അവധി കഴിഞ്ഞ് യാത്ര തിരിച്ചു : റിയാദിലേക്ക് പോയ മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായി

News Desk
1 Min Read

കല്പറ്റ: അവധി കഴിഞ്ഞ് സൗദി അറേബ്യയിലെ റിയാദിലേക്ക് യാത്ര തിരിച്ച മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായതായി കുടുംബത്തിന്റെ പരാതി. സുൽത്താൻബത്തേരി അയ്യങ്കൊല്ലി സ്വദേശിനി ഫിലോമിനയെയാണ് (32) ഒക്ടോബർ പത്താം തീയതി മുതൽ കാണാതായത്. ബെംഗളൂരുവിൽ നിന്ന് യാത്ര പുറപ്പെട്ട ഫിലോമിന ജിദ്ദയിൽ വിമാനമിറങ്ങി, തുടർന്ന് മറ്റൊരു വിമാനത്തിലാണ് റിയാദിലേക്ക് പോകേണ്ടിയിരുന്നത്. എന്നാൽ ജിദ്ദയിൽ എത്തിയതിന് ശേഷം ഇവർക്ക് എന്ത് സംഭവിച്ചുവെന്നതിൽ യാതൊരു വിവരവുമില്ലെന്ന് കുടുംബം ആശങ്കപ്പെടുന്നു.

ജിദ്ദയിൽ വിമാനമിറങ്ങിയതിന് പിന്നാലെ വിമാനത്താവള ജീവനക്കാർ തന്നെ പിടിച്ചുവെച്ചെന്നും പാസ്പോർട്ട് വാങ്ങി വെച്ചെന്നുമാണ് ഫിലോമിന കുടുംബത്തിന് അയച്ച അവസാന വാട്‌സാപ്പ് സന്ദേശത്തിൽ വ്യക്തമാക്കിയത്. തൻ്റെ ബാഗുകളും സാധനങ്ങളും കൊണ്ടുപോകാൻ മറ്റാരോടെങ്കിലും ആവശ്യപ്പെടാൻ ജീവനക്കാർ പറഞ്ഞതായും സന്ദേശത്തിലുണ്ടായിരുന്നു.

റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ മൂന്ന് വർഷമായി നഴ്‌സായി ജോലിചെയ്തുവരികയാണ് ഫിലോമിന. നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് മടങ്ങിയ ഫിലോമിന ആശുപത്രിയിലോ താമസസ്ഥലത്തോ എത്തിയിട്ടില്ലെന്ന് സഹപ്രവർത്തകർ സ്ഥിരീകരിച്ചിട്ടുണ്ട്.

തുടർന്ന് കുടുംബം ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണുള്ളത്. സൗദിയിലെ ഇന്ത്യൻ എംബസിയുമായും നോർക്കയുമായും ഇ-മെയിൽ മുഖാന്തരം ബന്ധപ്പെട്ടെങ്കിലും ഇതുവരെ ഔദ്യോഗിക മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഭർത്താവ് ജോൺ വ്യക്തമാക്കി. അനന്ത് നിവാസിൽ രവിയുടെയും സെൽവിയുടെയും മകളായ ഫിലോമിനയെ കണ്ടെത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് മാതാപിതാക്കളും ബന്ധുക്കളും അഭ്യർത്ഥിച്ചു.

. …

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!