ട്രെയിനിലെത്തി കൃത്യംനടത്തി തിരികെപോയി; ആൺസുഹൃത്തിന് വഴിപറഞ്ഞുകൊടുത്തത് 13-കാരി; വയോധികനോട് ശത്രുത

malayalampress
2 Min Read

ഹരിപ്പാട്: 13-കാരിയുടെ ക്വട്ടേഷനിൽ ബന്ധുവായ വയോധികനെ കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് ഹരിപ്പാട്ടുകാർ തിങ്കളാഴ്ച ഉണർന്നത്. 13-കാരിയും സുഹൃത്തുക്കളായ പ്രായപൂർത്തിയാകാത്ത കുട്ടികളും ആഡംബര ജീവിതം നയിക്കാനാണ് 67-കാരനായ ശിവൻകുട്ടിയെ കഴുത്തു മുറുക്കിക്കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. പെൺകുട്ടിക്ക് ശിവൻകുട്ടിയോടുള്ള മുൻവൈരാഗ്യവും കൊലയ്ക്ക് കാരണമായെന്ന് പോലീസ് പറയുന്നു.

കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ താമസിച്ചിരുന്ന ശിവൻകുട്ടി (65) യുടെ കൊലപാതകത്തിൽ ബന്ധുവായ 13-വയസുകാരിയടക്കം പ്രായപൂർത്തിയാകാത്ത നാലുപേരാണ് അറസ്റ്റിലായിരിക്കുന്നത്. കൊലപാതകത്തിനുശേഷം വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ അപഹരിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ഞായറാഴ്ച രാത്രിയിലായിരുന്നു കൊലപാതകം. തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്

പ്രസവത്തിനായി ശിവൻകുട്ടിയുടെ മകൾ ശ്രീകലയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഭാര്യ സരസ്വതിയും വണ്ടാനത്തായിരുന്നു. കൊച്ചുമകളെ സുഹൃത്തിന്റെ വീട്ടിൽ നിർത്തിയിട്ടാണ് മറ്റുള്ളവർ പോയത്. ശിവൻകുട്ടി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം രാവിലെ 9.15-ഓടെയാണ് ബന്ധുവായ 13-കാരി അയൽവാസികളുടെ അടുത്തെത്തി ശിവൻകുട്ടി വാതിൽ തുറക്കുന്നില്ലെന്നു പറയുന്നത്. തുടർന്ന് നാട്ടുകാരെത്തി നോക്കിയപ്പോഴാണ് ക്രൂരമായ നിലയിൽ കെട്ടിയിട്ട ശിവൻകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

വീട്ടിൽ വൈകിയെത്തുന്നതിനെയും അമിതമായി ഫോൺ ഉപയോഗിക്കുന്നതിനെയും ചൊല്ലി ശിവൻകുട്ടി ബന്ധുവായ പെൺകുട്ടിയെ നിരന്തരം വഴക്കുപറഞ്ഞിരുന്നതായി പെൺകുട്ടി പോലീസിനോട് സമ്മതിച്ചതായാണ് വിവരം. കൊല്ലത്ത് പഠിക്കുന്ന കാലത്ത് പരിചയപ്പെട്ട ആൺസുഹൃത്തിന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് പെൺകുട്ടി കൊലപാതകത്തിനുള്ള പദ്ധതി തയ്യാറാക്കിയത്. വീട്ടിലേക്കുള്ള വഴി കാണിച്ചുകൊടുത്തതും കൊലപാതകം ആസൂത്രണം ചെയ്തതും പെൺകുട്ടിയാണെന്നാണ് വിവരം.

വീട്ടിലേക്ക് എങ്ങനെ എളുപ്പത്തിൽ കയറാമെന്നും 13-കാരി ആൺകുട്ടികൾക്ക് പറഞ്ഞുകൊടുത്തിരുന്നു. കൃത്യം നടക്കുന്ന സമയത്ത് പെൺകുട്ടി മറ്റൊരു സുഹൃത്തിന്റെ വീട്ടിലായിരുന്നതിനാൽ ദൃശ്യങ്ങൾ മൊബൈൽ വഴി കാണിച്ചുകൊടുത്തതായും വിവരമുണ്ട്. വീട്ടിലെ മുറികളെല്ലാം അലങ്കോലപ്പെട്ടിരുന്നെങ്കിലും പെൺകുട്ടിയുടെ മുറിയിൽ മാത്രം അതിക്രമിച്ചുകയറിയതിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതും പോലീസിൽ സംശയത്തിനിടയാക്കി.

