കൊച്ചി: വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പുതിയ ജില്ലാ രൂപീകരണത്തിലും നിലപാട് വ്യക്തമാക്കി കെപിസിസി ജനറൽ സെക്രട്ടറിയും പൊന്നാനി എംഎൽഎയുമായ കെ.പി നൗഷാദലി. സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു.
വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം കളവ് പറയുകയാണെന്ന് നൗഷാദലി പറഞ്ഞു. യുഡിഎഫിനെതിരെ തെറ്റിധാരണ പറത്താൻ ഇറങ്ങിയ ഉമർ ഫൈസിയെപ്പോലുള്ളവരെ തുറന്നുകാട്ടേണ്ടത് തന്റെ ബാധ്യതയാണ്. നിഷ്കളങ്കരായ മതപണ്ഡിതരെ സിപിഎം രാഷ്ട്രീയ ഉപകരണമാക്കി ദുരുപയോഗം ചെയ്ത് അവരുടെ മുഖം കെടുത്തുകയാണ്.
വഖഫ് ബോർഡിൽ മുസ്‌ലിമേതര അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങളിൽ യുഡിഎഫ് സർക്കാരിനെതിരെ ഉമർ ഫൈസിയും ഇപ്പോഴത്തെ വഖഫ് ബോർഡും ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നൗഷാദലി ചൂണ്ടിക്കാട്ടി.
അതേസമയം, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പി.വി അൻവറിനെ ഒറ്റപ്പെടുത്താതെ ചേർത്തുനിർത്താൻ യുഡിഎഫിന് ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ അവസാന നാളുകളിൽ അൻവറിന്റെ ഇടപെടലുകൾ യുഡിഎഫിന് വലിയ രീതിയിൽ ഗുണകരമായിട്ടുണ്ട്. കോൺഗ്രസ് ചിഹ്നത്തിലോ കൈപ്പത്തിയിലോ അദ്ദേഹം മത്സരിച്ചിരുന്നെങ്കിൽ ഒരുപക്ഷേ വിജയിക്കുമായിരുന്നുവെന്ന വിലയിരുത്തലുകളിൽ കഴമ്പുണ്ടാകാം. കൂടെ നിന്ന് പൊരുതിയ ഒരാൾ തോൽക്കുമ്പോൾ കൈയൊഴിയുന്നതിന് പകരം ചേർത്തുനിർത്തുകയും സഹായിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് പുതിയ ജില്ലകൾ രൂപീകരിക്കാനുള്ള ചർച്ചകൾ സജീവമാകുമ്പോൾ, മലപ്പുറം ജില്ല വിഭജിക്കുകയാണെങ്കിൽ അതിൽ ആദ്യ പരിഗണന പൊന്നാനിക്ക് നൽകണമെന്ന് നൗഷാദലി ആവശ്യപ്പെട്ടു. ഒന്നര നൂറ്റാണ്ടുകാലം മദ്രാസ് പ്രൊവിൻസിൽ പ്രധാന താലൂക്ക് ആസ്ഥാനമായിരുന്ന പൈതൃകം പൊന്നാനിക്കുണ്ട്. നിലവിൽ ഒരു ലോക്‌സഭാ മണ്ഡലത്തിന്റെ ആസ്ഥാനം കൂടിയാണ്. പൊന്നാനിയുടെ ഈ ചരിത്രപരവും പാരമ്പര്യപരവുമായ പ്രാധാന്യം പരിഗണിക്കാതെ മറ്റേതെങ്കിലും പേരുകളിലേക്ക് ജില്ലാ രൂപീകരണം ഒതുങ്ങുന്നത് പ്രതിഷേധാർഹമാണെന്നും കെ.പി നൗഷാദലി വ്യക്തമാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
