തൃശൂർ: പെൺകുട്ടിയെ പ്രണയിച്ചതിൻ്റെ പേരിൽ പൊലീസ് പീഡനം ഏൽക്കുകയും തുടർന്ന് ജീവനൊടുക്കേണ്ടി വന്ന 18 വയസുകാരൻ മുഹമ്മദ് അസ്ലമിൻ്റെ ആത്മാവിന് നീതി തേടി കുടുംബം. കൊടുങ്ങല്ലൂർ പഴുപറമ്പിൽ നൗഷാദിൻ്റെ മകൻ മുഹമ്മദ് അസ്‌ലമാണ് കൊടുങ്ങല്ലൂർ പൊലീസിൻ്റെ ശാരീരിക മാനസിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തത്.
കൊടുങ്ങല്ലൂർ ജനമൈത്രി പൊലീസ് സ്റ്റേഷനിലെ സിഐ ബൈജു, എസ്ഐ അതുൽ മോഹൻ എന്നിവരാണ് അസ്ളമിൻ്റെ മരണത്തിന് ഉത്തരവാദിയെന്ന് പിതാവ് ആരോപിച്ചു. അസ്ലം ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇത് അറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ അസ്ളമിൻ്റെ പേരിൽ കള്ളക്കേസ് കൊടുക്കുകയായിരുന്നു.
20 പവനും 50,000 രൂപയും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വാങ്ങി ഇന്നോവ കാർ വാങ്ങിയെന്നായിരുന്നു പരാതി. പരാതി ലഭിച്ച ഉടനെ തന്നെ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ടാക്സി ഡ്രൈവറായ പിതാവ് നൗഷാദിനോട് പെട്ടെന്ന് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. എന്നാൽ നൗഷാദ് ഓട്ടത്തിലായതിനാൽ മൂത്ത മകനെ സ്റ്റേഷനിലേക്ക് പറഞ്ഞയച്ചു.
തൊട്ട് പിന്നാലെ തന്നെ നൗഷാദ് സ്റ്റേഷനിലെത്തുകയും ചെയ്തു. എന്നാൽ ഈ സമയം പൊലീസ് മൂത്തമകനെയും അസ്ലമിനെയും മർദിക്കുന്ന കാഴ്ചയാണ് പിതാവ് കണ്ടത്. സ്റ്റേഷനിൽ വച്ച് അസ്ളമിനെ പൊലീസ് ക്രൂരമായി മർദിച്ചു. അനിയനെ മർദിക്കുന്ന കാഴ്ച കണ്ട സഹോദരൻ കുറ്റം സ്വയം ഏൽക്കുകയായിരുന്നു.
തുടർന്ന് മൂന്ന് ദിവസം രണ്ട് മക്കളെയും പൊലീസ് കസ്റ്റഡിയിൽ വച്ച് പീഡിപ്പിക്കുകയും വ്യാജ വാർത്തകളും വീഡിയോയും പ്രചരിപ്പിച്ച് മക്കളുടെ ഭാവി നശിപ്പിക്കുകയും ചെയ്തുവെന്ന് പിതാവ് ആരോപിച്ചു. നാലാം ദിവസം ജാമ്യത്തിലിറങ്ങിയ അസ്ലം സ്വന്തം ചേട്ടൻ ജയിലിൽ കഴിയുന്ന ദുഃഖത്തിൽ ജീവനൊടുക്കുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു.
പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതി വേണ്ട രീതിയിൽ അന്വേഷിക്കാതെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മേൽ കുറ്റം ചുമത്തുകയും മർദിക്കുകയും ചെയ്ത കൊടുങ്ങല്ലൂർ ജനമൈത്രി പൊലീസ് സ്റ്റേഷനിലെ സിഐ ബൈജുവിനും എസ്ഐ അതുൽ മോഹനുമെതിരെ നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. ഇതിനുള്ള നിയമപോരാട്ടത്തിലാണ് അസ്ലമിൻ്റെ കുടുംബം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
