാനും ഉൾപ്പെട്ടിരുന്നു. റെയിൻബോ കാറ്ററിങ് ആൻഡ് സ്റ്റേക്ക് ഹൗസ് സ്ഥാപകൻ എന്ന നിലയിലാണ് അദ്ദേഹത്തെ അന്ന് ആദരിച്ചത്. കൊച്ചി മറൈൻ ഡ്രൈവിലും അദ്ദേഹത്തിന് വസതിയുണ്ടായിരുന്നു. ഗൾഫിലെ ഹോസ്പിറ്റാലിറ്റി വ്യവസായ രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ജോൺസൺ മാഞ്ഞൂരാന്റെ വേർപാട് പ്രവാസി മലയാളി സമൂഹത്തിനും ബിസിനസ് രംഗത്തിനും തീരാനഷ്ടമാണ്. ഭാര്യ: ശോഭ. മക്കൾ: മായ, ദീപ.

 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!