ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് വിജയ് ഇറങ്ങുന്നു; ഇന്ത്യ സഖ്യ യോഗത്തിലേക്ക് ടിവികെയും

News Desk
1 Min Read

ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യ യോഗത്തിലേക്ക് ടിവികെയും. നാളെ ചെന്നൈയിൽ പൊതുയോഗം എന്നാണ് അറിയിപ്പ്. രാഹുലിന്‍റെയും വിജയ്‍യുടെയും ചിത്രം പോസ്റ്ററിലുണ്ട്. പ്രാസംഗികരുടെ പട്ടികയിൽ ടിവികെ മന്ത്രി രാജ്‌മോഹനും ഉൾപ്പെട്ടു.

വിഷയത്തിൽ ടിവികെയുടെ മൗനവും ദില്ലി പ്രതിഷേധങ്ങളിൽ നിന്ന് അകലം പാലിച്ചതും വലിയ ചർച്ചയായിരുന്നു. തമിഴ്നാട്ടിൽ ടിവികെ സഖ്യത്തിന്‍റെ ഭാഗം അല്ലാത്ത ഇടതുപാർട്ടികളുടെ നേതാക്കളുടെ ചിത്രങ്ങളും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്കിടെ ചെന്നൈയിൽ 140 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബസന്ത് നഗർ എലിയട്ട് ബീച്ചിൽ നിന്ന് 40 യുവാക്കളെയും സെക്രട്ടറിയേറ്റിന് സമീപത്ത് നിന്ന് എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകളിൽ പെട്ട 100 പ്രവർത്തകരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ദില്ലിയിൽ നടക്കുന്ന ‘സിജെപി’ പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് യുവാക്കൾ ബസന്ത് നഗർ ബീച്ചിൽ ഒത്തുചേർന്നത്.

പൊലീസ് നടപടിക്കതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ കക്ഷി ഡിഎംകെ പിന്നാലെ രംഗത്തെ് എത്തുകയും ചെയ്തു. ടിവികെ ബിജെപിയുടെ ശാഖയാണെന്നാണ് എം കെ സ്റ്റാലിൻ ആരോപിച്ചത്. വിജയ് ബിജെപിയുടെ അപ്രഖ്യാപിത അടിമയാണെന്നും, ഡമ്മി മുഖ്യമന്ത്രി ആരെയാണ് പേടിക്കുന്നതെന്നും ഉദയനിധി സ്റ്റാലിൻ ചോദിച്ചു.

ഇത്തരം ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ഇന്ത്യ സഖ്യത്തിന്‍റെ നിർണായക യോഗത്തിലേക്ക് ടിവികെയും എത്തുന്നത്. ദില്ലിയിൽ പ്രതിഷേധം കടുക്കുന്ന സമയത്ത് വിജയ്‍യെ കാണാൻ രാഹുൽ ചെന്നൈയിൽ എത്തിയതിൽ ഉയർന്ന വിമർശനങ്ങൾക്കും ടിവികെയുടെ ഈ നീക്കം മറുപടിയായി മാറും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!