രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു; 3 ലക്ഷം ടണ്‍ വിപണിയിലെത്തും, വില കുറയാന്‍ സാധ്യത

News Desk
2 Min Read

ന്യൂഡല്‍ഹി: രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു. ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ കൈവശമുള്ള 33.5 ലക്ഷം ടണ്‍ പഞ്ചസാര ആഭ്യന്തര വിപണിയിലേക്ക് എത്തും. ഇതോടെ വിപണിയില്‍ പഞ്ചസാരയുടെ ലഭ്യത വര്‍ധിക്കുകയും ഇത് വില കുറയാനും ഇടയാക്കും.

നികുതി ഇല്ലാതെ അസംസ്‌കൃത പഞ്ചസാര ഇറക്കുമതി ചെയ്ത് സംസ്‌കരിച്ച ശേഷം കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ കൈവശമുള്ള ഏകദേശം പഞ്ചസാരയാണ് ആഭ്യന്തര വിപണിയിലേക്ക് എത്തുകയെന്നാണ് കരുതുന്നത്.

കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ 10 ലക്ഷം ടണ്‍ അസംസ്‌കൃത പഞ്ചസാര നികുതി ഇല്ലാതെ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. കയറ്റുമതിക്കായി മാത്രം മാറ്റിവെച്ചിരുന്ന സംസ്‌കരിച്ച പഞ്ചസാരയില്‍ ഒരു ഭാഗം ആഭ്യന്തര വിപണിയില്‍ വില്‍ക്കാനും റിഫൈനര്‍മാര്‍ക്ക് അനുമതി നല്‍കി.

കുറഞ്ഞത് 3 ലക്ഷം ടണ്‍ സംസ്‌കരിച്ച പഞ്ചസാര വിപണിയിലെത്തുന്നതോടെ, വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. അതേസമയം, കഴിഞ്ഞ 10 ദിവസത്തിനിടെ പഞ്ചസാരയുടെ എക്‌സ്-മില്‍ വില 20% കുറഞ്ഞിട്ടുണ്ട്. ബുധനാഴ്ച കോലാപൂരില്‍ എക്‌സ്-മില്‍ വില കിലോയ്ക്ക് 48 രൂപയായി കുറഞ്ഞപ്പോള്‍ ഉത്തര്‍പ്രദേശില്‍ ഇത് ഏകദേശം 53 രൂപ ആയിരുന്നു. പഞ്ചസാര മില്ലുകളില്‍ നിന്ന് നേരിട്ട് വില്‍ക്കുമ്പോള്‍ ഈടാക്കുന്ന വിലയാണ് എക്‌സ്-മില്‍ വില. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എക്‌സ്-മില്‍ വില കിലോയ്ക്ക് 48 രൂപയില്‍ നിന്ന് 58-60 രൂപയായി ഉയര്‍ന്നത് ഊഹക്കച്ചവടവും സംഭരണവും മൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചസാരയ്ക്ക് യഥാര്‍ത്ഥത്തില്‍ വലിയ ക്ഷാമമുണ്ടായിരുന്നില്ലെന്നും വിലയിരുത്തപ്പെടുന്നു.

പഞ്ചസാര വില നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഫലം കാണാന്‍ തുടങ്ങിയതായി രാജ്യത്തെ പ്രധാന പഞ്ചസാര വ്യവസായ സംഘടനയായ ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ദീപക് ബാലാനി പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി എക്‌സ്-മില്‍ പഞ്ചസാര വിലയില്‍ ഏകദേശം 20% കുറവുണ്ടായെന്നും, ഈ കുറവ് ഉടന്‍ തന്നെ ചില്ലറ വില്‍പ്പന വിലയിലും പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പഞ്ചസാരയുടെ ലഭ്യത മതിയായതിനാല്‍ വരാനിരിക്കുന്ന ഉത്സവ സീസണില്‍ ഉപഭോക്താക്കള്‍ക്ക് ന്യായമായ വിലയില്‍ പഞ്ചസാര ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച പഞ്ചസാരയുടെ ശരാശരി ചില്ലറ വില്‍പ്പന വില കിലോയ്ക്ക് 65 രൂപയായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!