കോട്ടയം: തിരുവോണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കവുമായി ഇന്ന് ഉത്രാടപ്പാച്ചിൽ. അതേസമയം, സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ലാ ഭരണകൂടങ്ങൾ സജ്ജമായിരിക്കണമെന്ന് മന്ത്രി എ.പി.അനിൽകുമാർ നിർദേശിച്ചു. ഓണക്കാലത്തെ തുടർച്ചയായ അവധിദിനങ്ങൾ കൂടി കണക്കിലെടുത്ത് താലൂക്ക്തല എമർജൻസി ഓപ്പറേഷൻ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുവെന്ന് കലക്ടർമാർ ഉറപ്പുവരുത്തണം. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാംപുകൾ ഉടൻ തുറക്കണം. ജില്ലാ ഭരണകൂടവും പൊലീസ് സംവിധാനവും റോഡ് സുരക്ഷാ സംവിധാനങ്ങളും ജാഗ്രത പുലർത്തണം. മഴയുടെ സാഹചര്യം വിലയിരുത്തി മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രയ്ക്ക് ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും നിർദേശമുണ്ട്. വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് സുരക്ഷാ മുന്നറിയിപ്പുകൾ കൃത്യമായി നൽകണം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