അതിവിദഗ്ധമായ ആസൂത്രണത്തിലൂടെയായിരുന്നു കൊലപാതകം. എന്നാൽ, ഒരു പ്രൊഫഷണൽ കൊലയാളിയുടെ രീതിയല്ല കൃത്യത്തിന് സ്വീകരിച്ചിരുന്നതെന്ന് തുടക്കത്തിൽ തന്നെ പോലീസ് കണ്ടെത്തിയിരുന്നു. വീട്ടിലുള്ള ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടെന്നും പോലീസ് സംശയിച്ചു. ഇത് ശരിവെക്കുംവിധത്തലുള്ള കാര്യങ്ങളാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെയോടെയാണ് പെൺകുട്ടി തങ്ങളുടെ വീട്ടിലെത്തിയതെന്ന് അയൽവാസി പറഞ്ഞു. ‘ശിവൻകുട്ടി വാതിൽ തുറക്കുന്നില്ലെന്നാണ് പെൺകുട്ടി പറഞ്ഞത്. പിന്നീട് 9.15-ഓടെയാണ് മരണവിവരം അറിഞ്ഞത്. ചെമ്മീൻ വളഞ്ഞുകിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. രണ്ടുകൈയും കൂട്ടിക്കെട്ടി അവ മുട്ടിനടിയിൽക്കൂടി കയറിട്ട് പിറകിൽക്കൂടി വരിഞ്ഞുമുറുക്കി കെട്ടിയിരിക്കുകയായിരുന്നു. വായിൽനിന്നും മൂക്കിൽനിന്നും രക്തം വന്ന നിലയിലായിരുന്നു. വസ്ത്രമൊന്നും ഉണ്ടായിരുന്നില്ല’, അയൽവാസി പറയുന്നു.

13-കാരിയുടെ മൊഴിയിയിലെ വൈരുദ്ധ്യങ്ങളാണ് പോലീസിനെ കൊലപാതകികളിലേക്ക് എത്തിച്ചത്. ശിവൻകുട്ടി കൊല്ലപ്പെട്ടുകിടക്കുമ്പോഴും ഭാവവ്യത്യാസമില്ലാതെ രാവിലെ ഓണപ്പരീക്ഷയ്ക്ക് പോകണമെന്ന വാശിയിലായിരുന്നു പെൺകുട്ടി. ഇത് എല്ലാവരിലും സംശയമുണർത്തി. സ്ഥലത്തുനിന്ന് മാറാൻ കുട്ടി ശ്രമം നടത്തുന്നുവെന്നും എന്തൊക്കെയോ മറച്ചുവെക്കുന്നുണ്ടെന്നും നാട്ടുകാരും സംശയിച്ചു. തുടർന്ന് പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.

പെൺകുട്ടിയുമായി വിശദമായി സംസാരിച്ച് വിവരങ്ങൾ ശേഖരിച്ചശേഷം നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് അന്വേഷണസംഘം എത്തിച്ചേർന്നത്. കൊല്ലം സ്വദേശികളായ പ്രതികൾ ട്രെയിനിൽ ഹരിപ്പാട്ട് എത്തി രാത്രിയിൽ കൊലപാതകം നടത്തി തിരിച്ചു പോകുകയായിരുന്നുവെന്നാണ് വിവരം.

അപഹരിച്ച സ്വർണം വിറ്റ് പെൺകുട്ടിക്ക് ഐ ഫോണും പ്രതികൾക്ക് ബൈക്കും വാങ്ങാനാണ് ലക്ഷ്യമിട്ടിരുന്നത്. കൊലപാതകത്തിന് ശേഷം വീട്ടിലെ മുറികളിലെല്ലാം മുളകുപൊടി വിതറിയിരുന്നു. വീടിന്റെ അടുക്കളയിൽനിന്ന് തന്നെയാണ് പ്രതികൾ മുളക് പൊടി എടുത്തിരിക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article