ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇൻ്റലസിജൻസ് രംഗത്ത് വിദഗ്ധരെ നിയമിക്കുന്നതിനായി വൻ തുക ചെലവഴിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. ഏറ്റവും ഉയർന്ന തലത്തിലുള്ള എഐ വിദഗ്ധർക്ക് പ്രതിമാസം 4.58 ലക്ഷം രൂപ വരെ പ്രതിഫലം നൽകാനാണ് സർക്കാർ നീക്കം.
പ്രതിവർഷം ഏകദേശം 55 ലക്ഷം രൂപ നിരക്കിലാവും ഇവർക്കായി നൽകേണ്ടി വരുന്ന ശമ്പളം. സർക്കാർ തിരഞ്ഞെടുക്കുന്ന ഏജൻസികളുടെ പാനലിലൂടെയായിരിക്കും നിയമനം. നിശ്ചയിച്ചിരിക്കുന്ന നിരക്കിൽ മാറ്റം വരുത്താനോ ചർച്ച നടത്തി കുറയ്ക്കാനോ അനുവദിക്കില്ലെന്നും ദി പ്രിൻ്റ് റിപ്പോർട്ട് ചെയ്യുന്നു.
കേന്ദ്ര സർക്കാരിന്റെ തന്നെ ഏറ്റവും ഉയർന്ന ശമ്പള സ്കെയിലുകളേക്കാൾ കൂടുതലാണ് എഐ വിദഗ്ധർക്കായി നിശ്ചയിച്ചിരിക്കുന്ന വേതനം എന്നാണ് ദി പ്രിൻ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിലെ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരിൽ ഒരാളായ കേന്ദ്ര സർക്കാർ സെക്രട്ടറിക്ക് ഏഴാം ശമ്പള കമ്മിഷന്റെ അപ്പെക്സ് സ്കെയിൽ പ്രകാരം പ്രതിമാസം 2.25 ലക്ഷം രൂപയാണ് അടിസ്ഥാന ശമ്പളം. രാജ്യത്തെ ഏറ്റവും ഉയർന്ന പദവിയിലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥനായ കാബിനറ്റ് സെക്രട്ടറിക്ക് പ്രതിമാസം 2.50 ലക്ഷം രൂപയാണ് അടിസ്ഥാന ശമ്പളം.
എന്നാൽ ഇവ തമ്മിൽ നേരിട്ട് താരതമ്യം ചെയ്യുന്നത് പൂർണമായും ലോജിക്കലല്ലെന്നും ദി പ്രിൻ്റിൻ്റെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. എഐ വിദഗ്ധർക്കായി സർക്കാർ വിതരണ കമ്പനിക്ക് നൽകുന്ന തുകയിലാണ് കമ്പനിയുടെ പ്രവർത്തനച്ചെലവും ലാഭവിഹിതവും ഉൾപ്പെടുന്നത്.
അതായത് മുഴുവൻ തുകയും വിദഗ്ധന്റെ ശമ്പളമായി ലഭിക്കണമെന്നില്ലെന്നാണ് ദി പ്രിൻ്റ് വിശദീകരിക്കുന്നത്. അതേസമയം സ്വകാര്യ മേഖലയിലെ ഉയർന്ന ഡിമാൻഡുള്ള പുതിയ കാലഘട്ടത്തിലെ സാങ്കേതിക വൈദഗ്ധ്യങ്ങൾക്കായി സർക്കാർ എത്രത്തോളം തുക ചെലവഴിക്കാൻ തയ്യാറാണെന്നതിന്റെ സൂചനയാണ് ഈ നിരക്കുകൾ എന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
